- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളവു തിരിഞ്ഞ ഉടനെയാണ് പാലത്തില്‍ ആളുകളെ കണ്ടത്; എമര്‍ജന്‍സി ഹോണും മുഴക്കിയെന്ന് ലോക്കോപൈലറ്റ്; ഓടി മാറാന്‍ പോലും സ്ഥലം ഇല്ലായിരുന്നുവെന്ന് ദൃക്സാക്ഷി; ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും
റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഷൊര്‍ണൂരില്‍ ശനിയാഴ്ച വൈകുന്നേരം ട്രെയിന്‍ തട്ടി രണ്ട് സ്ത്രീ തൊഴിലാളികളടക്കം നാല് തമിഴ്നാട് സ്വദേശികളുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കേരള എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ്. വളവു തിരിഞ്ഞ ഉടനെയാണ് റെയില്‍വേ പാലത്തില്‍ ആളുകളെ കണ്ടത്. വളരെ അപ്രതീക്ഷിതമായിരുന്നു. പലതവണ ഹോണ്‍ അടിച്ചു. എമര്‍ജന്‍സി ഹോണും മുഴക്കി. പക്ഷേ, അവര്‍ വളരെ അടുത്തായിരുന്നു. അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.
ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍വെച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് ഇടിച്ചായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു സംഭവം. റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം നീക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന തമിഴ്‌നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരായിരുന്നു മരിച്ചത്. സംഭവത്തില്‍ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ട്രെയിന്‍വരുന്നത് കണ്ട് പാലത്തിലുണ്ടായിരുന്നവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ലെന്നാണ് പ്രാഥമികവിവരം. മൂന്നുപേരെ ട്രെയിന്‍ ഇടിച്ചിടുകയും മറ്റൊരാള്‍ പുഴയിലേക്ക് വീഴുകയുമായിരുന്നു. ശുചീകരണ തൊഴിലാളികള്‍ മരിക്കാനിടയായത് പാലത്തില്‍ നിന്നും മാറാന്‍ സൌകര്യമില്ലാത്തിനാലെന്ന് ദൃക്‌സാക്ഷിയായ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മനോജ് പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രി നാളെ ഷൊര്‍ണൂര്‍ വഴി കടന്നു പോകുന്നുണ്ട്. അതുകൊണ്ടാണ് തിരക്കിട്ട് ട്രാക്ക് വൃത്തിയാക്കിയിരുന്നത്. പ്രദേശത്ത് കുറേ മാലിന്യങ്ങളുണ്ടായിരുന്നു. അത് ചാക്കിലാക്കി കൊണ്ടുപോകുമ്പാഴാണ് ദാരുണമായ അപകടം സംഭവിച്ചതെന്ന് മനോജ് പറഞ്ഞു.
സ്ഥിരം തൊഴിലാളികളല്ല അപകടത്തില്‍പ്പെട്ടത്. 10 പേരെ ശുചീകരണത്തിനായി താല്‍ക്കാലികമായി കൊണ്ടുവന്നതാണെന്നാണ് അറിഞ്ഞത്. അവര്‍ പാലത്തിന് അപ്പുറത്ത് നിന്നും മാലിന്യ ചാക്കുമായി നടന്ന് പോകുമ്പോഴാണ് ട്രെയിന്‍ എത്തിയത്. അവര്‍ക്ക് മാറി നില്‍ക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ട്രെയിന്‍ വരുന്നത് കണ്ട് 6 പേര്‍ ഓടിമാറി. എന്നാല്‍ 4 പേര്‍ക്ക് രക്ഷപ്പെടാനായില്ലെന്ന് മനോജ് പറഞ്ഞു.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കഴിഞ്ഞുള്ള കൊച്ചിന്‍ പാലത്തില്‍ വെച്ച് ഇന്ന് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. ഭാരതപ്പുഴക്ക് കുറുകെ ഷൊര്‍ണൂരിലെ ചെറുതുരുത്തിയിലാണ് കൊച്ചിന്‍ പാലമുള്ളത്. പാലത്തിലെ ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ശുചീകരണ തൊഴിലാളികളെ കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയത്.
മാലിന്യം നീക്കം ചെയ്യുന്നതിന് റെയില്‍വെ പുറം കരാര്‍ നല്‍കിയ സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് വില്ലുപുരം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി (45) എന്നിവരാണ് മരിച്ചത്. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണനെയാണ് പുഴയില്‍ കാണാതായത്. മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാരാണ്.
മരിച്ച മൂന്നുപേരുടെയും മൃതദേഹം ട്രാക്കില്‍ നിന്നായി കണ്ടെത്തിയിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ വീണ ഒരു പുരുഷന്റെ മൃതദേഹമാണ് കിട്ടാനുള്ളത്. കാണാതായ നാലാമത്തെയാളെ കണ്ടെത്താന്‍ നാളെ പുലര്‍ച്ചെ വീണ്ടും തെരച്ചില്‍ ആരംഭിക്കും. ഇന്ന് വൈകിട്ട് ആറുവരെ തെരച്ചില്‍ നടത്തി. പുഴയില്‍ അടിയൊഴുക്ക് ശക്തമായതോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. നാളെ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമും സ്ഥലത്തെത്തി തെരച്ചില്‍ നടത്തും.
മരിച്ച റാണിയും വല്ലിയുംയും സഹോദരിമാരാണ്. അഞ്ചുവര്‍ഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം. അപകട കാരണത്തെ പറ്റി റെയില്‍വേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വെ പൊലീസ് അറിയിച്ചു.