കോട്ടയം: ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശ്യാംപ്രസാദിന്റെ വിയോഗം ഉദ്യോഗസ്ഥര്‍ക്ക് നൊമ്പരമായി മാറി. ശാന്ത സ്വഭാവക്കാരനായ ശ്യാമിനെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍. ശ്യാംപ്രസാദിന്റെ സ്വഭാവത്തില്‍ ഒട്ടേറെ സവിശേഷതകള്‍ ഉണ്ടായിരുന്നുവെന്നു സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. തികച്ചും ശാന്തനായിരുന്നു. സ്റ്റേഷനിലെ സഹപ്രവര്‍കരോടു ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്നു.

ശ്യാംപ്രസാദിന്റെ ഉറ്റസുഹൃത്ത് അടുത്തകാലത്തു മരിച്ചിരുന്നു. സുഹൃത്തിന്റെ വേര്‍പാട് ശ്യാമിനു വലിയ ആഘാതമായി. അന്ന് കോട്ടയം വെസ്റ്റ് എസ് എച്ച് ഒ പ്രശാന്ത് കുമാറാണു അപ്പോള്‍ ശ്യാമിനെ ആശ്വസിപ്പിച്ചത്. നമ്മളില്‍ ആരാണ് സാര്‍ ആദ്യം മരിക്കുകയെന്നു ശ്യാംപ്രസാദ് അപ്പോഴാണു പ്രശാന്ത് കുമാറിനോടു ചോദിച്ചത്. ഞാന്‍ മരിച്ചാല്‍ സാറിന് വാട്‌സാപ്പില്‍ ഹായ് അയയ്ക്കുമെന്നും മറുപടി തരണമെന്നും ശ്യാം പറഞ്ഞപ്പോള്‍ മരണം ദൈവമാണു തീരുമാനിക്കുന്നതെന്നും ആരാണ് ആദ്യം മരിക്കുകയെന്നു പറയാന്‍ പറ്റില്ലെന്നും പ്രശാന്ത് കുമാര്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.

നാളെ ഡ്യൂട്ടിയിലുണ്ടാവില്ലെന്നും പകരം മറ്റൊരാളാണു എത്തുകയെന്നും പറഞ്ഞാണു ശ്യാം യാത്ര പറഞ്ഞത്. പ്രശാന്ത് കുമാറും ശ്യാംപ്രസാദും ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കായി ഇല്ലിക്കലില്‍ എത്തിയിരുന്നു. ഇല്ലിക്കല്‍ മൈതാനം കണ്ടപ്പോള്‍ തനിക്കിവിടം മറക്കാനാവില്ലെന്നും കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറായി ജോലി ലഭിക്കാനുള്ള ടെസ്റ്റ് ഇവിടെയാണു നടന്നതെന്നും പറഞ്ഞു. ശ്യാം നേരത്തെ കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്നു.

പിന്നീടാണ് പൊലീസ് ഡ്രൈവറായി ജോലി ലഭിച്ചത്. ജോലിയുടെ ഇടവേളകളില്‍ പൊലീസ് വാഹനത്തില്‍ ഇരുവരും ഒരുമിച്ചിരുന്നു പാട്ടുകള്‍ പാടുമായിരുന്നുവെന്നും പ്രശാന്ത് ഓര്‍ക്കുന്നു. എല്ലാവരോടും സൗഹൃദമായി പെരുമാറുന്ന ആളായിരുന്നു ശ്യാം. മൂന്ന് ജോടി യൂണിഫോമാണു ശ്യാം പ്രസാദിന് ഉണ്ടായിരുന്നത്. തുന്നിക്കൊടുത്തത് സമീപത്തെ തയ്യല്‍ക്കാരനായ അറക്കമറ്റം ഹരിഹരനാണ്. അവസാനം തയ്ക്കാന്‍ നല്‍കിയ യൂണിഫോമിന്റെ അളവുകളുടെ കുറിപ്പ് ഹരിഹരന്റെ റജിസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സ്റ്റേഷനു മുന്നില്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്തും പൊലീസ് ക്ലബ്ബിലും ഔദ്യോഗിക ബഹുമതികളോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണു വെസ്റ്റ് സ്റ്റേഷനിലേക്കു മൃതദേഹം എത്തിച്ചത്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ ആദരം നല്‍കി. സഹപ്രവര്‍ത്തകരായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരും അന്തിമോപചാരം അര്‍പ്പിച്ചു.

ശ്യാമിന്റെ മുഖത്തേക്കു ഒന്നു നോക്കാന്‍ പോലും കഴിയാതെ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സങ്കടക്കാഴ്ചയായി. പൊലീസ് ക്ലബ്ബിലും ജില്ലാ പൊലീസ് ആസ്ഥാനത്തും മന്ത്രിമാരായ വി.എന്‍.വാസവനും റോഷി അഗസ്റ്റിനും ആദരം അര്‍പ്പിച്ചു. തൊള്ളകത്തെ തട്ടുകടയില്‍ ശ്യാംപ്രസാദ് എത്തിയത് കുടമാളൂരിലെ ഡ്യൂട്ടിക്കു ശേഷമായിരുന്നു. കുടമാളൂരില്‍ ഗാനമേള നടക്കുന്ന സ്ഥലത്തിനു സമീപം വടിവാളുമായി ഒരു സംഘം നില്‍ക്കുന്നതായി ജില്ലാ പൊലീസിനു ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. വിവരം ലഭിച്ച ഭാഗത്തേക്ക് എസ്എച്ച്ഒ പ്രശാന്ത്കുമാറും ശ്യാംപ്രസാദും നീങ്ങി. സ്ഥലത്തു നിന്ന രണ്ടു സംഘങ്ങളെ പൊലീസ് വിരട്ടിയോടിച്ചു.

പൊലീസ് വാഹനത്തിനു നേരെ അതിലൊരു സംഘം കല്ലെറിഞ്ഞു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ കൈമുട്ടിലാണു കല്ല് വീണത്. ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചശേഷമാണു വെസ്റ്റ് പൊലീസ് സംഘം തിരികെ സ്റ്റേഷനില്‍ എത്തിയത്. ഡ്യൂട്ടി കഴിഞ്ഞു പ്രശാന്ത്കുമാറിനെ വീട്ടില്‍ എത്തിച്ച ശേഷം റെസ്റ്റ് റൂമിലെത്തി യൂണിഫോം മാറ്റിയാണു ശ്യാം വീട്ടിലേക്കു മടങ്ങിയത്.