തൊടുപുഴ: ഏറ്റുമാനൂരില്‍ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കൊലക്കേസെടുക്കണമെന്ന് അയല്‍ക്കാര്‍. ഷൈനിയെ പീഡിപ്പിച്ചത് ഭര്‍ത്താവ് നോബിയും ബന്ധുവായ പള്ളീലച്ചനുമാണെന്ന് അയല്‍ക്കാര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

ഏറ്റുമാനൂര്‍ സ്വദേശി ഷൈനി, മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഈ സംഭവം സൈബറിടത്തിലും ക്നാനായ സമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇവരെ മരണത്തിലേക്ക് തള്ളിവിട്ടതില്‍ ഭര്‍ത്താവ് നോബി ലൂക്കോസിനുള്ള പങ്കു പോലെ ഒരു കത്തോലിക്കാ വൈദികനും ബന്ധമുണ്ടെന്ന വിധത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. ഇക്കാര്യമാണ് നാട്ടുകാരും ശരി വയ്ക്കുന്നത്.


ഇടയ്ക്കിടെ കുട്ടികളുടെ നിലവിളികള്‍

ഷൈനി അതിക്രൂരമായ പീഡനത്തിന് ഇരയായതായി അയല്‍വാസികള്‍ മറുനാടനോട് പറഞ്ഞു. ബിഎസ് സി നഴ്‌സായ ഷൈനിയെ കെട്ടിക്കൊണ്ടുവന്നത് വീട്ടുജോലിക്കായാണ് എന്ന് തോന്നിക്കും വിധമാണ് പണിയെടുപ്പിച്ചത്. 9 വര്‍ഷമായിട്ട് വീട്ടില്‍ തന്നെ പിടിച്ചിരുത്തുകയായിരുന്നു. ഷൈനിയെ ദ്രോഹിക്കാന്‍ കൂട്ടുനിന്നത് പളളീലച്ചനായ ബോബിയും ഭര്‍തൃവീട്ടുകാരുമാണ്.

ഇപ്പോള്‍ ഓസ്ട്രേലിയയില്‍ വൈദികവൃത്തി ചെയ്യുന്ന ഫാദര്‍. ബോബി ചിറയിലാണ് ഈ വിവാദ വ്യക്തിത്വം. ഏതാനും ദിവസങ്ങളായി ഈ വൈദികനെ ചുറ്റിപ്പറ്റി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ പരാതിപ്രവാഹമാണ് എന്നതാണ് പുറത്തുവരുന്ന വിവരം. മൂന്ന് പേരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ വൈദികന് പങ്കുണ്ടെന്ന് ആരോപിച്ചു ഓസ്ട്രേലിയയിലെ ഇടവകയിലേക്ക് ഇമെയിലുകള്‍ പ്രവഹിക്കുകയാണ്.





ഓസ്ട്രേലിയയിലെ ബ്രോക്കണ്‍ ബേ എന്ന ഇടവകയിലെ വികാരിയാണ് ഫാദര്‍ ബോബി. ഭര്‍തൃവീട്ടില്‍ നിന്നും ഷൈനി നേരിട്ട പീഡനങ്ങളുടെ പ്രധാന വില്ലനെന്നാണ് ആരോപണം. ഭര്‍ത്താവ് ഷിപ്പിലെ ജീവനക്കാരനായിരുന്നു. നല്ലവണ്ണം മദ്യപിക്കുന്ന വ്യക്തിയുമായിരുന്നു ഇദ്ദേഹം. ഇയാള്‍ ഷൈനിയെ ഉപദ്രവിക്കുന്നത് അടക്കം പതിവായിരുന്നു. എന്നാല്‍, ഇത് തടയാന്‍ ശ്രമിക്കാതെ ഷൈനിയുടെ ഭാഗത്ത് കുറ്റങ്ങള്‍ കണ്ടത്തുകയായിരുന്നു ഫാദര്‍ ബോബിയെന്നാണ് അയല്‍വാസികള്‍ അടക്കം ആരോപിക്കുന്നത്.



ഷൈനി ജോലിക്കായി പല സ്ഥാപനങ്ങളിലും ജോലി തേടിയെങ്കിലും അതെല്ലാം ഈ വൈദികന്‍ ഇടപെട്ട് മുടക്കുകയായിരുന്നു. നിരന്തരം പ്രശ്നക്കാരിയാണെന്ന് ആരോപിച്ചു കൊണ്ടാണ് വൈദികന്‍ ജോലി മുടക്കിയത്. ഇത് നിരന്തരം ആവര്‍ത്തിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അടുത്തൊരു പാലീയേറ്റീവ് സെന്ററില്‍ ജോലിക്ക് പോയപ്പോള്‍ പോലും അതിനും ഉടക്കു വെച്ചത് ഫാദര്‍ ജോസായിരുന്നു. വീട്ടിലെ ജോലിയെല്ലാം ചെയ്തിരുന്നതും ഷൈനിയായിരുന്നു. എന്നിട്ടും നന്ദിയില്ലാതെ പെരുമാറുകയായിരുന്നു ഈ കുടുംബം. വൈരാഗ്യ ബുദ്ധിയോടെയായിരുന്നു പെരുമാറ്റങ്ങള്‍.

ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസെടുക്കണം

ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസെടുക്കണമെന്നാണ് അയല്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഷൈനി അയല്‍ക്കൂട്ടത്തില്‍ നിന്ന് വാങ്ങിയ 3 ലക്ഷം രൂപ ഭര്‍ത്താവ് നോബിയുടെ വീട്ടില്‍ തന്നെയാണ് ചെലവാക്കിയത്. ഷൈനിയുടെ വീട്ടിലേക്കല്ല. ഷൈനി തന്നെ കടം വീട്ടണമെന്ന് പറയുന്നത് എന്തുലോജിക്കാണെന്നും അയല്‍ക്കാര്‍ ചോദിച്ചു.




ലക്ഷങ്ങള്‍ ശമ്പളമുളള ഭര്‍ത്താവാണ് നോബി. പട്ടിയെ പോലെ പണിയെടുത്ത പെണ്ണാണ് ഷൈനി. ഒട്ടും സഹിക്കാന്‍ വയ്യാതെയാണ് അവള്‍ കടുംകൈ കാട്ടിയത്. ഈ ക്രൂര പീഡനങ്ങളെ കുറിച്ചെല്ലാം നാട്ടുകാര്‍ അറിയുന്നത് ഷൈനി സ്വന്തം വീട്ടില്‍ പോയ ശേഷമാണ്. ആരോടും ഷൈനി ഒന്നും പങ്കുവച്ചിരുന്നില്ല. ഇടയ്ക്കിടെ വീട്ടില്‍ നിന്ന് കുട്ടികളുടെ നിലവിളി ശബ്ദം കേള്‍ക്കാം. എന്തുകൊണ്ടാണ് വീട്ടിലോട്ട് പോയതെന്ന് പിന്നീട് ഷൈനിയോട് ചോദിച്ചപ്പോഴാണ് പീഡനവിവരം അയല്‍വാസികളോട് വെളിപ്പെടുത്തിയത്. അപ്പോഴാണ് കുട്ടികളുടെ നിലവിളിയുടെ കാരണം മനസ്സിലായത്. എങ്കിലും ഷൈനി ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ല. വിവരങ്ങള്‍ എല്ലാം അറിഞ്ഞ സ്ഥിതിക്ക് നോബിയുടെ വീട്ടിലേക്ക് ഷൈനിയുടെ ഭൗതിക ശരീരം കാണാന്‍ പോയില്ലെന്നും പള്ളിയില്‍ പോയാണ് കണ്ടതെന്നും അയല്‍ക്കാര്‍ പറഞ്ഞു.



വിശദമായ അന്വഷണത്തിന് നിര്‍ദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.20ന് കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.