കൊച്ചി: വേങ്ങരയില്‍ ഒരു കോടി രൂപ കള്ളപ്പണം പിടി കൂടിയ സംഭവം പരിശോധിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. കേന്ദ്ര ഏജന്‍സികള്‍ വേങ്ങരയില്‍ വിവര ശേഖരണം തുടങ്ങി. വേങ്ങരയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒരു കോടി രൂപ പൊലീസ് പിടിച്ചെടുത്ത സംഭവം ഏറെ ചര്‍ച്ചയായിരുന്നു. കൊച്ചിയില്‍ യു എ പി എ കേസ് പ്രതി റിജാസിനെ മോചിപ്പിക്കണം എന്ന ആവശ്യമുന്നയിച്ചുള്ള യോഗം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍.

ഈ യോഗം സംഘടിപ്പിക്കാന്‍ ഇത്തരത്തില്‍ കളപ്പണം എത്തിയിരുന്നോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്നാണ് ഉയരുന്ന ആവശ്യം.

കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറാണ് വേങ്ങരയില്‍ പണച്ചാക്ക് സഹിതം പിടിയിലായത്. സ്‌കൂട്ടറിനു മുന്നില്‍ ചാക്കില്‍ കെട്ടി വച്ചാണു 500, 200 രൂപ നോട്ടുകെട്ടുകള്‍ കൊണ്ടു വന്നത്. സെപ്തംബര്‍ മൂന്നിനാണ് ഇയാള്‍ പിടിയിലായത്. വേങ്ങരയിലും പരിസരത്തും വിതരണം ചെയ്യാനുള്ള പണം എന്നാണ് അയാള്‍ പൊലീസിനോടു പറഞ്ഞത്. പക്ഷേ അന്ന് തുടരന്വേഷണം നടന്നില്ല. ഇതിന് അടുത്ത് താമസിക്കുന്ന മറ്റൊരു യുഎപിഎ കേസ് പ്രതിയുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പോലീസിനും കണ്ടെത്താനുമായില്ല.

മുനീര്‍ പിടിയിലായ അന്ന് തന്നെ ഗൂഡാലോചനയിലെ അന്വേഷണ ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷേ ആരും അത് ഗൗരവത്തില്‍ എടുത്തില്ല. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്. കൊച്ചിയിലെ യോഗത്തില്‍ സിദ്ദിഖ് കാപ്പന്‍ എത്തിയതോടെയാണ് വിവാദത്തിന് പുതി മാനം വരുന്നത്. ഈ വിവാദത്തില്‍ എല്ലാ അര്‍ത്ഥത്തിലും സിദ്ദിഖ് കാപ്പനെ പ്രതിരോധത്തിലാക്കുന്ന ചില പരമാര്‍ശങ്ങള്‍ മുന്‍ ഡിജി കൂടിയായ ടിപി സെന്‍കുമാര്‍ നടത്തിയിരുന്നു.


'തീവ്രവാദിയെ ''തീവ്രവാദി ' എന്നല്ലാതെ ''മെഗാസ്റ്റാര്‍ ചിരഞ്ജീവി ' എന്ന് വിളിക്കാന്‍ പറ്റുമോ ??? കാപ്പന്റെ കോപ്പല്ല എന്റെ കോമണ്‍സെന്‍സ്.ഏതു വ്യാജ വേഷം കെട്ടിയാലും ഭാരതത്തെ പലരീതിയില്‍ തകര്‍ക്കാന്‍ നടക്കുന്ന ഏവനും ഭീകരവാദി തന്നെ. ഏതിന്റെ പത്രപ്രവര്‍ത്തകനാണാവോ?' സെന്‍ കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കാപ്പനെ പരിഹസിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകരരുമായി ചാറ്റ് ചെയ്തു വിവരങ്ങള്‍ കൈമാറിയതിനു മഹാരാഷ്ട്ര എ.ടി.എസ് യു എ പി എ ചുമത്തി ജയിലില്‍ അടച്ച റിജാസിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സിദ്ദിഖ് കാപ്പന്റെ നേതൃത്വത്തില്‍ ഇന്നലെ കൊച്ചിയില്‍ പ്രതിഷേധ യോഗം നടത്തിയത്. ഇതിനെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്.

യു എ പി എ കേസ് പ്രതി സിദ്ദിഖ് കാപ്പന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചാണ് പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നതെന്നു സെന്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സെന്‍കുമാറിന്റെ പരാമര്‍ശം നിലവാരം ഇല്ലാത്തതാണെന്നും കാപ്പന്‍ ഒരു ചാനലിനോടു പറഞ്ഞിരുന്നു. സെന്‍കുമാറിന്റെ കോമണ്‍സെന്‍സ് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കാപ്പന്‍ തിരിച്ചടിച്ചു. ഇതിനുള്ള മറുപടിയിലാണ് കൂടുതല്‍ കടന്നാക്രമണം സെന്‍കുമാര്‍ നടത്തിയത്.

അതിനിടെ കൊച്ചിയില്‍ അനുമതി ഇല്ലാതെ പ്രതിഷേധ യോഗം സംഘടിപ്പിച്ചതിനു സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍ പാക് അധിനിവേശ കശ്മീരിലെ തീവ്രവാദികളുമായി സമൂഹ മാധ്യമത്തിലൂടെ ചാറ്റ് ചെയ്യുകയും ഓപ്പറേഷന്‍ സിന്ദൂരിനെതിരെ പ്രചരണം നടത്തുകയും ചെയ്തതിനു യു എ പി എ പ്രതിയായി നാഗ്പുര്‍ ജയിലില്‍ കഴിയുന്ന റിജാസിന്റെ മോചനം ആവശ്യപ്പെട്ടാണ് കാപ്പന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തിയത്. സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം സംഭവസ്ഥലത്ത് എത്തിയ പൊലീസ് യോഗം തടഞ്ഞു. അതിന് മുമ്പ് തന്നെ അറസ്റ്റു ഭയന്നു കാപ്പനും നേതാക്കളും മുങ്ങിയിരുന്നു.

പൊലീസുകാര്‍ യോഗസ്ഥലം വളഞ്ഞപ്പോള്‍ കാപ്പനും നേതാക്കളും മുങ്ങിയത് അണികളെ വെട്ടിലാക്കി. അണികള്‍ പൊലീസിന് എതിരെ മുദ്രാവാക്യം മുഴക്കി. പോലീസ് ഇവരെ ബലപ്രയോഗത്തിലൂടെ അവിടെ നിന്നും പുറത്താക്കുകയും ചെയ്തു.

കാപ്പനെതിരെ ജന്മഭൂമി കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത ചുവടെ

ഹത്രാസ് യു എ പി എ കേസ് പ്രതി സിദ്ദിഖ് കാപ്പന്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു തീവ്രവാദ പ്രവര്‍ത്തനം പുനരാരംഭിക്കുന്നുവെന്ന വിമര്‍ശനം ജന്മഭൂമി പത്രവും ഉയര്‍ത്തിയിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയില്‍ മാത്രമാണ് സുപ്രീം കോടതി ഇളവു നല്‍കിയിട്ടുള്ളത്. തീവ്രവാദ പ്രവര്‍ത്തകരുമായി ഇടപെടല്‍ പാടില്ലെന്ന കര്‍ശനമായ ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് യു എപി എ കേസില്‍ നാഗ്പൂര്‍ ജയിലിലുള്ള റിജാസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന പൊതുയോഗത്തിനു ു കൊച്ചി വഞ്ചി സ്‌ക്വയറില്‍ കാപ്പന്‍ നേതൃത്വം നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ് ഡി പി ഐ നേതാവ് വി.എം. ഫൈസലും കാപ്പനൊപ്പം സംഘാടകനായുണ്ട്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ മറ്റു സംഘടനകളുടെ ലേബലില്‍ പ്രവര്‍ത്തിച്ചാലും PFI നിരോധന ഉത്തരവു പ്രകാരം അറസ്റ്റു ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഹത്രാസിലെ പി എഫ് ഐ കേസില്‍ രണ്ടര വര്‍ഷത്തോളം ജയിലില്‍ കിടന്ന സിദ്ദിഖ് കാപ്പന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന ലേബല്‍ ദുരുപയോഗിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ശ്രമം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഈറ്റില്ലമായ ദല്‍ഹി ഷഹീന്‍ ബാഗിലെ 'മുസ്ലിം മിറര്‍ ' ന്യൂസ് പോര്‍ട്ടലിലാണ് കാപ്പന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. പി എഫ് ഐ ആശയ പ്രചരണമാണ് മുസ്ലിം മീററിന്റെ അജന്‍ഡ. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട NCHRO ദേശീയ കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച കാലത്തെ പരിപാടികള്‍ കാപ്പന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ തുടരുന്നുണ്ട്.

യു എ പി എ കേസുകളില്‍ ജയിലില്‍ കഴിയുന്ന PFl, മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് നിയമ സഹായവും മാധ്യമ സഹായവും എത്തിക്കാനാണ് കാപ്പന്റെ ശ്രമം. അതിന്റെ ഭാഗമായാണ് റിജാസിനു വേണ്ടിയുള്ള പ്രചരണ പരിപാടി കാപ്പന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നതെന്നു ജന്മഭൂമി വാര്‍ത്തയിലുണ്ടായിരുന്നു.