ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവില്‍ ഔദ്യോഗിക പ്രതികരണത്തിനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ക്രൈംബ്രാഞ്ച് എസ്.പി. മെറിന്‍ ജോസഫ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ മെറിന്‍ ജോസഫും സുപ്രീംകോടതിയിലെത്തിയിരുന്നു.

കോടതിയില്‍നിന്ന് മടങ്ങുന്നതിനിടെ എസ്.പി.യോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും പ്രതികരണത്തിനില്ലെന്നായിരുന്നു അവരുടെ മറുപടി. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച കോടതി അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഉത്തരവിടുകയായിരുന്നു. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെയാണ് നടന്റെ അറസ്റ്റ് തടഞ്ഞത്. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി സിദ്ദിഖിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ബന്ധിതനായേക്കും.

പടച്ചവന്‍ പ്രാര്‍ഥന കേട്ടെന്നായിരുന്നു സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് പറഞ്ഞത്. എന്നാല്‍ കോടതി തീരുമാനം വലിയ ആശ്വാസം നല്‍കുന്നതല്ലെന്നും ഷഹീന്‍ മാധ്യമങ്ങളോട് പറഞ്ഞു. വക്കീലുമായി സംസാരിച്ചിട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയും. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാനാകില്ല. പ്രതികരിക്കാന്‍ പരിമിതകളുണ്ടെന്നും ഷഹീന്‍ പറഞ്ഞു.

നടിയുടെ പീഡന പരാതിയില്‍ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി തടഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു. 8 വര്‍ഷത്തിനുശേഷമാണ് നടി സിദ്ദിഖിനെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്നു സിദ്ദിഖിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സമൂഹമാധ്യമത്തിലൂടെ ഇക്കാലയളവില്‍ നടി നിരന്തരം സിദ്ദിഖിനെതിരെ പരാതി പറഞ്ഞിരുന്നതായി നടിയുടെ അഭിഭാഷക വ്യക്തമാക്കി. നടി പരാതി പറഞ്ഞിട്ടും കേരള സര്‍ക്കാര്‍ 8 വര്‍ഷക്കാലം എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. നടി പരാതി നല്‍കാന്‍ താമസമുണ്ടായതിനെക്കുറിച്ചും ആരാഞ്ഞു.

സിനിമാ മേഖലയില്‍ പീഡനവുമായി ബന്ധപ്പെട്ട് 29 കേസുകളുണ്ടെന്നു കേരള സര്‍ക്കാരിന്റെ അഭിഭാഷക ഐശ്വര്യ ഭാട്ടിയ പറഞ്ഞു. തന്റെ കക്ഷിക്കെതിരെ ഇതുവരെ കേസില്ലെന്നും സിനിമാ മേഖലയില്‍ ഉയര്‍ന്ന ആരോപണങ്ങളിലാണ് 29 കേസ് റജിസ്റ്റര്‍ ചെയ്തതെന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സിനിമാ മേഖലയെ നിയന്ത്രിക്കുന്ന ആളായതിനാല്‍ പരാതി നല്‍കാന്‍ പ്രയാസമായിരുന്നു എന്നാണ് നടിയുടെ അഭിഭാഷക പറഞ്ഞത്.

പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്‌നങ്ങളാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ലൈംഗിക പീഡനപരാതിയില്‍ തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചത് എന്നാണ് വിവരം.

സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.