തൃശൂര്‍: ജീവന്‍ പോലും ത്യജിച്ച് തെരുവില്‍ വീണ പൂച്ചയെ രക്ഷിച്ച സിജോ തിമോത്തി ഇന്ന് ഈ ലോകത്ത് ഇല്ല. പക്ഷേ, അവന്‍ പടര്‍ത്തുയര്‍ത്തിയ ഒരു സ്‌നേഹലോകം ഇപ്പോഴും ജീവിതത്തിലേക്ക് കടന്ന് വരികയാണ്. സിജോയുടെ കരുണ കൊണ്ട് വീണ്ടും ജീവതത്തിലേക്ക് എത്തിയ എട്ട് നായ്ക്കള്‍. സിജോയുടെ മരണ ശേഷം ആരും നോക്കാന്‍ ഇല്ലാതെ കഷ്ടപ്പെടുമെന്നായിരുന്നു. എന്നാല്‍ അവര്‍ക്ക് വീണ്ടും സഹായമായി എത്തിയിരിക്കുകയാണ് ഒരു സന്നദ്ധ സംഘടന. പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ സര്‍വീസ് എന്ന സ്‌നേഹസംഘമാണ് അത്.

ചിറ്റിലപ്പിള്ളിയിലെ കാളത്തോട് സിജോയുടെ വാടകവീട്ടിന്റെ ടെറസിലാണ് ഈ എട്ട് നായിക്കള്‍ കടന്നിരുന്നത്. സിജോയുടെ മരണശേഷം അവയുടെ കണ്ണുകളില്‍ ഭീതിയും നിരാശയും നിറഞ്ഞിരുന്നു. അവന്‍ മാത്രമായിരുന്നു അവരുടെ ലോകം. നേരത്തേ പരുക്കേറ്റ നായ്ക്കളെയും പൂച്ചകളെയും സ്വന്തം പണത്തില്‍ ചികിത്സിച്ചിരുന്ന സിജോയുടെ സ്നേഹത്തോട് പിന്‍വാങ്ങാനായില്ല പോസ് പ്രവര്‍ത്തകര്‍ക്ക്. പ്രീതി ശ്രീവത്സന്‍, കണ്ണന്‍ അഞ്ചേരി, മനു ജോയ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് പോസ് സംഘം അവിടേക്ക് എത്തിയത്. ഷെല്‍ട്ടര്‍ തയാറാകും വരെയുള്ള പരിപാലനവും ഭക്ഷണം നല്‍കലും പോസ് ഏറ്റെടുത്തതായി അവര്‍ പറഞ്ഞു. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുകയും, അവയുടെ ഷെല്‍റ്റര്‍ വൃത്തിയാക്കുകയും ചെയ്തു.

തൊലിപ്പുറത്തില്‍ പ്രശ്‌നം ഉള്ള നായയ്ക്ക് അടിയന്തര ചികില്‍സയും ലഭിക്കും. വൈദ്യുതി ഇല്ലാത്തത് അതൊരു വെല്ലുവിളിയാകുന്നു എങ്കിലും, ശ്വാസം നിലനിര്‍ത്തേണ്ടത് സ്‌നേഹമാണ്, എന്ന് ടീം വ്യക്തമാക്കി. ഷെല്‍ട്ടര്‍ ഒരുക്കുന്നതുവരെ പോസ് ഈ നായ്ക്കളുടെ സംരക്ഷണവും ഭക്ഷണവും ഏറ്റെടുക്കും. ചെറുപ്പം മുതല്‍ പലയിടത്തു നിന്നുമായി സിജോ കൊണ്ടുവന്നതാണ് ഈ നായ്ക്കളെ. ഇതില്‍ ഒരെണ്ണത്തിന് തൊലിപ്പുറത്ത് ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ വൈദ്യുതി ഇല്ലാത്തത് പരിപാലനത്തെ ബാധിക്കുമെന്ന് പ്രീതി പറഞ്ഞു. ആരെങ്കിലും നായ്ക്കളെ ദത്തെടുക്കാന്‍ മുന്നോട്ടുവന്നാല്‍ അവര്‍ക്ക് കൈമാറാനും പോസ് തയാറാണ്. ഫോണ്‍: 8592050809.

കഴിഞ്ഞ ദിവസമാണ് ലോറി ഇടിച്ച് സിജോ മരിക്കുന്നത്. തൃശൂര്‍ മണ്ണൂത്തിയില്‍ വച്ചായിരുന്നു അപകടം. പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ, നടുറോഡില്‍ പൂച്ച കിടക്കുന്നത് കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി പൂച്ചയ്ക്കടുത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിച്ചു.

മാതാപിതാക്കളുടെ മരണശേഷം കാളത്തോടുള്ള വീട്ടില്‍ ഏറെക്കുറെ ഒറ്റയ്ക്കാണ് സിജോ കഴിഞ്ഞിരുന്നത്. അന്ന് മുതല്‍ സിജോയിക്ക് കൂട്ടായി അവന്‍ രക്ഷിച്ച് എടുത്ത ഈ എട്ട് നായിക്കളായിരുന്നു കൂട്ട്. വീട്ടില്‍നിന്നു വെറും 100 മീറ്റര്‍ മാത്രം അകലെ തൃശൂര്‍ മണ്ണുത്തി റോഡിലെ ജംക്ഷനില്‍ വച്ചാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്.

പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ 'ഓടല്ലേടാ' എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. രണ്ടു പൂച്ചകളാണ് ഈ സമയത്ത് റോഡിലുണ്ടായിരുന്നത്. സിജോ ചെന്നപ്പോഴേക്കും ഒരു പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. അതിനിടെ അതിവേഗത്തില്‍ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ സിജോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.