- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശ്രീധര നിര്‍ദ്ദേശവുമായി കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാന്‍ കെവി തോമസ്; പിണറായിയും ഇ ശ്രീധരന്‍ കൂടിക്കാഴ്ച നടത്തിയെന്നും സൂചനകള്‍; തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പാതയ്ക്ക് ബദല്‍ സാധ്യതകള്‍ കേരളം തേടും; റെയില്‍വേയെ ഒഴിവാക്കിയുള്ള പദ്ധതിയും ആലോചനയില്‍; മെട്രോമാനെ ഇറക്കി മോദിയെ വെട്ടിലാക്കാന്‍ പിണറായി
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പാതയ്ക്ക് ബദല്‍ സാധ്യതകള്‍ കേരളം തേടും. സ്വന്തം നിലയില്‍ റെയില്‍വേ പാതയെന്ന ആശയവും കേരളത്തിന്റെ ആലോചനയിലുണ്ട്. സില്‍വര്‍ ലൈനില്‍ പുതിയ നീക്കവുമായി കേരളം മുന്നിട്ടിറങ്ങുന്നത് വ്യക്തമായ തന്ത്രങ്ങളിലൂടെയാണ് . ഇ. ശ്രീധരന്റെ നിര്‍ദേശവുമായി കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണും. മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് കൂടിക്കാഴ്ച നടത്തുക. തൂണുകളിലും തുരങ്കങ്ങളിലൂടെയും പോകുന്ന പാതയാണ് ശ്രീധരന്റെ നിര്‍ദേശം. സില്‍വര്‍ ലൈനില്‍ കേരളവും കേന്ദ്രവും യോജിപ്പിനുള്ള സാധ്യത കുറഞ്ഞിരുന്നു. സമവായം ഉണ്ടാക്കാനായി കെ റെയിലും റെയില്‍വേയുമായി നടന്ന ചര്‍ച്ചയില്‍ ഉണ്ടായ രൂക്ഷമായ തര്‍ക്കം ഇതിന്റെ സൂചനയാണ്. ഡിസംബര്‍ ആറിന് ദക്ഷിണ റയില്‍വെ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസറും കെ റയില്‍ അധികൃതരും നടത്തിയ ചര്‍ച്ചയുടെ മിനിടുസില്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്. റെയില്‍വെയുമായി ബന്ധിപ്പിച്ച് മാത്രമേ സില്‍വര്‍ ലൈന്‍ നടപ്പാക്കാവൂ എന്നാണ് റെയില്‍വെയുടെ നിലപാട്. എന്നാല്‍ ഇത് കേരളം അംഗീകരിക്കില്ല. ഈ സാഹചര്യത്തിലാണ് ശ്രീധരനെ മുന്നില്‍ നിര്‍ത്തിയുള്ള കേരളത്തിന്റെ പുതിയ നീക്കം.
കൊച്ചി മെട്രോ മോഡലില്‍ കേരളമാകെ വ്യാപിക്കുന്ന ബദല്‍ വേഗ റെയില്‍ പാതയാണ് ലക്ഷ്യമിടുന്നത്. മെട്രോമാനായ ഇ ശ്രീധരന്റെ അനുകൂല നിലപാടും സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്. കേരളത്തിന് സാങ്കേതിക പിന്തുണയറിച്ച ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സജീവമായി പരിഗണിക്കുന്നുണ്ട്. ബിജെപിയ്ക്കായി മത്സരിച്ച ശ്രീധരനെ മുന്നില്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള ഇരട്ടത്താപ്പ് തുറന്നു കാട്ടാനാണ് ശ്രമിക്കുക. ഒട്ടേറെപ്പേരെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. അതുകൊണ്ട് താരതമ്യേന കുറവു ഭൂമി ഏറ്റെടുക്കുന്ന വിധത്തിലാണ് ശ്രീധരന്‍ മുന്നോട്ടു വയ്ക്കുന്ന പുതിയ പാത. കൂടുതലും തുരങ്കങ്ങളിലൂടെയും തൂണുകളിലൂടെയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരുലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍വെയുടെ 3,4 പാതകള്‍ക്കു സാധ്യതാ പഠനം നടക്കുന്നുണ്ടെങ്കിലും വളവു നികത്തി വേഗം കൂട്ടുക പ്രായോഗികമല്ല. ഗുഡ്‌സ്, പാസഞ്ചര്‍ ട്രെയിനുകള്‍ ഒരേ ട്രാക്കിലോടിക്കുന്നതില്‍ അപകട സാധ്യതയുണ്ടെന്നും ഇ ശ്രീധരന്‍ പറയുന്നു. അതിവേഗ റെയില്‍ പാതയില്‍ വന്ദേഭാരത് തീവണ്ടികള്‍ അടക്കം ഓടിക്കണമെന്നതാണ് റെയില്‍വേയുടെ നിലപാട്. ഇതിന് വേണ്ടി പാത ബ്രോഡ് ഗേജാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനെ ശ്രീധരന്റെ അഭിപ്രായങ്ങള്‍ ചര്‍ച്ചയാക്കുന്നതിലൂടെ പൊളിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തുന്നതോടെ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിലയിരുത്തുന്നു.
സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ ശേഷം സമയം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു . മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ ആറിന് ദക്ഷിണ റയില്‍വെ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസറും കെ റയില്‍ അധികൃതരും നടത്തിയ ചര്‍ച്ചയുടെ മിനിടുസില്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്. റെയില്‍വെയുമായി ബന്ധിപ്പിച്ച് മാത്രമേ സില്‍വര്‍ ലൈന്‍ നടപ്പാക്കാവൂ എന്നാണ് റെയില്‍വെയുടെ നിലപാട്. എന്നാല്‍ ഇത് കേരളം അംഗീകരിക്കില്ല. ഗേജ്, വേഗം എന്നിവ സംബന്ധിച്ചാണ് രൂക്ഷമായ തര്‍ക്കം യോഗത്തില്‍ ഉണ്ടായത്. റെയില്‍ ലൈനില്‍ രണ്ട് പാളങ്ങള്‍ തമ്മില്‍ 1435 സെന്റിമീറ്റര്‍ അകലമുള്ളതാണ് സ്റ്റാന്റേര്‍ഡ് ഗേജ്. ബ്രോഡ് ഗേജില്‍ പാളങ്ങള്‍ക്കിടയിലെ അകലം 1.676 മീറ്റര്‍ അഥവാ 1676 സെന്റിമീറ്ററാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്റ്റാന്റേര്‍ഡ് ഗേജാണ് കേരളം വിഭാവനം ചെയ്തിരിക്കുന്നത്. റെയില്‍വെയുടെ ലൈനുകള്‍ ഭൂരിഭാഗവും ബ്രോഡ് ഗേജാണ്.ബുള്ളറ്റ് ട്രെയിന് മാത്രമാണ് സ്റ്റാന്റേര്‍ഡ് ഗേജ് അനുവദിക്കുന്നതെന്നും അതിനാല്‍ ബ്രോഡ് ഗേജില്‍ തന്നെ വേണം പദ്ധതിയെന്നാണ് റെയില്‍വേയുടെ നിലപാട്. സ്റ്റാന്റേര്‍ഡ് ഗേജിലാകാമെന്ന് തത്വത്തില്‍ റെയില്‍വെ ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയതാണെന്നും ബ്രോഡ് ഗേജിലേക്ക് മാറാനാവില്ലെന്നും കെ റെയില്‍ വ്യക്തമാക്കി. അനുമതി നല്‍കിയവര്‍ക്ക് തന്നെ അത് മാറ്റാനും കഴിയുമെന്നായിരുന്നു റെയില്‍വെയുടെ മറുപടി.
200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി. 180 കിലോമീറ്റര്‍ പരമാവധി വേഗം മാത്രമേ അനുവദിക്കാനാവൂ എന്നും 160 കിലോമീറ്റര്‍ വേഗത്തില്‍ വന്ദേ ഭാരത്, ചരക്ക് ട്രെയിനുകള്‍ക്കും പോകാനാവുന്ന നിലയില്‍ വേഗതയും നിയന്ത്രിക്കണമെന്ന് റെയില്‍വെ ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശവും കെ റെയില്‍ തള്ളി. സില്‍വര്‍ ലൈനിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ മാറ്റം സാധ്യമല്ലെന്നാണ് കെ റെയില്‍ നിലപാട്. ഇത് വിശദീകരിച്ച് റെയില്‍വെ മന്ത്രാലയത്തിന് കത്തും അയച്ചു. റെയില്‍വെ ഭൂമിയാണ് പ്രശ്നമെങ്കില്‍ വേറെ ഭൂമി കണ്ടെത്താമെന്നും ആവശ്യമെങ്കില്‍ ഡിപിആറിലും മാറ്റം വരുത്താമെന്നുമാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. യോഗത്തിലെ നിലപാടും രേഖാമൂലം ഈ കത്തിലൂടെ റെയില്‍വേയെ കേരളം അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീധരന്റെ പദ്ധതി പൊതു സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയാകുന്നതിനെ പിണറായി സര്‍ക്കാര്‍ അനുകൂലിക്കുകയാണ്. 25-30 കിലോമീറ്റര്‍ ഇടവിട്ടായി മൊത്തം 15 സ്റ്റേഷനുകളുണ്ടാകും. പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. ദീര്‍ഘ ദൂര ഹ്രസ്വ ദൂര യാത്രക്കാര്‍ക്ക് ഒരുപോലെ സഹായകരമായ പദ്ധതിയാണിത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മുമ്പ് വിശദ പദ്ധതി രേഖ(ഡിപിആര്‍) തയ്യാറാക്കിയ തിരുവനന്തപുരം - കണ്ണൂര്‍ ഹൈസ്പീഡ് പാതയുടെ അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തിയാകും പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈന്‍മെന്റ് കണ്ടെത്തേണ്ടതെന്നും ശ്രീധരന്‍ പറയുന്നു. തുടര്‍ച്ചയായി നഗരങ്ങളുള്ള കേരളത്തില്‍ 350 കിലോമീറ്റര്‍ വേഗം ആവശ്യമില്ലെന്നും പരമാവധി 200 കിലോമീറ്റര്‍ മതിയെന്നുമാണ് ഇ ശ്രീധരന്റെ നിലപാട്. ഇത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റേയും ലക്ഷ്യം.
135 കിലോമീറ്റര്‍ ശരാശരി വേഗത്തില്‍ ട്രെയിന്‍ ഓടിച്ചാല്‍ തിരുവനന്തപുരം-കണ്ണൂര്‍ വരെയുള്ള 430കിലോമീറ്റര്‍ ദൂരം മൂന്നേകാല്‍ മണിക്കൂറില്‍ പിന്നിടാം. കെ റെയിലിനെയല്ല, ഡിഎംആര്‍സിയെയാണ് വിശദ പദ്ധതി രേഖ തയാറാക്കാനും പദ്ധതി നടത്തിപ്പിനും നിയോഗിക്കേണ്ടത് എന്നാണ് ശ്രീധരന്റെ നിര്‍ദേശം. ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ എട്ടു മാസം കൊണ്ട് ഡിപിആര്‍ തയാറാക്കാം. അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാമെന്നും ശ്രീധരന്‍ പറയുന്നു. ഇക്കാര്യം ഉടന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് എടുക്കില്ല. എന്നാല്‍ ശ്രീധരന്റെ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് റെയില്‍വേ തള്ളുന്നതെന്ന ചോദ്യം സജീവമാക്കുകയാകും ലക്ഷ്യം. ഇതിലൂടെ കേരളത്തിന്റെ സ്വപ്ന പദ്ധതിയ്ക്ക് കേന്ദ്രം ഉയര്‍ത്തുന്ന തടസ്സവാദങ്ങള്‍ പൊളിയുമെന്നും വിലയിരുത്തുന്നു.