ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ 'ജലയുദ്ധം' തുടരുമെന്ന സൂചന നല്‍കി ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലക്കരാര്‍ മരവിപ്പിച്ചതിന് തുടര്‍ച്ചയായി ഹ്രസ്വ-മധ്യ-ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളാനാണ് ഇന്ത്യയുടെ നീക്കം. സിന്ധു നദിയില്‍ ഡാം കെട്ടിയാല്‍ തകര്‍ക്കുമെന്നാണ് പാക്കിസ്ഥാന്റെ വെല്ലുവിളി. ഇത് ഏറ്റെടുത്താണ് ഇന്ത്യ ഷട്ടറുകള്‍ താഴ്ത്തുന്നത്. ഡാമുകള്‍ തകര്‍ക്കണമെങ്കില്‍ ഇപ്പോള്‍ തകര്‍ത്തോളൂവെന്ന സന്ദേശമാണ് ഇതിലൂടെ നടക്കുന്നത്. ഇതില്‍ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്ലിഹാര്‍ അണക്കെട്ടില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെയാണ് നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറില്‍നിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തും. അങ്ങനെ വന്നാല്‍ പാക്കിസ്ഥാനിലെ കര്‍ഷക പ്രതിസന്ധി കൂടും.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനിന് രാജ്യം കനത്ത തിരിച്ചടിയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. സിന്ധു നദിയില്‍ ഡാം പണിത് പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയുമെന്നതായിരുന്നു ആദ്യ പ്രതികരണം. പിന്നീട് പാക് പൗരന്മാരെ തിരിച്ചയക്കല്‍, വിസ റദ്ദാക്കലും അനുവദിക്കാതിരിക്കലും, വാണിജ്യ ബന്ധം നിര്‍ത്തല്‍ തുടങ്ങിയ കടുത്ത നടപടികളും ഇന്ത്യ കൈക്കൊണ്ടു. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാത്തരം ഇറക്കുമതിയും ഇന്നലെ അവസാനിപ്പിച്ചിരുന്നു. പാക്കിസ്ഥാന്‍ കപ്പലുകള്‍ക്കും ഇന്ത്യന്‍ തുറമുഖത്ത് വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള തപാല്‍, പാഴ്സല്‍ ഇടപാടുകളും റദ്ദാക്കിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള നിലപാടുകള്‍ ഇന്ത്യ കര്‍ശനമാക്കിയിരുന്നു . സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതും ആക്രമണത്തിന് പിന്നാലെയായിരുന്നു . എന്നാല്‍ ഇന്ത്യയുടെ ഈ തീരുമാനം പാക്കിസ്ഥാന് നല്‍കിയത് വന്‍ തിരിച്ചടിയാണെന്നാണ് സൂചന . ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലപ്രവാഹം കുറഞ്ഞതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു. ഡാം ഷട്ടര്‍ അടയ്ക്കുമ്പോള്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. സിയാല്‍കോട്ട് പ്രദേശത്തെ മാറാല ഹെഡ്വര്‍ക്‌സിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. കരാര്‍ റദ്ദാക്കിയ ആദ്യ ദിവസങ്ങളില്‍ തന്നെ പാകിസ്ഥാനില്‍ കടുത്ത വരള്‍ച്ചയെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത് .പഹല്‍ഗാം ആക്രമണത്തിന്റെ തലേന്ന് ഏപ്രില്‍ 21ന് എടുത്ത ഉപഗ്രഹ ചിത്രങ്ങളും കരാര്‍ റദ്ദാക്കലിന് ശേഷം ഏപ്രില്‍ 26ന് എടുത്ത ചിത്രങ്ങളും താരതമ്യം ചെയ്താല്‍ വരള്‍ച്ചയുടെ ആഴം ബോധ്യമാകുമായിരുന്നു.

അതായത് നേരത്തെ തന്നെ വെള്ളമൊഴുക്കലില്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കരാര്‍ റദ്ദാക്കിയതിന് പിന്നാലെ സിന്ധു നദിയില്‍ നിന്നുള്ള ജലവിതരണവും അതിന്റെ വിതരണക്കാരായ ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയില്‍ നിന്നുമുള്ള ജലവിതരണവും നിര്‍ത്തലാക്കുമെന്ന സൂചനകളെത്തി. ഈ നദികളാണ് പാക്കിസ്ഥാനില്‍ ജലവിതരണം നടക്കുന്നത്. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാക്കിസ്ഥാനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ബാധിക്കുക. 65 വര്‍ഷം പഴക്കമുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. 1960 സെപ്റ്റംബര്‍ 19-നാണ് സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഈ കരാര്‍ ഒപ്പിട്ടത്. കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാക് പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്‌ലജ്, രവി, ബിയാസ് എന്നിവ ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാക്കിസ്ഥാനും വീതിച്ച് നല്‍കിയിരുന്നു. കരാര്‍ പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാക്കിസ്ഥാനുമാണ്. ഇതാണ് പാക്കിസ്ഥാന് കുറയാന്‍ പോകുന്നത്.

അതിനിടെ തുടര്‍ച്ചയായ പത്താംദിവസവും രാത്രി, പാക്കിസ്ഥാന്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി കരസേന അറിയിച്ചു. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ധര്‍, നൗഷേര, സുന്ദര്‍ബനി, അഖ്നൂര്‍ പ്രദേശങ്ങള്‍ക്ക് എതിര്‍വശത്തുനിന്ന് പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. പാക് നടപടിക്ക് തക്കതും ആനുപാതികവുമായ മറുപടി നല്‍കിയതായും സൈന്യം വ്യക്തമാക്കി. വലിയ നാശനഷ്ടം ഉണ്ടായി. അതിനിടെ ശനിയാഴ്ച രാജസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് ഒരു പാക്കിസ്ഥാന്‍ റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റേഞ്ചര്‍ ഇന്ത്യയുടെ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള ശനിയാഴ്ച രാത്രിയിലെ പാക് പ്രകോപനം.

അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പൂര്‍ണംകുമാര്‍ സാഹു നിലവില്‍ പാക്കിസ്ഥാന്റെ പിടിയിലാണുള്ളത്. ഏപ്രില്‍ 23-നാണ് ഇദ്ദേഹം പാക്കിസ്ഥാന്റെ പിടിയില്‍ അകപ്പെടുന്നത്. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ റേഞ്ചറെ ഇന്ത്യ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ പാക്കിസ്ഥാന്‍ കൂടുതല്‍ വെട്ടിലായി.