- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിക്ക് പിന്തുണയുമായി സമരം നടത്തിയ കുറവിലങ്ങാട്ടെ മൂന്ന് കന്യാസ്ത്രീകള്‍ മഠംവിട്ടു; സിസ്റ്റര്‍ അനുപമ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍; പ്രതികരണങ്ങള്‍ ഒഴിവാക്കി മുന്‍ കന്യാസ്ത്രീകള്‍; പ്രതിഷേധിച്ച മൂന്ന് പേര് ഇപ്പോഴും മഠത്തില്‍ തുടരുന്നു
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിക്ക് പിന്തുണയുമായി സമരം നടത്തിയ കുറവിലങ്ങാട്ടെ മൂന്ന് കന്യാസ്ത്രീകള്‍ മഠംവിട്ടു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസികളുമായിരുന്ന സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവരാണ് കന്യാസ്ത്രീവേഷം ഉപേക്ഷിച്ചത്.
ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നു ബന്ധുക്കള്‍ അറിയിച്ചു. അനുപമയുടെ പ്രതികരണം ലഭ്യമായില്ല. പീഡനക്കേസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങിയത്. 2018 ജൂണില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഡോ.ഫ്രാങ്കോയെ കോട്ടയം ജില്ലാ കോടതി 2022 ജനുവരിയില്‍ കുറ്റവിമുക്തനാക്കിയിരുന്നു. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്ക ബിഷപ്പായിരുന്നു ഫ്രാങ്കോ മുളക്കല്‍.
പരാതിക്കാരിയടക്കം ആറ് കന്യാസ്ത്രീകളാണ് മഠത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ മഠത്തില്‍ തുടരുന്നുണ്ട്. പല സമയങ്ങളിലായാണ് ഇവര്‍ കന്യാസ്ത്രീ വേഷം ഉപേക്ഷിച്ചതെന്നറിയുന്നു. മൂന്നുപേരും ഇപ്പോള്‍ അവരവരുടെ വീടുകളിലാണ്. കോണ്‍വെന്റില്‍ തുടരുന്നതിന്റെ മാനസിക സമ്മര്‍ദമാണ് മഠം വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിസ്റ്റര്‍ നീനക്ക് ഇടക്ക് വാഹനാപകടം സംഭവിച്ചിരുന്നു. ഏറെനാള്‍ ചികിത്സയിലായിരുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടു. മഠം വിടുന്ന കാര്യം ജലന്ധര്‍ രൂപതയെയും കോണ്‍വെന്റ് അധികൃതരെയും അറിയിച്ചിരുന്നു. ജലന്ധര്‍ രൂപത ബിഷപ് മഠത്തിലെത്തി ഇവരോട് സംസാരിക്കുകയും ചെയ്തതായി സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കൂട്ടായ്മ പ്രതിനിധി പറഞ്ഞു.
മഠത്തില്‍ നിലവിലുള്ള പരാതിക്കാരിയും രണ്ട് സിസ്റ്റര്‍മാരും തയ്യല്‍ ജോലിചെയ്താണ് മുന്നോട്ടുനീക്കുന്നത്. കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ജലന്ധര്‍ രൂപത അധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ ആരോപണം. 2014 മുതല്‍ 2016 വരെ കാലയളവില്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു മഠം അന്തേവാസിയായ കന്യാസ്ത്രീയുടെ പരാതി.
കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2018 സെപ്റ്റംബറില്‍ ബിഷപ് അറസ്റ്റിലായി. കോട്ടയം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ 105 ദിവസം നീണ്ട വിചാരണ നടപടികള്‍ക്കുശേഷം 2022 ജനുവരി 14ന് ബിഷപ്പിനെ വെറുതെവിടുകയായിരുന്നു.