ഇസ്താംബുള്‍: പണ്ട് മഹാപ്രളയം ഉണ്ടായ കാലത്ത് മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങളെ രക്ഷിച്ചത് നോവയുടെ പേടകമാണെന്നാണ് ബൈബിളില്‍ പറയുന്നത്. ആ പ്രളയം ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന കാലത്തുനിന്നും 4300 വര്‍ഷങ്ങള്‍ക്കിപ്പുറം ചില ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത് തങ്ങള്‍ നോഹയുടെ പേടകം ഉള്ള സ്ഥലം കണ്ടെത്തി എന്നാണ്. തുര്‍ക്കിയിലെ ആരാരത് പര്‍വ്വതനിരകളില്‍ നിന്നും 30 കിലോമീറ്റര്‍ തെക്ക് മാറി കണ്ടെത്തിയ, നൗകയുടെ ആകൃതിയിലുള്ള ചിറ യഥാര്‍ത്ഥത്തില്‍ ഒരു മര നൗകയുടെ ഫോസില്‍ ആണെന്നാണ് അന്താരാഷ്ട്ര ഗവേഷകരുടെ ഒരു സംഘം അവകാശപ്പെടുന്നത്.

വിശദ പഠനത്തിനായി അമേരിക്കയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരും തുര്‍ക്കിയിലേക്ക് എത്തുകയാണ്. ലിമോണൈറ്റ് എന്ന ഇരുമ്പ് അയിരിനാല്‍ രൂപപ്പെട്ട 163 മീറ്റര്‍ നീളമുള്ള ഒരു ഭൂഘടനയാണ് ഡുരുപിനാര്‍ ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന ഈ ചിറ. ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന നോഹയുടെ പേടകത്തിന്റെ ആകൃതിയുമായി ഇതിന് ഏറെ സാമ്യമുള്ളതിനാല്‍ തന്നെ ഈ ഭൂഘടന ദീര്‍ഘകാലമായി പല ഗവേഷണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള ഗവേഷകരും ഇവിടം കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തുന്നത്.

ഇവരുടെ കൂട്ടത്തിലുള്ള ആന്‍ഡ്രൂ ജോണ്‍സ് എന്ന ഗവേഷകന്‍ റഡാര്‍, സംവിധാനം ഉപയോഗിച്ച് ഡുരുപിനാര്‍ ഫോര്‍മേഷനിലൂടെ കടന്ന് പോകുന്ന തുരങ്കം പോലെയുളള ഒന്ന് കണ്ടെത്തിയിരിക്കുകയാണ്. നോഹയുടെ പെട്ടകത്തിന് മൂന്ന് നിലകള്‍ ഉണ്ടായിരുന്നു എന്നാണ്

പറയപ്പെടുന്നത്. അത് പോലെ റഡാര്‍ ഉപയോഗിച്ച് കണ്ടെത്തിയ സ്ഥലത്തിനും മൂന്ന് തട്ടുകളാണ് ഉള്ളത്. ഉത്പ്പത്തി പുസ്തകത്തിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ഗവേഷകര്‍ പറയുന്നത് തങ്ങള്‍ക്ക് നോഹയുടെ പേടകം അതേ രൂപത്തില്‍ ലഭിക്കണം എന്നാഗ്രഹമില്ലെന്നും അവിശിഷ്ടങ്ങള്‍ ആയാലും മതിയെന്നുമാണ്.

തുര്‍ക്കിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് അരരാത്തിന് 18 മൈല്‍ തെക്ക് സ്ഥിതി ചെയ്യുന്ന ദുരുപിനാറിനെ കുറിച്ച് ഒരു നൂറ്റാണ്ട് മാത്രമാണ് മനുഷ്യന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 1948 മെയ് മാസത്തില്‍ ഉണ്ടായ കനത്ത മഴയും ഭൂകമ്പവും കാരണം ചുറ്റുമുള്ള ചെളി ഒലിച്ചുപോവുകയും നോഹയുടെ പേടകമെന്ന് വിശേഷിപ്പിക്കുന്ന നിര്‍മ്മിതി തെളിഞ്ഞു വരികയും ചെയ്തു. ഒരു കുര്‍ദിഷ് ഇടയനാണ് ഇത് കണ്ടെത്തിയത്.





150 ദിവസത്തെ വെള്ളപ്പൊക്കത്തില്‍ ഭൂമിയും നോഹയുടെ പേടകത്തില്‍ അഭയം പ്രാപിക്കാത്ത എല്ലാ ജീവജാലങ്ങളും മുങ്ങിമരിച്ചതിന് ശേഷം നോഹയുടെ പെട്ടകം അരരാത്ത് പര്‍വതങ്ങളില്‍' ഉറച്ചുനിന്നതായിട്ടാണ് ബൈബിളില്‍ പറയുന്നത്. ഈ നിര്‍മ്മിതി സ്വാഭാവികമായി സംഭവിക്കുന്ന ഒരു ഭൂമിശാസ്ത്ര സവിശേഷതയാണെന്ന് പല ശാസ്ത്രജ്ഞരും വാദിക്കുമ്പോള്‍, മറ്റുള്ളവര്‍ ഇത് വളരെ അസാധാരണമായ ഒരു സംഭവമാണെന്നാണ് വിലയിരുത്തുന്നത്. ഏറ്റവും അവസാനം ലഭിച്ച തെളിവുകള്‍ പറയുന്നത് ഇത് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു മഹാ പ്രളയത്തെ അതിജീവിച്ചിട്ടുണ്ട് എന്നാണ്.

ക്രിസ്തുവിന് മുന്‍പ് 3000 മുതല്‍ 5500 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ ഭാഗത്ത് മഹാപ്രളയമുണ്ടായി എന്ന ബൈബിള്‍ പരാമര്‍ശത്തെ പിന്താങ്ങുന്ന ഒരു കണ്ടെത്തലാണിത്.ഈ പ്രദേശത്ത് ഒരുകാലത്ത് ജീവജാലങ്ങള്‍ നിലനിന്നിരുന്നു എന്നും പിന്നീട് അവ വെള്ളത്തിനടിയിലായി എന്നുമാണ് തങ്ങളുടെ ഗവേഷണത്തില്‍ കണ്ടെത്താനായതെന്ന് ഗവേഷകര്‍ പറയുന്നു. ഒരു മഹാ പ്രളയം ഉണ്ടായിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അവര്‍ പറയുന്നു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ യൂണിവേഴ്സിറ്റി, അഗ്രി ഇബ്രാഹിം സെസെന്‍ യൂണിവേഴ്സിറ്റി, അമേരിക്കയിലെ ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റി എന്നിവര്‍ സംയുക്തമായി 2021 മുതല്‍ ഈ പ്രദേശത്ത് പര്യവേഷണം നടത്തുകയാണ്. മൗണ്ട് ആരാരത് ആന്‍ഡ് നോഹാസ് ആര്‍ക്ക് റിസര്‍ച്ച് ടീം എന്ന പേരിലാണ് ഇവര്‍ ഗവേഷണം നടത്തുന്നത്.