- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റിന് മുന്നിലെ 'ഉന്നത കെട്ടിട ബന്ധം' തുണച്ചില്ല; സിനിമാ നിര്‍മ്മാതാവായ മരുമകന് കൈവിട്ടപ്പോള്‍ കിഴടങ്ങല്‍; ഹോര്‍ട്ടികോര്‍പ്പിനെ വിറപ്പിച്ച പഴയ എംഡി 75-ാം വയസ്സില്‍ കീഴടങ്ങിയത് 22കാരിയായ വീട്ടുജോലിക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചതിന്; തലകറങ്ങി വീണ ഉന്നതന്‍ 'ആശുപത്രി സുഖവാസത്തില്‍'; ശിവപ്രസാദ് അറസ്റ്റില്‍
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിപ്പിച്ച കേസിലെ പ്രതിയായ ഉന്നതന്‍ കീഴടങ്ങി. ഇയാളുടെ മകളുടെ ഭര്‍ത്താവായ യുവ നിര്‍മ്മാതാവിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെ മരുമകന് സംഭവത്തിലെ ഗൗരവം പിടികിട്ടി. തിരുവനന്തപുരത്ത് ഉന്നത ബന്ധങ്ങളുള്ള സിനിമാ നിര്‍മ്മാതാവിനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതിയുടെ കീഴടങ്ങല്‍. സൗത്ത് എസിപി ഓഫീസിലാണ് മുന്‍ ഹോര്‍ട്ടികോപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് കീഴടങ്ങിയത്. ഉന്നത ബന്ധങ്ങളുപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലുള്ള കെട്ടിട ബന്ധങ്ങള്‍ പോലും ഇതിനായി ഇയാള്‍ ഉപയോഗിച്ചു. ഇത് മനസ്സിലാക്കിയാണ് മരുമകനെ പോലീസ് ചോദ്യം ചെയ്തത്. ഇതോടെ കീഴടങ്ങുകയായിരുന്നു ശിവപ്രസാദ്. മരുമകന്റെ പേര് മാധ്യമങ്ങളില്‍ ചര്‍ച്ചയായതും ശിവപ്രസാദിന് നാണക്കേടായി. കേസില്‍ പ്രതിയല്ലാത്തതു കൊണ്ടാണ് ഇയാളുടെ മകളുടെ ഭര്‍ത്താവിന്റെ പേര് മറുനാടന്‍ നല്‍കാത്തത്. ശിവപ്രസാദിനെതിരെ കടുത്ത നിലപാട് നിര്‍മ്മാതാവായ മകളുടെ ഭര്‍ത്താവ് എടുത്തു. ഇതോടെയാണ് കീഴടങ്ങേണ്ടി വന്നത്.
27 ദിവസം ഒളിവിലായിരുന്നു ശിവപ്രസാദ്. 22 വയസുകാരിയായ വീട്ടുജോലിക്കു നിന്ന പെണ്‍കുട്ടിയെ ആണ് ഇയാള്‍ ശീതള പാനീയത്തില്‍ മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 75 വയസുകാരനായ പ്രതി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവിയില്‍ ഇരുന്ന വ്യക്തിയാണ്. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ദേഹാസ്വാസ്ഥ്യത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നിലും ഉന്നത സ്വാധീനമുണ്ട്. കണ്ണൂരില്‍ നവീന്‍ ബാബു കേസില്‍ അറസ്റ്റിലായപ്പോള്‍ സിപിഎം നേതാവ് പിപി ദിവ്യയ്ക്ക് കിട്ടാത്ത പരിഗണനയാണ് ശിവപ്രസാദിന് കിട്ടുന്നത്. ഇയാള്‍ മുമ്പ് ഒരു പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഏറെ വിവാദങ്ങളുണ്ടാക്കിയ സ്ഥാപനമാണ് ഇത്. ആ സമയം അവിടെ ജോലിക്കെത്തിയ യുവതി പിന്നീട് പണി മതിയാക്കി. സോഷ്യല്‍ മീഡിയിയലെ നിറ സാന്നിധ്യമായ ഈ യുവതിയ്ക്ക് ജോലി തുടരാന്‍ കഴിയാത്തതും ശിവപ്രസാദിന്റെ ശല്യം കാരണമാണെന്ന വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു.
ഹോര്‍ട്ടികോര്‍പ്പ്, ഫിഷറീസ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എംഡി അടക്കം നിരവധി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. കേസില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പട്ടികവര്‍ഗ കമ്മീഷന്റെ നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കീഴടങ്ങള്‍. കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ശിവപ്രസാദിനെ അനുകൂലിക്കുന്നവരുണ്ട്. ഇതിനൊപ്പമാണ് മരുമകന്റെ സിനിമാ ബന്ധങ്ങളും. ഇതെല്ലാം ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം കോടതി തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗ്ഗീസ് നിര്‍ണ്ണായക നിരീക്ഷണങ്ങളോടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. അതിന് ശേഷവും ഒളിവില്‍ തുടര്‍ന്നു. ഇതിനിടെയാണ് പോലീസ് മരുമകനെ ചോദ്യം ചെയ്തത്. സംഭവത്തില്‍ ഒക്ടോബര്‍ 17 ന് മരട് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 22കാരിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവത്തിന്റെ പിറ്റേന്നു രാവിലെ യുവതിയെ വീട്ടില്‍ തനിച്ചാക്കി പ്രതിയും കുടുംബവും തീര്‍ഥയാത്ര പോയിരുന്നു. ഈ സമയത്തു, യുവതി നഗരത്തില്‍ വീട്ടുജോലി ചെയ്യുന്ന ബന്ധു വഴി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സാമൂഹിക സംഘടനയെ (സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡവലപ്മെന്റ് സിഎംഐഡി) സംഭവം അറിയിച്ചു. ഇവര്‍ വിവരം നല്‍കിയതോടെ പൊലീസ് എത്തിയാണു യുവതിയെ വീട്ടില്‍ നിന്നു രക്ഷപ്പെടുത്തിയത്. യുവതിയുടെ ആദ്യ മൊഴി മുഖവിലയ്ക്കെടുക്കാതെ പൊലീസ് നടത്തിയ പരിശോധനയും തുടരന്വേഷണവുമാണു സംഭവം പുറത്തുകൊണ്ടു വന്നത്. ഒഡിഷയിലെ ഗജപതി ജില്ല സ്വദേശിയായ ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 വയസ്സ് മുതല്‍ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 4-ന് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടില്‍ 15,000 രൂപ മാസശമ്പളത്തില്‍ ജോലിക്കായി എത്തിയത്.
കോടതിയിലെ വാദങ്ങളും വിധിയും
ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍, ഫിഷറീസ് കോര്‍പ്പറേഷന്‍, ഫാമിങ് കോര്‍പറേഷന്‍, കെ എസ് എഫ് ഡി സി എന്നീ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന ശിവപ്രസാദ് 75 വയസായ മുതിര്‍ന്ന പൗരനാണെന്നും ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നുമായിരുന്നു പ്രതിഭാഗം വാദം. തന്റെ സുഖമില്ലാതായ സഹോദരിയെ നാട്ടിലെ ആശുപത്രിയില്‍ പോയി കാണുന്നതിനായി മൂന്നുമാസത്തെ ശമ്പളം വീട്ടുജോലിക്കാരി മുന്‍കൂറായി ചോദിച്ചെന്നും അത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ ബലാല്‍സംഗ കുറ്റം ആരോപിച്ചെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പ്രതി ക്രൂരമായി ബലാല്‍സംഗം ചെയ്‌തെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു പ്രോസിക്യൂഷന്‍ മറുവാദം ഉന്നയിച്ചു.
23 കാരിയായ നിസ്സഹായ യുവതി വീട്ടു ജോലി തേടിയാണ് ഒഡിഷയില്‍ നിന്ന് കേരളം വരെ എത്തിയതെന്ന് കോടതി നിരീക്ഷിച്ചു. മൂന്നുമാസത്തെ ശമ്പളം മുന്‍കൂറായി ചോദിച്ചു എന്നത് മാത്രമാണ് അവര്‍ക്കെതിരായ ആരോപണം. തന്റെ മകളെക്കാള്‍ പ്രായം കുറഞ്ഞ യുവതിയുടെ നിസ്സഹായ സാഹചര്യമാണ് ഹര്‍ജിക്കാരന്‍ ചൂഷണം ചെയ്തത്. ബലാല്‍സംഗം ചെയ്ത ശേഷം യുവതിയെ കണ്ടപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആളാണെങ്കിലും വ്യക്തിജീവിതത്തില്‍ ആ അന്തസ് കാത്തുസൂക്ഷിക്കാനായില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയത് കൊണ്ട് തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. സമൂഹത്തില്‍, വളരെ നിലയിലുളള വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതിയെ സ്വതന്ത്രനായി വിട്ടാല്‍ യുവതിയുടെ സുരക്ഷയെ ബാധിച്ചേക്കാം
.പ്രതി രക്തസമ്മര്‍ദ്ദവും, പ്രമേഹവും അടക്കം നിരവധി രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നതായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെങ്കിലും, നിലവിലെ കേസിന്റെ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹമനസാക്ഷിക്ക് ഞെട്ടലുളവാക്കുമെന്നും നിരീക്ഷിച്ചുകൊണ്ടാണ് ശിവപ്രസാദിന്റെ അപേക്ഷ തള്ളിയത്.