ബംഗളൂരു: കേരളത്തില്‍ നിന്നുള്ള വനിതയടക്കം ആറ് മാവോയിസ്റ്റ് നേതാക്കള്‍ ഇന്ന് അധികൃതര്‍ക്കുമുന്നില്‍ ആയുധംവച്ച് കീഴടങ്ങും. വയനാട് സ്വദേശി ജിഷ അടക്കമുള്ളവരാണ് ആയുധം വെച്ച് കീഴടങ്ങും. ഉഡുപ്പിയില്‍ കൊല്ലപ്പെട്ട വിക്രം ഗൗഡയ്ക്ക് ഒപ്പമുണ്ടായിരുന്ന മുണ്ട്ഗാരു ലത അടക്കമുള്ള മാവോയിസ്റ്റുകള്‍ ചിക്കമംഗളൂരു കളക്ടര്‍ക്ക് മുന്നില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് തങ്ങള്‍ എന്തുകൊണ്ടാണ് സായുധപോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പ്രസ്താവന നടത്തും. എന്നാല്‍ കീഴടങ്ങുന്ന സ്ഥലം ഏതെന്ന് വ്യക്തമല്ല.

മുണ്ട്ഗാരു ലത കീഴടങ്ങുന്നതോടെ കര്‍ണാടകയില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരറ്റ നിലയിലാവും. സംസ്ഥാനത്തെ മാവോയിസ്റ്റ് നേതാക്കളെല്ലാം നിയമത്തിന് മുന്നില്‍ എത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ലതയ്ക്കെതിരെ 85 കേസുകളാണ് നിലവിലുള്ളത്. ജിഷയ്ക്കെതിരെ 18 കേസുകളും. സുന്ദരി കട്ടാരുലു ബെല്‍ത്തങ്കടി (71 കേസുകള്‍), വനജാക്ഷി മുദിഗെരെ ( 25 കേസുകള്‍), മാരെപ്പ അരോട്ടി എന്ന ജയണ്ണ റായ്ചൂര്‍ ( 50 കേസുകള്‍), കെ വസന്ത് റാണിപ്പേട്ട് തമിഴ്‌നാട് ( 9 കേസുകള്‍) എന്നിവരാണ് കീഴടങ്ങുന്ന മറ്റുളളവര്‍ എന്നാണ് വിവരം.

കീഴടങ്ങാന്‍ മാവോയിസ്റ്റുകള്‍ക്ക് ആഹ്വാനം നല്‍കിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കഴിഞ്ഞ തിങ്കളാഴ്ച മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസം മുമ്പ് മാവോയിസ്റ്റുകള്‍ കത്ത് എഴുതിയിരുന്നുവെന്നും ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും കീഴടങ്ങല്‍ കമ്മിറ്റിയിലെ സിവില്‍ സൊസൈറ്റി അംഗങ്ങളില്‍ ഒരാളായ എഴുത്തുകാരന്‍ ബഞ്ചഗെരെ ജയപ്രകാശ് പറഞ്ഞു. കത്തില്‍ ഉടനീളം കീഴടങ്ങല്‍ എന്ന വാക്ക് മാവോയിസ്റ്റുകള്‍ ആവര്‍ത്തിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'ഇനി ഒരു സായുധ പോരാട്ടം നടത്താന്‍ കഴിയില്ലെന്നും മുഖ്യധാരയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞു. കര്‍ഷകരുടെ അവകാശങ്ങള്‍ക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കുമായി ഭരണഘടനാപരമായി തങ്ങളുടെ പോരാട്ടം തുടരുമെന്ന് അവര്‍ പറഞ്ഞു. ദുരിതാശ്വാസ പാക്കേജ് നടപ്പാക്കുമെന്ന ഉറപ്പും അവര്‍ സര്‍ക്കാരില്‍ നിന്ന് തേടിയിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്നും ഒരേക്കറോളം ഭൂമി കയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും മാവോയിസ്റ്റുകള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്'- ജയപ്രകാശ് പറഞ്ഞു.

കീഴടങ്ങുന്നവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കില്ല എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇക്കാര്യം മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. കോടതി നടപടികള്‍ എങ്ങനെ ലഘൂകരിക്കാമെന്നുള്ള ചര്‍ച്ചകള്‍ കീഴടങ്ങള്‍ കമ്മിറ്റി ചര്‍ച്ചചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറില്‍ കര്‍ണാടകയിലെ നക്‌സല്‍ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടല്‍ കൊലയില്‍ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, വിക്രം ഗൗഡയുടെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസ പാക്കേജ് എന്നിവ മാവോയിസ്റ്റുകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ചില ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ടെന്നും ചിലത് ചര്‍ച്ച ചെയ്യാനുണ്ടെന്നും സര്‍ക്കാര്‍ ദൂതന്‍ കെ എല്‍ അശോക് അറിയിച്ചു.