ഗിറ്റേഗ: ബറുണ്ടിയില്‍ ദുര്‍മന്ത്രവാദികള്‍ എന്നാരോപിച്ച് നാട്ടുകാര്‍ ആറ് പേരെ ക്രൂരമായി കൊന്നു. ചിലരെ ജീവനോടെ ചുട്ടുകൊല്ലുകയോ മറ്റ് ചിലരെ കല്ലെറിഞ്ഞോ മര്‍ദ്ദിച്ചോ ആണ് കൊന്നത് എന്നാണ് പറയപ്പെടുന്നത്. ഏതായാലും അതിക്രൂരമായിട്ടാണ് എല്ലാവരേയും കൊന്നതെന്നാണ് പുറത്തു വരുന്ന വിവരം. ബറൂണ്ടിയിലെ ഭരണകക്ഷിയുടെ യുവജന പ്രസ്ഥാനമായ ഇംബോണെറാക്കുറെയിലെ അംഗങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച ജനക്കൂട്ടം ഇവരെ വീടുകളില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും ഇംബോണെറാക്കുറെയെ തീവ്രവാദി സംഘടന എന്നാണ് വിശേഷിപ്പിക്കുന്നത്. റവോബ, ബിമാര എന്നീ പുരുഷന്‍മാരെയാണ് ഇവര്‍ ജീവനോടെ ചുട്ടുകൊന്നത്. വിനീഷ്യസ് എന്നയാളിനെ വിലയ വടികള്‍ കൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു. ഒരു അധ്യാപകന്റെയും കുട്ടിയുടെയും ഉള്‍പ്പെടെ സമീപകാല മരണങ്ങളെക്കുറിച്ച് ചില കിംവദന്തികള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇവര്‍ മന്ത്രവാദം നടത്തുന്നവരാണ് എന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ആദ്യം 12 പേരെ അറസ്റ്റ് ചെയ്തതായി ബുജുംബുര പ്രവിശ്യാ ഗവര്‍ണര്‍ ഇന്നലെ അറിയിച്ചിരുന്നു. തുടര്‍ന്ന് നാല് പേരെ കൂടി അറസ്റ്റ് ചെയ്തതായി ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്കയിലെ വളരെ ചെറിയൊരു രാജ്യമാണ് ബുറൂണ്ടി. ഇവിടുത്തെ ജനസംഖ്യയില്‍, ഭൂരിഭാഗവും ക്രൈസ്തവരാണ്. എന്നാല്‍ പരമ്പരാഗതമായ വിശ്വാസങ്ങള്‍ ആഴത്തില്‍ വേരൂന്നിയ സ്ഥലം കൂടിയാണ് ഇത്. സംശയാസ്പദമായ

സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളെല്ലാം തന്നെ മന്ത്രവാദത്തിന്റെ ഫലമായിട്ടാണ് ഉണ്ടാകുന്നതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

ആഭിചാര കര്‍മ്മങ്ങള്‍ ചെയ്തു എന്നാരോപിച്ച് ഇവിടുത്തെ ഒരു മുന്‍ പ്രധാനമന്ത്രിക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചിരുന്നു. രാജ്യത്തെ പ്രസിഡന്റിനെ വധിക്കാനായി ദുര്‍മന്ത്രവാദം നടത്തുക രാജ്യത്തിന്റെ സാമ്പത്തിക നിലയെ അസ്ഥിരപ്പെടുത്താനും സ്വന്തമായി പണമുണ്ടാക്കാനും ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുക എന്നീ കുറ്റങ്ങളാണ് മുന്‍ പ്രധാനമന്ത്രിയുടെ മേല്‍ ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസത്തെ കൂട്ടക്കൊലക്കിടെ മൂന്ന് പേരെ കൂടി മര്‍ദ്ദിച്ചെങ്കിലും പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് ഒടുവില്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു.

ഇവരില്‍ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചൊവ്വാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിലവിലെ അതിക്രമങ്ങളെ കുറിച്ചുള്ള നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. 2005 മുതല്‍ 2020 വരെ അധികാരത്തിലിരുന്ന മുന്‍ പ്രസിഡന്റ് പിയറി എന്‍കുറുന്‍സിസയുടെ സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴില്‍ നിരവധി പേരം കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്തതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ ആരോപിച്ചിരുന്നു.