കാലിഫോര്‍ണിയ: ദിവസങ്ങളായി അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടാകുന്ന ചെറിയ ഭൂമി കുലുക്കങ്ങള്‍ ജനങ്ങളെ ആശങ്കയിലാക്കുന്നു. അടുത്ത് വരാന്‍ പോകുന്ന വന്‍ഭൂകമ്പത്തിന് മുന്നോടിയായിട്ടാണ് ഈ ചെറു ചലനങ്ങള്‍ എന്നാണ് പലരും ഭയപ്പെടുന്നത്. അങ്ങനെയൊരു ദുരന്തം ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കും എന്നാണ് സൂചന.

ആയിരത്തിഎണ്ണൂറ് പേര്‍ വരെ കൊല്ലപ്പെടാനുള്ള സാധ്യതയുണ്ടെന്നും അരലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കാമെന്നും

പല നഗരങ്ങളും തകര്‍ന്ന് തരിപ്പണമാകുമെന്നും കരുതപ്പെടുന്നു. 200 ബില്യണ്‍ ഡോളറിന്റെ നഷ്ടമായിരിക്കും ഇത് കാരണം ഉണ്ടാകുക എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ കണക്കുകൂട്ടലുകളൊന്നും ശരിയല്ലെന്നാണ് ഒരു വിഭാഗം ഭൗമശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.

ഒരു പക്ഷെ ഒരു 30 വര്‍ഷം കഴിയുമ്പോള്‍ ഇത്തരത്തില്‍ ഒരു വന്‍ ഭൂകമ്പം ഉണ്ടാകാം എന്നാണ് അവരുടെ നിഗമനം. സാധാരണ ഗതിയില്‍ ഈ മേഖലയില്‍ 150 വര്‍ഷമൊക്കെ കൂടുമ്പോഴാണ് വന്‍ ഭൂചലനം ഉണ്ടാകാറുള്ളതെന്നും അവസാനമായി ഇവിടെ വന്‍ ഭൂകമ്പം ഉണ്ടായത് 167 കൊല്ലം മുമ്പാണെന്നും ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതു വരെ റിക്ടര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തിയ 14 ഓളം ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടായത്.

കാലിഫോര്‍ണിയക്ക് ഒരു പ്രത്യേകത ഉള്ളത് ഇവിടെയുള്ള പല കെട്ടിടങ്ങളും ശക്തമായ അടിത്തറയിലും നിലവാരമുള്ള വസ്തുക്കള്‍ കൊണ്ടും പണി തീര്‍ത്തിട്ടുള്ളതാണ് എന്നതാണ്. അത് കൊണ്ട് തന്നെ ഒരു വിധമുള്ള ഭൂകമ്പമൊന്നും ഈ മേഖലയെ ബാധിക്കില്ല എന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.