- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ നിന്നും ടീകോം ഒഴിവാകുമ്പോള്‍ ആ സ്ഥലം ഇന്‍ഫോ പാര്‍ക്കിന് കൈമാറും; ഊരാളുങ്കലിന് നിര്‍മ്മാണ കരാറും നല്‍കിയേക്കും; ടീകോമിനെ ഒഴിവാക്കുന്നത് 'റിയല്‍ എസ്റ്റേറ്റ്' മുതലാളിമാര്‍ക്ക് വേണ്ടിയോ? അടിമുടി ദുരൂഹമായി നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം; വിഎസിലൂടെ പൂവണിഞ്ഞ ഉമ്മന്‍ചാണ്ടി 'സ്വപ്നം' പിണറായി തകര്‍ക്കുമ്പോള്‍
തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ നിന്നും ടീകോം ഒഴിവാകുമ്പോള്‍ ആ സ്ഥലം ഇന്‍ഫോ പാര്‍ക്കിന് കൈമാറും. അതിന് ശേഷം അവിടെ കെട്ടിടങ്ങള്‍ പണിയും. ഐടി കമ്പനികള്‍ക്ക് കൈമാറും. ഇതിനിടെ ഉരാളുങ്കല്‍ പോലുള്ള സ്ഥാപനങ്ങളെ നിര്‍മ്മാണ പങ്കാളികളായി നിശ്ചയിക്കും. അതിനിടെയാണ് കരാര്‍വ്യവസ്ഥ പാലിക്കാതെ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍നിന്ന് ടീകോം ഒഴിയുമ്പോഴും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കരാറിന് വിരുദ്ധമെന്ന വാദം ചര്‍ച്ചയാകുന്നത്. ഇതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുണ്ടെന്ന സംശവും ശക്തം. കരാര്‍ലംഘനമുണ്ടായാല്‍ ടീകോമില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നിട്ടും അത് ചെയ്യുന്നില്ല. അതുകൊണ്ടാണ് തീരുമാനത്തിനെതിരേ പ്രതിപക്ഷവും രംഗത്തെത്തുന്നത്. സര്‍ക്കാര്‍ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ മാത്രമേ ടീകോമിന് നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ. സ്മാര്‍ട്ട് സിറ്റി സംയുക്തസംരംഭത്തില്‍നിന്നു ദുബായ് ടീകോം ഇന്‍വെസ്റ്റ്‌മെന്റ്സിനെ ഒഴിവാക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാതീരുമാനം കരാറിലില്ലാത്തത് എന്നതാണ് വസ്തുത. പദ്ധതി പരാജയപ്പെട്ടാല്‍ കരാര്‍പ്രകാരം സര്‍ക്കാരിനു ടീകോമാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടീകോമിനു നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹതയാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി.
ടീകോമുമായി കരാറുണ്ടാക്കി 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടായില്ല. സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ടീകോം ഒഴിയുന്നത്. പത്തുവര്‍ഷത്തിനകം 90,000 തൊഴിലവസരങ്ങളും 8.8 ദശലക്ഷം ചതുരശ്രയടി ഐ.ടി/ ഐ.ടി. ഇതരസ്ഥലമെന്ന വ്യവസ്ഥയും പാലിക്കാത്തതിനാല്‍ ടീകോം വ്യവസ്ഥകള്‍ ലംഘിച്ചുവെന്നത് വ്യക്തം. പ്രത്യേക സാമ്പത്തികമേഖലയുടെ വിജ്ഞാപനത്തിലോ സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിലോ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതിലോ വീഴ്ചവന്നെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇത്തരമൊരു പരാതി നാളിതുവരെ ടീകോം ഉന്നയിച്ചിട്ടില്ല. സര്‍ക്കാര്‍ വ്യവസ്ഥ ലംഘിച്ചാല്‍ ടീകോമിന് സ്മാര്‍ട്ട്സിറ്റി പദ്ധതി ഉപേക്ഷിക്കാം. അങ്ങനെയെങ്കില്‍ ടീകോമിന്റെയും അനുബന്ധസ്ഥാപനങ്ങളുടെയും ഓഹരി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതാണ് കരാര്‍ വ്യവസ്ഥ. ഇതിനൊപ്പം സര്‍ക്കാരിന്റെ കൈവശമുള്ള മുഴുവന്‍ ഓഹരിയും ടീകോമിന് ഏറ്റെടുക്കാം. ഇതിന്റെ മൂല്യം നിശ്ചയിക്കുന്നത് സ്വതന്ത്ര വാല്യുവേറ്ററായിരിക്കും. തുടര്‍ന്ന് പദ്ധതിയുടെ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ ആസ്തിയില്‍ സര്‍ക്കാരിന് അവകാശമുണ്ടാകില്ല. കമ്പനി അതുവരെ ചെലവഴിച്ച തുക സര്‍ക്കാരില്‍നിന്ന് ഈടാക്കാം. ഇത് കണക്കാക്കുന്നത് ടീകോമും സര്‍ക്കാരുംചേര്‍ന്ന് നിയോഗിക്കുന്ന സ്വതന്ത്ര ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും-എന്നതാണ് കരാര്‍ വ്യവസ്ഥ. ഇവിടെ ഈ കരാര്‍ ലംഘനമാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ടീകോമിന് മാത്രമാണ് കരാര്‍ ലംഘനത്തിന്റെ ഉത്തരവാദിത്തം.
ടീകോം വ്യവസ്ഥ ലംഘിച്ചാല്‍ ആദ്യം നോട്ടീസ് നല്‍കണം. ആറുമാസം കഴിഞ്ഞിട്ടും വീഴ്ച ആവര്‍ത്തിച്ചാല്‍ ടീകോമിനുള്ള പാട്ടം അവസാനിപ്പിച്ച് മുഴുവന്‍ ഓഹരിയും സര്‍ക്കാരിന് വാങ്ങാം. സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ മൂല്യം 91.52 കോടിയായി കണക്കാക്കും. ഈ സാഹചര്യത്തില്‍ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ (എസ്.പി.വി.) ആസ്തികള്‍ക്കുമേല്‍ ടീകോമിന് അവകാശമുണ്ടാകില്ല. സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കി ടീകോമില്‍നിന്ന് ഈടാക്കാം. ടീകോമും സര്‍ക്കാരും സംയുക്തമായി നിയോഗിക്കുന്ന സ്വതന്ത്ര ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും തുകയെത്രയെന്ന് തീരുമാനിക്കുക എന്നതാണ് ച്ട്ടം. എന്നാല്‍ ഇതൊന്നുമല്ല നടക്കുന്നത്. സമിതിയുടെ രൂപീകരണവും വിവാദത്തിലായി. സ്വതന്ത്ര ഇവാല്യുവേറ്ററുടെ നിയമനത്തിനായുള്ള ശുപാര്‍ശ നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ ടീകോം മുന്‍ എം.ഡി. ബാജു ജോര്‍ജിനെയും ഉള്‍പ്പെടുത്തിയത് വിവാദമായിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം സര്‍ക്കാര്‍ തുടക്കമിട്ട ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ എം.ഡി.യാണ്. ഐ.ടി. മിഷന്‍ ഡയറക്ടര്‍, കൊച്ചി ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. എന്നിവരാണ് മറ്റംഗങ്ങള്‍. ബാജു ജോര്‍ജിനെ ഉള്‍പ്പെടുത്തിയത് ടീകോം താല്‍പ്പര്യ സംരക്ഷണത്തിനാണെന്ന വാദവും സജീവമാണ്.
പദ്ധതിയില്‍ വീഴ്ചവരുത്തുന്നവരാണു കരാര്‍പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടത്. ടീകോമിനാണ് വീഴ്ചയുണ്ടായതെന്നു കണ്ടെത്തിയെങ്കിലും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പറഞ്ഞുവിടാനുള്ള സര്‍ക്കാര്‍ നീക്കമാണു ചോദ്യംചെയ്യപ്പെടുന്നത്. ടീകോം 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിര്‍മിക്കണമെന്നും 90,000 തൊഴില്‍ നല്‍കണമെന്നുമാണു കരാര്‍ വ്യവസ്ഥ. എന്നാല്‍, 13 വര്‍ഷം കഴിഞ്ഞിട്ടും 6.5 ലക്ഷം ചതുരശ്രയടി കെട്ടിടമേ നിര്‍മിക്കാന്‍ കഴിഞ്ഞുള്ളൂ. കാര്യമായ നിക്ഷേപം ആകര്‍ഷിക്കാനും കഴിഞ്ഞില്ല. പങ്കാളിത്ത കമ്പനിക്ക് വീഴ്ചയുണ്ടായാല്‍ നോട്ടീസ് നല്‍കി കരാര്‍ റദ്ദാക്കേണ്ടതു സര്‍ക്കാരാണ്. എന്നിട്ടും അനാസ്ഥ തുടര്‍ന്നാല്‍ കമ്പനിയുടെ ഓഹരികള്‍ തിരിച്ചെടുക്കാനും കരാര്‍പ്രകാരം സര്‍ക്കാരിനു കഴിയും. എന്നാല്‍, സര്‍ക്കാരാകട്ടെ ഇവാല്യുവേറ്ററെ നിയോഗിച്ച് ടീകോമിനുണ്ടായ നഷ്ടം കണക്കാക്കാക്കാനുള്ള നീക്കത്തിലാണ്. സ്മാര്‍ട് സിറ്റിയുടെ തുടക്കക്കാരന്‍ ഉമ്മന്‍ചാണ്ടിയാണ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തിയ നീക്കം സിപിഎം വിമര്‍ശിച്ചു. പിന്നീട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. പുതിയ വ്യവസ്ഥകളുമായി സ്മാര്‍ട്ട് സിറ്റി കൊണ്ടു വ്ന്നു. ഇത്തരമൊരു പദ്ധതിയെയാണ് നിലവിലെ പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുന്നത്.
ടീകോമിന് സര്‍ക്കാര്‍ ഒരു നഷ്ടപരിഹാരവും നല്‍കേണ്ടതില്ലെന്ന് ഐ.ടി. വിദഗ്ധന്‍ ജോസഫ് സി. മാത്യു പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവായിരുന്നു ജോസഫ്. ടീകോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കു നല്‍കാനുള്ള നീക്കമാണിതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ആഗോള ഐ.ടി. കമ്പനികളും നിക്ഷേപവും നേരിട്ടെത്താത്തതാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു തിരിച്ചടിയായത്. പദ്ധതിക്കായി 12% ഭൂമി സൗജന്യമായി നല്‍കണമെന്ന ആവശ്യത്തിന്മേല്‍ നടപടി വൈകിയതോടെ ടീകോമിന്റെ താത്പര്യവും കുറഞ്ഞു. സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനമാരംഭിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും കരാര്‍പ്രകാരം 90,000 പേര്‍ക്ക് ജോലിനല്‍കാന്‍ കഴിഞ്ഞില്ല. പദ്ധതിയില്‍നിന്നു പിന്മാറാന്‍ ടീകോം കത്ത് നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍, ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നതിനു പകരം അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വാദമാണു പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അഴിമതിയാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യകരാര്‍ ഒപ്പുവച്ചത്. എന്നാല്‍, വി.എസ്. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികദിനത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമുമായി വീണ്ടും കരാറൊപ്പിട്ടു. അതില്‍ ടീകോമില്‍നിന്ന് നഷ്ടപരിഹാരം ഇടാക്കാന്‍ വ്യവസ്ഥയില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വീഴ്ചയുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിനെതിരേ നടപടിക്കു മാത്രമാണ് വ്യവസ്ഥയെന്ന് 2014-ലെ സി.എ.ജി. റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. കരാറിലെ പഴുതുകള്‍ പദ്ധതി അനന്തമായി വൈകിപ്പിക്കാന്‍ കമ്പനിക്കു സഹായകമായെന്നും സി.എ.ജി. റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതേ പഴുതുകളാണ് ഇപ്പോള്‍ നഷ്ടപരിഹാരചര്‍ച്ചയിലേക്കു കാര്യങ്ങളെത്തിച്ചതെന്ന മറുവാദവും ശക്തമാണ്.