കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ആശങ്ക പടര്‍ത്തിയ പുക അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്വാസം കിട്ടാതെ നാല് പേര്‍ മരിച്ചതായി വിവരം. നേരത്തെ, അത്യാഹിത വിഭാഗത്തില്‍ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്. ഇതോടെ അത്യാഹിത വിഭാഗത്തിനടുത്ത് എങ്ങും ആശങ്ക പരക്കുകയാണ്.

അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് യുപിഎസ് റൂമില്‍ പുക കണ്ടതിനെ തുടര്‍ന്ന് രോഗികളെ അവിടെ നിന്നും ഒഴിപ്പിച്ചു. സ്ഥലത്ത് ഫയര്‍ ഫോഴ്‌സ് സംഘം എത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ പുറത്തേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ നഗരത്തിലെ എല്ലാ ആംബുലന്‍സുകളും മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്.

രാത്രി 8മണിയോടെ ആണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ക്യാഷ്വാലിറ്റിയില്‍ നിന്ന് പുക വലിച്ചു എടുത്തു. നിലവില്‍ 200ല്‍ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. ആശുപത്രിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയന്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് പറഞ്ഞു. നിലവില്‍ ആശുപത്രിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗികളെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും അവിടെ അവിടെ ഒരുക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.


പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാന്‍ സാധിക്കാത്തവിധം പുക പടര്‍ന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും നഴ്സുമാരും സ്ഥിരീകരിക്കുന്നു.

അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീല്‍ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.

അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി

അതേസമയം സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

(സഹായങ്ങള്‍ക്കായി വിളിക്കുക: 9188920765 - മെഡിക്കല്‍ കോളേജ് ഹെല്‍പ് ഡെസ്‌ക് നമ്പര്‍)