തിരുവനന്തപുരം: ചികിത്സാ പിഴവ് മൂലം മകന്‍ മരിച്ചതിന്റെ ആഘാതത്തില്‍ അവര്‍ക്ക് രക്ഷ നേടാനായിരുന്നില്ല. ഈ വേദനയെ തുടര്‍ന്നാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലൂടെ ഒഴുകുന്ന നെയ്യാറില്‍ ചാടി ദമ്പതികള്‍ ജീവനൊടുക്കിയത്. മുട്ടട സ്വദേശികളായ ശ്രീകല, സ്‌നേഹദേവിന്റേയും മരണം മുട്ടടയില്‍ ചര്‍ച്ചയാക്കുന്നത് അവരുടെ മകന്റെ അപ്രതീക്ഷിത വിയോഗമായിരുന്നു.

ആത്മഹത്യ ചെയത് കടവില്‍ നിന്നും മാറി പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും ഇവരുടെ നാല് പേജോളം വരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മകന്‍ ശ്രീദേവ് മരിച്ച സങ്കടത്തിലാണ് ജീവനൊടുക്കിയതെന്ന് ദമ്പതികളുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ ഏക മകന്‍ ശ്രീദേവ് ഹൃദയാഘാതം മൂലം മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ശ്രീദേവിന്റെ ചികിത്സ. മകന് ചികിത്സ നിഷേധിച്ചെന്ന് ചൂണ്ടിക്കാണിച്ച് ദമ്പതികള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. മകന്‍ മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്നും, നീതി കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മകന്റെ പേരിലുള്ള എല്ലാ സ്വത്തും ട്രസ്റ്റിന് എഴുതി വച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇരുവരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ഇവരുടെ മൃതദേഹം കൊണ്ടു പോയതും മകന്റെ ജീവനെടുത്തുവെന്ന് അവര്‍ വിശ്വസിച്ച അതേ മെഡിക്കല്‍ കോളേജിലേക്കായിരുന്നു.

അരുവിപ്പുറം ക്ഷേത്രത്തിനു സമീപം കാര്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇവരുടെ ഏകമകന്‍ എസ് ശ്രീദേവ് (22) മരിച്ചത്. പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രമായ സൈലത്തിലെ അധ്യാപികയായിരുന്നു ശ്രീകല. തലസ്ഥാന പത്രിക എന്ന പത്രത്തിന്റെ സ്ഥാപകനായിരുന്നു സ്‌നേഹദേവ്. നിലവില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയായിരുന്നു. ''മകന്റെ ഓര്‍മദിവസമാണ് ഫെബ്രുവരി 3ന്, ഞങ്ങളിവിടെ ഉണ്ടാവില്ല ഒരു തീര്‍ഥയാത്രയിലായിരിക്കും. ചെറിയൊരു അനുസ്മരണ ചടങ്ങ് നടത്തണം...''-ബന്ധുക്കളെയും കൗണ്‍സിലറെയും പറഞ്ഞേല്‍പ്പിച്ചിട്ടാണ് സ്നേഹദേവും ശ്രീകലയും മരണത്തിലേക്ക് പോയത്. മരണത്തിന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ അവശേഷിക്കവേയാണ് ഇരുവരും ജീവനൊടുക്കിയത്. മകന്‍ മരിച്ച മലയാള മാസത്തിലെ നക്ഷത്ര ദിനമായിരുന്നു ഇതിന് വേണ്ടി തിരഞ്ഞെടുത്തത്.

ശ്രീദേവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന ലക്ഷ്യം നാട്ടുകാരേയും അവര്‍ അറിയിച്ചിരുന്നു. ഇതിനായി കല്ലില്‍ കൊത്തി സന്ദേശം അവര്‍ സ്ഥാപിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി 3ന് കുടുംബത്തിലെ നിര്‍ദ്ധനരായ അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം എന്നതായിരുന്നു പ്രധാനം. പക്ഷി-മൃദാദികള്‍ക്ക് കഴിയുന്നത്ര ദിവസങ്ങളില്‍ ഭക്ഷണം നല്‍കണമെന്നതായിരുന്നു മറ്റൊരു ലക്ഷ്യം. എല്ലാ വര്‍ഷവും ഏതാനും ക്ഷേത്രങ്ങള്‍ക്ക് ഉത്സവ സംഭവാന നല്‍കണം. ഇതിനൊപ്പം നിസ്വര്‍ത്ഥ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകര്‍ക്ക് പാരിദോഷികം നല്‍കി ആദരിക്കല്‍. ഈ ട്രസ്റ്റ് ഒരു കാലത്തും ആരില്‍ നിന്നും സംഭാവന സ്വീകരിക്കില്ലെന്നും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പരുത്തിപ്പാറ സ്‌നേഹ ദേവ് അറിയിച്ചിരുന്നു. മകന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച ശിലാ ഫലകത്തിനൊപ്പമായിരുന്നു ഈ നിര്‍ദ്ദേശം പൊതു ജനങ്ങളേയും അറിയിച്ചത്. ആ ശിലാ ഫലകം ഇന്ന് പരുത്തിപ്പാറയില്‍ വേദനയായി മാറുന്നു.

പേരൂര്‍ക്കട ലോ അക്കാദമിയിലെ അവസാനവര്‍ഷ നിയമവിദ്യാര്‍ഥിയായിരുന്ന ഇവരുടെ മകന്‍ എസ് ശ്രീദേവ് 2024 ഫെബ്രുവരി മൂന്നിനാണ് മരിച്ചത്. പനിബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പനി ചികില്‍സയ്ക്കിടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ഹൃദയാഘാതവുമുണ്ടായി. അങ്ങനെയായിരുന്നു മരണം. അതിന് ശേഷം മകന്റെ ഓര്‍മയ്ക്കായി ശ്രീദേവ് സ്നേഹദേവ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചു. തുടര്‍ന്ന് 18ന് സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. കൂടാതെ നിര്‍ധന കുടുംബത്തിലുള്ളവര്‍ക്ക് ധനസഹായവും നല്‍കി. വരുംവര്‍ഷങ്ങളിലും ഇത് തുടരുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. മറ്റാരുടെ കൈയില്‍നിന്ന് പണം വാങ്ങാതെയായിരുന്നു ട്രസ്റ്റിന്റെ പ്രവര്‍ത്തനം. ഇതിനായി മരണത്തിനുമുമ്പ് തങ്ങളുടെ സ്വത്തുക്കളും പണവും പൂര്‍ണമായും ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ശേഷം ക്ഷേത്രദര്‍ശനങ്ങള്‍ നടത്തുന്നത് പതിവായിരുന്നു. തീര്‍ഥയാത്രയ്ക്ക് പോകുമെന്നും അറിയിച്ചിരുന്നു.




അഞ്ച് ദിവസം മുമ്പ് ഇവരുടെ കാര്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന സഹോദരനെ ഏല്‍പ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. കുറച്ചു ദിവസം കാണില്ലെന്നും ക്ഷേത്ര ദര്‍ശനത്തിനു പോകുന്നുവെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ, സഹോദരന്‍ താക്കോല്‍ തിരിച്ചുനല്‍കി. തുടര്‍ന്നാണ് ദമ്പതികള്‍ അരുവിപ്പുറത്തെത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ഇവര്‍ ക്ഷേത്രത്തിനു സമീപം നടന്നു പോകുന്നതും കണ്ടവരുണ്ട്. സ്നേഹദേവ് 'തലസ്ഥാന പത്രിക'എന്ന പേരില്‍ ഇടക്കാലം വരെ പത്രം നടത്തിയിരുന്നു. മകന്റെ മരണ ശേഷമാണ് പത്രം നടത്തുന്നത് നിര്‍ത്തിയത്.