- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുത്തോ കുടചക്രമോ കുന്തമോ എന്തായാലും മതി, സുക്കറണ്ണൻ പറഞ്ഞതല്ലേ, തന്നേക്കൂട്ടോ, ഇല്ലേൽ പണി കിട്ടിയാലോ': കുത്തിട്ടില്ലെങ്കിൽ നിങ്ങൾക്കിനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ; കുത്തിട്ടാൽ ഫേസ്ബുക്കിനെ പറ്റിക്കാൻ ആവുമോ? 'കുത്തിടൽ കെഞ്ചലിന്' പിന്നിൽ
തിരുവനന്തപുരം: കുത്തിടാൻ വേണ്ടി കെഞ്ചൽ. ഫേസ്‌ബുക്ക് തുറന്നാൽ സർവം കുത്തുമയം. ചിലർ ഗൗരവമായും, ചിലർ തമാശയ്ക്കും. എന്തായാലും ഒന്നുറപ്പ്, അൽഗോരിതത്തെ ആണ് എല്ലാവർക്കും പേടി. അൽഗോരിതം എന്ന രാക്ഷസൻ ചില നിയമങ്ങൾ ഇറക്കിയിരിക്കുന്നു. ആ ക്രൂരന്റെ കൈകളിൽ നിന്ന് രക്ഷപ്പെടാൻ കുത്ത്, ഹലോ, സ്റ്റിക്കർ, എന്നിവയ്ക്കായി കെഞ്ചുകയാണ് നെറ്റിസൺസ്. ഇതിന്റെ കിടപ്പുവശം മനസ്സിലാക്കാൻ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റ് വായിക്കാം:
'എന്റെ മുഖപുസ്തകത്തിലെ എന്റെ എഴുത്തും ,ഫോട്ടോകളും എന്റെ എഫ്ബി സുഹൃത്തുക്കൾക്ക് ഇനി കാണാനും വായിക്കാനും സാധിക്കണമെങ്കിൽ ഒരു കമന്റോ, അടയാളമായി നൽകിയാലേ പുതിയ ഫേസ്‌ബുക്ക് അൽഗോരിതം നിയമങ്ങൾ മറികടന്ന് നമുക്ക് പരസ്പരം ബന്ധപ്പെടാൻ സാധ്യമാകുകയുള്ളു.
ഞാൻ ഫേസ്‌ബുക്കിൽ നിങ്ങളെ ഫോളോ ചെയ്താൽ, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് കാണാനും വായിക്കാനും കഴിയുമായിരുന്നു , എന്നാൽ പുതിയ ഫേസ്‌ബുക്ക് നിയമങ്ങൾ അതിനെ തടഞ്ഞിരിക്കുന്നു ... നിങ്ങളുടെ ന്യൂസ് ഫീഡിൽ ഇപ്പോൾ കുറച്ച് ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണാനാകൂ, ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം.
എന്തെന്നാൽ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഫേസ്‌ബുക്ക് ഒരു പുതിയ നിയമസംഹിത ഉപയോഗിക്കുന്നു. അതിനാൽ 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്. അത് കാരണം നിങ്ങളുടെ പോസ്റ്റ് ആരൊക്കെ വായിക്കണമെന്ന് സിസ്റ്റം തീരുമാനിക്കും. നിങ്ങൾ ഈ പോസ്റ്റ് വയിക്കുന്നുവെങ്കിൽ ദയവായി നിങ്ങൾ ഒരു ഹ്രസ്വ അഭിപ്രായം നൽകൂ, ഒരു 'ഹലോ', ഒരു സ്റ്റിക്കർ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തും.
അപ്പോൾ എന്റെ വാർത്താ ഫീഡിൽ നിങ്ങൾ വീണ്ടും ദൃശ്യമാകും. നിങ്ങളുടെ ടൈംലൈനിലിലും ഈ കുറിപ്പ് പേസ്റ്റ് ചെയ്യുക.
(കടപ്പാട്)
അൽഗോരിതം ശരിക്കും ഒരുദുഷ്ടകഥാപാത്രത്തെ പോലെ ആയിരിക്കുന്നു. ഫേസ്‌ബുക്കിൽ പോസ്റ്റിടുന്ന ഓരോ ആൾക്കും ചില മുൻഗണനകളും, താൽപര്യങ്ങളും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഏതൊക്കെ പോസ്റ്റുകൾ ആളുകൾ കാണണം, കാണണ്ടാ എന്ന് തീരുമാനിക്കുന്ന ഒരു സംവിധാനം. ഈ സംവിധാനത്തെ പേടിച്ചാണ് കുത്തിടൽ പരിപാടി. ആറുവർഷം മുമ്പാണ് ഈ കുത്തിടൽ ഭീഷണി ആദ്യമായി കോപ്പി പേസ്റ്റ് രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. 2017 ഡിസംബറിൽ അമേരിക്കയിൽ പ്രചരിച്ച പോസ്റ്റിന്റെ പരിഭാഷയാണ് വർഷങ്ങളായി ഇവിടെ പ്രചരിക്കുന്നത്.
കുത്തിട്ട് സഹായിക്കാൻ പോസ്റ്റിട്ടതുകൊണ്ടോ, കുത്തിട്ടതുകൊണ്ടോ ആരുടെയും ഫേസ് ബുക്ക് റീച്ച് കൂടില്ല എന്നാണ് ഫേസ്‌ബുക്കിന്റെ തന്നെ അറിയിപ്പ്. വാഷിങ്ടൺ പോസ്റ്റിൽ വന്ന റിപ്പോർട്ടിലെ പ്രസക്ത ഭാഗം ഇങ്ങനെ: 'ഇതിൽ ഒരു വാസ്തവവുമില്ല. ഓരോ പോസ്റ്റും നിങ്ങളെ സംബന്ധിച്ച് എത്രമാത്രം പ്രസക്തമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ് ഫീഡിനെ ഞങ്ങൾ റാങ്ക് ചെയ്യുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റുകൾ കൂടുതലായി കാണാൻ കഴിയുന്ന വിധത്തിൽ ചില അപ്‌ഡേറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിലും 25 പേരുടെ മാത്രം എന്ന് പരിമിതപ്പെടുത്തിയിട്ടില്ല'
2018 ന് ശേഷം, ഫേസ്‌ബുക്കിൽ, സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമായ, കൂടുതൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളെ ബൂസ്റ്റ് ചെയ്യുന്ന തരത്തിൽ അൽഗോരിതം മാറിയിട്ടുണ്ട്. സുഹൃത്തുക്കൾ, കുടുംബക്കാർ, എന്നിവരുടെ പോസ്റ്റുകൾ, വൈറൽ മീമുകൾ, എന്നിവയ്ക്ക് മുൻഗണന കിട്ടുന്നുണ്ട്. 2010 നും 2018 നും മധ്യേയുള്ള കാലത്തെ ഫേസ്‌ബുക്കിന്റെ അൽഗോരിത സംവിധാനത്തിൽ നിന്നൊരു മാറ്റമായിരുന്നു ഇത്. അതുവരെ സൈറ്റിൽ ചെലവഴിക്കുന്ന സമയത്തെ ആധാരമാക്കിയായിരുന്നു ഈ തീരുമാനമെടുക്കൽ. ഇതിനൊപ്പം, പ്രൊഫഷണലായി നിർമ്മിക്കുന്ന വീഡിയോകൾ, ക്ലിക്ക് ബെയ്റ്റ് ആർക്കിൾസ് എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു.
ഓരോ ഫേസ്‌ബുക്ക് ഉപയോക്താവിന്റെയും ഫീഡ് അയാൾ പ്രകടിപ്പിക്കുന്ന താൽപര്യങ്ങൾ പോലെയിരിക്കും. നമ്മുടെ ചങ്ങാതി പട്ടികയിലുള്ള എല്ലാവരുടെയും എല്ലാ പോസ്റ്റുകളും നമുക്ക് കാണാൻ കഴിയാറില്ല. നമ്മൾ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഫേസ് ബുക്ക് കരുതുന്ന അല്ലെങ്കിൽ കണക്കുകൂട്ടുന്ന പോസ്റ്റുകളാണ് ഫീഡിൽ വരുന്നത്. ഇത് ഫേസ് ബുക്ക് തീരുമാനിക്കുന്നത് എഫ്.ബിയിലെ നമ്മുടെ കൊടുക്കൽ വാങ്ങലിന്റെ അടിസ്ഥാനത്തിലാണ്.
ഉദാഹരണത്തിന് നമ്മൾ ഒരു വ്യക്തിയുടെ പോസ്റ്റുകളിൽ പോയി സ്ഥിരമായി കമന്റ് ചെയ്യുകയോ, ലൈക്ക് ചെയ്യുകയോ, കമന്റുകൾക്ക് മറുപടി നൽകുകയോ, ആ വ്യക്തിയുടെ പ്രൊഫൈൽ തേടിപ്പിടിച്ച് പോയി കമന്റ് ചെയ്യുകയോ, മെസഞ്ചറിൽ ചാറ്റ് ചെയ്യുകയോ പോസ്റ്റുകളിലും കമന്റുകളിലും പരാമർശിക്കുകയോ ഒക്കെ ചെയ്താൽ ആ വ്യക്തിയുടെ പോസ്റ്റുകൾക്ക് ന്യൂസ് ഫീഡിൽ മുൻഗണന കിട്ടുന്നു. ചുരുക്കി പറഞ്ഞാൽ ഒരു പോസ്റ്റിലെ കുത്തുകൊണ്ട് കാര്യമില്ല, സ്ഥിരമായി പരസ്പര ആശയവിനിമയം ഉണ്ടാകണം.
2006 ൽ ഫേസ്‌ബുക്ക് ന്യൂസ് ഫീഡ് അവതരിപ്പിച്ചപ്പോൾ താരതമ്യേന ലളിതമായിരുന്നു. സുഹൃത്തുക്കൾ പ്രൊഫൈൽ പിക്ചർ അപ്‌ഡേറ്റ് ചെയ്തു, ഇന്നയിടത്ത് ജോലിക്ക് ചേർന്നു തുടങ്ങിയ ഓട്ടോമാറ്റിക്കലി വരുന്ന ഫീഡുകളായിരുന്നു. അവയ്ക്ക് ഒരു പോസ്റ്റിന്റെ സ്വഭാവം ഇല്ലായിരുന്നു. ഒരാൾ സുഖമായിരിക്കുന്നു എന്ന് അറിയിപ്പ് മാത്രം. എന്നാൽ, 2009 മുതൽ, കാര്യങ്ങൾ കുറെ കൂടി എരിവും പുളിയും ഉള്ളതായി. ഒരു ഫ്രണ്ട്... 'നോ ലോംഗർ ഇൻ റിലേഷൻഷിപ്പ് 'തുടങ്ങിയവ മുകളിൽ പ്രത്യേക്ഷപ്പെടാൻ തുടങ്ങി.
കഴിഞ്ഞ 13 വർഷത്തിനിടെ ന്യൂസ് ഫീഡ് അൽഗോരിതം പാടേ മാറിയിരിക്കുന്നു. എന്നാൽ, എരിവും പുളിയും ഉള്ളവ മുകളിൽ തന്നെ പ്രത്യക്ഷപ്പെടുന്ന പതിവ് തുടരുന്നു. ഫേസ്‌ബുക്കിന്റെ അൽഗോരിതം പ്രവചനങ്ങൾ കൂടുതൽ അത്യാധുനികമായി എന്ന് കമ്പനി തന്നെ അവകാശപ്പെടുന്നു. എന്നിരുന്നാലും ഫീഡ് റാങ്കിങ് സംവിധാനം എന്നുപറയുന്നത് ഭയങ്കര ദുരൂഹ സംഭവം ഒന്നുമല്ല. ഫേസ്‌ബുക്കിലെ ജീവനക്കാരുടെ വൈഭവം, ഉൾക്കാഴ്ച, മൂല്യവിചാരം എന്നിവയെ ആശ്രയിച്ചുകൂടിയാണ് ഈ അൽഗോരിതം പ്രവചനങ്ങളുടെ ഗതി നിർണയം.
മറുനാടന് മലയാളി ബ്യൂറോ