തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. 31 ഉദ്യോഗസ്ഥരെ കൂട്ടമായി സസ്പെന്‍ഡ് ചെയ്താണ് നടപടി. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുമരാമത്ത് വകുപ്പിലെ 47 ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ധനകാര്യ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ 15 പേര്‍ മറ്റ് വകുപ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഒരാള്‍ വിരമിച്ചെന്നും കണ്ടെത്തിയതിനാലാണ് ശേഷിക്കുന്ന 31 പേര്‍ക്കെതിരെ നടപടിയെടുത്തത്.

ഇവരില്‍ നിന്ന് 18 ശതമാനം പലിശയോടെ അവര്‍ കൈക്കലാക്കിയ പണം തിരിച്ചുപിടിക്കാനുള്ള തീരുമാനവും ധനവകുപ്പ് ഉത്തരവിട്ടിരുന്നു. അതും നടപ്പിലാക്കിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാവരോടും വിശദീകരണവും ചോദിക്കും.

1458 സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതെന്നാണ് ധനവകുപ്പ് റിപ്പോര്‍ട്ട്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അദ്ധ്യാപകര്‍ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരുന്നത്. ധനവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഒരു മാസം 23 ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടമാകുന്നത്. ഒരുവര്‍ഷം രണ്ടേമുക്കാല്‍ കോടി രൂപയും.പെന്‍ഷന്‍ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്ട്വെയറിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാര്‍ക്ക് സോഫ്ട്വെയറിലെയും ആധാര്‍ നമ്പരുകള്‍ ഒരുപോലെ വന്നതാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയായത്. പെന്‍ഷന്‍ പട്ടികയില്‍ 62 ലക്ഷം പേരാണുള്ളത്. ക്രമക്കേടു കാട്ടി പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരുന്നവരെ കണ്ടെത്തിയതിനെത്തുടര്‍ന്ന് വ്യാപകമായ പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.