തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ നികുതി അടയ്ക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേഷന്റെ ഭാഗമായി വിവിധ ജില്ലകളിലെ നിരവധി കെട്ടിടങ്ങളുടെ രേഖകള്‍ സര്‍ക്കാര്‍ ഡാറ്റാ ബേസില്‍ നിന്നും അപ്രത്യക്ഷമായി. കോഴിക്കോട് നഗരസഭയില്‍ മാത്രം 25,000 ത്തോളം കെട്ടിടങ്ങള്‍ ഡാറ്റാ ബേസില്‍ നിന്നും മാഞ്ഞുപോയി. നഗരസഭകള്‍ തെറ്റു തിരിച്ചറിഞ്ഞത് നികുതി അടയ്ക്കാനെത്തിയവര്‍ നല്‍കിയ നമ്പര്‍ പരിശോധിച്ചപ്പോഴാണ്. നികുതി അടയ്ക്കാനാവാത്തതിനാല്‍ കെട്ടിടം വില്‍ക്കാനും കൈമാറാനുമാകാതെ ഉടമകള്‍ വിഷമിക്കുകയാണ്. ദിവസങ്ങളെടുത്തു മാത്രമേ പ്രശ്നം പരിഹരിക്കാനാകൂയെന്ന് തദ്ദേശ വകുപ്പ് വ്യക്തമാക്കി.

മാസങ്ങള്‍ക്കു മുന്‍പാണ് തദ്ദേശ സ്ഥാപനങ്ങളിലെ നികുതി അടയ്ക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ ആരംഭിച്ചത്. ഐ.ടി മിഷന്റെ മേല്‍നോട്ടത്തിലുള്ള അപ്ഡേഷന്‍ പിശകിന്റെ ഭാഗമായി വിവിധ ജില്ലകളിലെ നിരവധി കെട്ടിടങ്ങള്‍ നഗരസഭാ ഡാറ്റയില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഏതൊക്കെ കെട്ടിടങ്ങളുടെ രേഖകളാണ് ഡിലീറ്റ് ആയതെന്ന കൃത്യമായ കണക്കുകള്‍ തദ്ദേശ വകുപ്പ് ശേഖരിച്ചു വരുകയാണ്. നികുതി അടയ്ക്കാനെത്തുന്നവര്‍ നല്‍കുന്ന കെട്ടിട നമ്പര്‍ പരിശോധിക്കുമ്പോഴാണ് ഡിലീറ്റായ വിവരം നഗരസഭ അറിയുന്നത്. മാഞ്ഞുപോയ രേഖകള്‍ കൂട്ടിച്ചേര്‍ക്കണമെങ്കില്‍ നഗരസഭകള്‍ക്ക് തദ്ദേശ വകുപ്പ് ഡയറക്ടറുടെ അനുമതി ആവശ്യമാണ്. രേഖകള്‍ സഹിതമുള്ള അപേക്ഷ ഡയറക്ടറേറ്റില്‍ അയച്ച് പരിശോധനകള്‍ക്കുശേഷം കൂട്ടിച്ചേര്‍ക്കാന്‍ സമയം ആവശ്യമാണ്.

കോഴിക്കോട് നഗരസഭയില്‍ സോഫ്റ്റ്വെയര്‍ അപ്ഡേഷനു പുറമേ മറ്റൊരു അപാകതയും സംഭവിച്ചു. സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ സമയത്ത് നികുതി രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്ത കെട്ടിടങ്ങളുടെ പട്ടിക നഗരസഭ ഇന്‍ഫോര്‍മേഷന്‍ കേരള മിഷനു കൈമാറിയിരുന്നു. ഈ കെട്ടിടങ്ങളുടെ വിവരങ്ങള്‍ ഡാറ്റ ബേസില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, ഇത്തരം പട്ടികകളുടെ കൂട്ടത്തില്‍ യഥാര്‍ത്ഥത്തിലുള്ള കെട്ടിടങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് തിരിച്ചടിയായത്. യഥാര്‍ത്ഥ കെട്ടിടങ്ങളുടെ വിവരങ്ങള്‍ പുന:സ്ഥാപിക്കണമെങ്കില്‍ നഗരസഭ തദ്ദേശ വകുപ്പിന് പുതിയ അപേക്ഷ നല്‍കേണ്ടി വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി തദ്ദേശ വകുപ്പിന് കത്തു നല്‍കിയിട്ടുണ്ട്.

കോഴിക്കോട് 2022 ല്‍ നഗരസഭാ ഉദ്യോഗസ്ഥരുടെ യൂസര്‍ ഐഡിയും പാസ്വേഡും ചോര്‍ത്തി വ്യാജരേഖയുണ്ടാക്കി നഗരത്തിലെ ഇരുനൂറോളം കെട്ടിടങ്ങള്‍ക്കു അനധികൃത നമ്പര്‍ നല്‍കിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും (ഡിസിബി) അന്വേഷിച്ച കേസില്‍ കോര്‍പറേഷനിലെ രണ്ടു ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. യൂസര്‍ ഐഡിയും പാസ്വേഡും ചോര്‍ത്തി വ്യാജരേഖ നിര്‍മിച്ച് കോര്‍പറേഷനില്‍ 195 കെട്ടിടങ്ങള്‍ക്കു അനധികൃതമായി നമ്പര്‍ നല്‍കിയതായാണ് കണ്ടെത്തിയിരുന്നത്. ഈ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് ഗൂഢാലോചന, വഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, ഐടി ആക്ട് എന്നീ കുറ്റങ്ങളിലാണു കേസെടുത്തത്. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടി ഉള്‍പ്പെട്ട കേസ് വന്‍ വിവാദമാണ് സൃഷ്ടിച്ചിരുന്നത്.