- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
19കാരിയെ ഒറ്റ ചവിട്ടിന് പുറത്തേക്ക് തള്ളിയിട്ടത് പനച്ചമൂടുകാരനായ വടക്കുംകര സുരേഷ് കുമാര്‍; 48കാരനെ കൈയ്യൊടെ പൊക്കി തീവണ്ടി യാത്രക്കാര്‍; കൊച്ചുവേളിയില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു; രക്ഷാപ്രവര്‍ത്തനം നടന്നത് മെമുവില്‍; സോനയ്ക്കായി കേരളം പ്രാര്‍ത്ഥനയില്‍
തിരുവനന്തപുരം : ആ തീവണ്ടി ക്രൂരതയ്ക്ക് പിന്നിലെ പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത് കൊച്ചു വേളിയില്‍ നിന്നും. തീവണ്ടിയില്‍ അക്രമം നടത്തിയ പ്രതിയെ യാത്രക്കാര്‍ പിടിച്ചുവയ്ക്കുകയായിരുന്നു. പാലോട് സ്വദേശിനി സോന(19) ആണ് ആക്രമണത്തിന് ഇരയായത്. വെള്ളറട പനച്ചമൂട് സ്വദേശിയായ വടക്കുംകര സുരേഷ് കുമാറിനെ(48) കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലാണ് സോന യാത്ര ചെയ്തിരുന്നത്. അയന്തി മേല്‍പ്പാലത്തിനു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. ട്രാക്കില്‍ കിടന്ന സോനയെ എതിരെ വന്ന മെമു ട്രെയിന്‍ നിര്‍ത്തി അതില്‍ കയറ്റിയാണ് വര്‍ക്കല സ്റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്താണ് സോന വീണത്. ഈ സ്ഥലത്തേക്ക് ആംബുലന്‍സ് അടക്കം എത്തുക പ്രയാസകരമാണ്. ആളുകള്‍ക്ക് നടന്നെത്താന്‍ പോലും വഴിയില്ലാ പ്രദേശം. അതുകൊണ്ടാണ് തീവണ്ടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കേരളാ എക്‌സ്പ്രസില്‍ നിന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മെമുവിന്റെ ഇടപെടല്‍. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സോനയുള്ളത്. നില അതീവഗുരതരമായി തുടരുന്നു.
വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത് സഹയാത്രികനെന്ന് ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു. ട്രെയിനില്‍ നിന്നും ഇറങ്ങാറായ സമയത്താണ് സംഭവമെന്ന് സോനയ്‌ക്കൊപ്പം യാത്ര ചെയ്ത സുഹൃത്ത് പറഞ്ഞു. സുഹൃത്ത് ശുചിമുറിയില്‍ പോയ സമയത്താണ് പുറത്തേക്ക് നോക്കി നിന്ന സോനയെ പ്രതിയായ സുരേഷ് കുമാര്‍ ചവിട്ടി തള്ളിയിട്ടത്. ആലുവയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സോനയും സുഹൃത്തും.
ഇയാള്‍ വ്യത്യസ്തമായ മൊഴികളാണ് പൊലീസിനു നല്‍കുന്നത്. സുരേഷ് കുമാര്‍ കോട്ടയത്ത് നിന്നാണ് ട്രെയിനില്‍ കയറിയത് എന്നാണ് വിവരം. ഇയാള്‍ പെയിന്റിങ് തൊഴിലാളിയാണ്. സോനയുടെ സുഹൃത്തിനെയും പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി വിവരമുണ്ട്. മദ്യലഹരിയിലായിരുന്നു ഇയാള്‍. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസിലാണു സംഭവം. ഞായറാഴ്ച രാത്രി 8.30ന് ആണു സംഭവം. ട്രെയിന്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തിയപ്പോള്‍ സുരേഷ് ജനറല്‍ കംപാര്‍ട്‌മെന്റില്‍ കയറി. സുരേഷ്‌കുമാര്‍ മദ്യലഹരിയില്‍ പെരുമാറിയത് സോനയും സുഹൃത്തും ചോദ്യം ചെയ്തു.
ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ട്രെയിന്‍ വര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ അയന്തി പാലത്തിനു സമീപം എത്തിയപ്പോള്‍, പ്രകോപിതനായ സുരേഷ്‌കുമാര്‍ സോനയെ പുറത്തേക്ക് ചവിട്ടി തെറിപ്പിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. യുവതിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന് ദൃക്സാക്ഷിയായ സഹയാത്രിക വ്യക്തമാക്കി.
വാതിലില്‍ പിടിച്ചു നിന്നതിനാല്‍ താന്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും പ്രകോപനം ഇല്ലാതെയായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു.




