- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഡാക്ക് പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ള സോനം വാങ്ചുക് അറസ്റ്റിൽ; ദേശസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത സാമൂഹിക പ്രവർത്തകനെ മാറ്റിയത് അജ്ഞാത കേന്ദ്രത്തിലേക്ക്; അറസ്റ്റ് വെള്ളിയാഴ്ച മാധ്യമങ്ങളെ കാണാനിരിക്കെ
ലേ: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ള സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക് അറസ്റ്റിൽ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് മാധ്യമങ്ങളെ കാണാനിരിക്കെയാണ് ലഡാക്ക് പോലീസ് സംഘം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. ദേശസുരക്ഷാ നിയമപ്രകാരമാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഡയറക്ടർ ജനറൽ ഓഫ് പോലീസ് എസ്.ഡി. സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്.
ലേയിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അറസ്റ്റിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലേയിൽ നടന്ന സംഘർഷഭരിതമായ പ്രതിഷേധങ്ങൾക്കിടെയാണ് വാങ്ചുക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടന്നുവരുന്ന സമരങ്ങൾക്കിടെയാണ് ഈ അറസ്റ്റ്. അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ലേ പൊലീസ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. സെപ്റ്റംബർ 10 മുതൽ സോനം വാങ്ചുക് ഉൾപ്പെടെ 15 പേർ നിരാഹാര സമരം ആരംഭിച്ചിരുന്നു. നിരാഹാരം അനുഷ്ഠിച്ച രണ്ട് പേരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ലേ ഏപ്പെക്സ് ബോഡിയുടെ യുവജന സംഘടന പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇത് അക്രമാസക്തമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിവയ്‌ക്കേണ്ടി വന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേപ്പാളിലെ ജനകീയ പ്രക്ഷോഭങ്ങളുമായി ലഡാക്കിലെ സമരത്തെ ഉപമിച്ച വാങ്ചുക്കിന്റെ പ്രസ്താവനകൾ സംഘർഷത്തിന് കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. ഇതിനെ തുടർന്ന് വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയായ 'ദ സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കി'ന്റെ ലൈസൻസും കേന്ദ്രം റദ്ദാക്കിയിരുന്നു.
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചു എന്നാരോപിച്ചായിരുന്നു ഈ നടപടി. നിലവിൽ ലഡാക്ക് കലാപം സിബിഐ അന്വേഷിക്കുകയാണ്. വാങ്ചുക്കിന്റെ പാകിസ്ഥാൻ സന്ദർശനവും അന്വേഷണ പരിധിയിലുണ്ട്. ലഡാക്കിന് വേണ്ടിയുള്ള സമരത്തിൽ അറസ്റ്റിലാകുന്നതിൽ സന്തോഷമേയുള്ളൂ എന്ന് വാങ്ചുക് അടുത്തിടെ പ്രതികരിച്ചിരുന്നു