- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഞങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ല, സെറ്റ് ലഹരിമുക്തമായിരുന്നു; വിന്‍സി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നു; നിയമപരമായ എല്ലാ നടപടിക്കും ഒപ്പമുണ്ടാകും; സിനിമയെ കൊല്ലരുതെന്ന് 'സൂത്രവാക്യം' നിര്‍മ്മാതാവും സംവിധായകനും
സിനിമയെ കൊല്ലരുതെന്ന് 'സൂത്രവാക്യം' നിര്‍മ്മാതാവും സംവിധായകനും
തിരുവനന്തപുരം: ചിത്രീകരണം പൂര്‍ത്തിയായ 'സൂത്രവാക്യം' എന്ന സിനിമയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ വെറുതെവിടണമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മേലും അടക്കമുള്ളവരാണ് മാധ്യമങ്ങളെ കണ്ടത്. തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് പ്രശ്‌നങ്ങള്‍ അറിഞ്ഞതെന്നും നിര്‍മ്മാതാവ് ശ്രീകാന്ത് പറഞ്ഞു. നടി വിന്‍സി അലോഷ്യസിന്റെ പരാതിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഇവര്‍ മാധ്യമങ്ങളെ കണ്ടത്.
സിനിമ ഇനി എന്താവുമെന്ന് അറിയില്ലെന്നും സിനിമയെ വെറുതെ വിടണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു. ചിത്രീകരണത്തിനിടെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ നടി വിന്‍സി അലോഷ്യസിനെ അഭിനന്ദിക്കുന്നതായും ചിത്രത്തിന്റെ നിര്‍മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള എഴുതി തയ്യാറാക്കിയ പ്രതികരണത്തിലൂടെ പറഞ്ഞു. വിന്‍സി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് നടി നേരിട്ട ദുരനുഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും നിര്‍മാതാവ് വ്യക്തമാക്കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ശ്രീകാന്ത്.
'സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഞങ്ങള്‍ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല. നിര്‍മാതാവ് എന്ന നിലയില്‍ ഈ ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാ കാര്യങ്ങളും സുതാര്യതയോടെയാണ് കാണുന്നത്. ഐസിസി, ഫിലിം ചേംബര്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഒരു മീറ്റിങ് ഏപ്രില്‍ 21-ന് ഈ വിഷയം അന്വേഷിക്കുന്നതുമായി സംബന്ധിച്ച് ചേരുന്നതാണ്. ഇത് ഒന്നോ രണ്ടോ ആളുകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. സെറ്റില്‍ ഇതുപോലെ ഗുരുതരമായ സംഭവങ്ങള്‍ നേരിടേണ്ടി വന്ന മറ്റുവ്യക്തികള്‍ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.- ശ്രീകാന്ത് പറഞ്ഞു.
ഒരു നിര്‍മാതാവ് എന്ന നിലയില്‍ മാത്രമല്ല ഇവിടെ നിന്ന് സംസാരിക്കുന്നതെന്നും മലയാളസിനിമയെ അഗാധമായി സ്നേഹിക്കുന്ന ഒരാള്‍ കൂടിയാണ് താനെന്നും ശ്രീകാന്ത് പറഞ്ഞു. സൂത്രവാക്യം എന്ന സിനിമ നിര്‍മിക്കുന്നത് വെറും വ്യക്തിപരമായ താല്‍പര്യത്തിനുവേണ്ടി മാത്രമല്ല, തൊഴിലിനോടുള്ള സ്നേഹം കൊണ്ടുകൂടിയാണ്. സംവിധായകന്‍ മുതല്‍ 300-ലധികം സര്‍ഗാത്മകരായ ആളുകള്‍ ഒത്തുചേര്‍ന്ന് പൂര്‍ത്തീകരിച്ച ചിത്രമാണ് സൂത്രവാക്യം.
ചിത്രത്തെച്ചൊല്ലി ഇത്തരത്തില്‍ അപവാദങ്ങള്‍ ഉയര്‍ന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരുപാട് മാസക്കാലം ഇത്രയധികം ആര്‍ട്ടിസ്റ്റുകള്‍ ചെയ്ത കഠിനാധ്വാനമാണ് കാണാതെ പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമായി പ്രചരിപ്പിക്കുന്നുണ്ട്. ശരിയായ ബുദ്ധിയുള്ളവര്‍ ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമായി കാണില്ലെന്ന് പറയാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. സാമ്പത്തികമായി മാത്രമല്ല, വൈകാരികമായും ഈ സംഭവം അണിയറപ്രവര്‍ത്തകരായ ഞങ്ങളെ ഒരുപാട് ബാധിച്ചിരിക്കുകയാണ്. സിനിമ ഇനി എന്തായിത്തീരുമെന്ന് അറിയില്ലെന്നും സിനിമയെ കൊല്ലരുതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ ആര്‍ക്കാണ് പ്രശ്‌നങ്ങള്‍ അറിയാവുന്നതെന്ന് വിന്‍സി കൃത്യമായി പറഞ്ഞിട്ടില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു പറഞ്ഞു. 'സിനിമയുടെ സംവിധായകന്‍ അടക്കം ആര്‍ക്കും ഇങ്ങനെ ഒരു വിഷയം അറിയില്ലായിരുന്നു. വിന്‍സിക്ക് പരിചയമുള്ള സെറ്റിലെ ആരോടെങ്കിലും പറഞ്ഞു കാണാം', റെജിന്‍ എസ് ബാബു പറഞ്ഞു. ഷൈനിനെകൊണ്ട് സിനിമയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും സമയകൃത്യത പാലിച്ചിരുന്നെന്നും സംവിധായകന്‍ യുജീന്‍ പറഞ്ഞു. നേരത്തെ പറഞ്ഞിരുന്നതില്‍ നിന്നും ചിത്രീകരണത്തിനായി രണ്ട് ദിവസം കൂടുതല്‍ തന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍ സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിന്‍സി പരാതി നല്‍കിയിട്ടുണ്ട്.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വച്ചാണ് ഒരു നടനില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായ കാര്യം വിന്‍സി ആദ്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വിന്‍സി ഫിലിം ചേംബറിലും അമ്മയിലും കൊടുത്ത പരാതിയില്‍ ഉള്‍പ്പെട്ട പേര് ഷൈന്‍ ടോം ചാക്കോയുടേതാണെന്ന വിവരം പിന്നാലെ പുറത്തായി. എറണാകുളത്ത് താന്‍ തങ്ങിയ ഹോട്ടല്‍മുറിയില്‍ ബുധനാഴ്ച രാത്രി പരിശോധനയ്‌ക്കെത്തിയ ഡാന്‍സാഫ് സംഘത്തെ കബളിപ്പിച്ച് ഷൈന്‍ ടൈം ചാക്കോ രക്ഷപെട്ടത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇന്ന് ചോദ്യംചെയ്യലിന് ഹാജരായ ഷൈനിനെ അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യം ലഭിച്ച നടന്‍ പുറത്തിറങ്ങി.