ലണ്ടന്‍: സൗത്ത്‌പോര്‍ട്ടിലെ ഡാന്‍സ് സ്‌കൂളില്‍ മൂന്ന് കുരുന്നുകളെ മൃഗീയമായി കൊല ചെയ്ത ആക്സല്‍ റുഡാകുബാന അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പോലീസിനോട് പറഞ്ഞത് അവര്‍ മരണപ്പെട്ടതില്‍ താന്‍ സന്തോഷിക്കുന്നു എന്നായിരുന്നത്രെ, കോടതി വിചാരണയ്ക്കിടെയാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. ആറും, ഏഴും, ഒന്‍പതും വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ കൊന്ന ഈ 18 കാരന്‍ പത്ത് പേരെ കൊല്ലാനായിരുന്നത്രെ ഉദ്ദേശിച്ചിരുന്നത്. അതിനു പുറമെ ഇയാളുടെ ഭൂതകാലത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിചാരണയ്ക്കിടെ പുറത്തു വന്നു.

അമേരിക്കയില്‍ വിവിധ സ്‌കൂളുകളില്‍ നടന്ന വെടിവെയ്പ്പ് കേസുകളുടെ വിശദാംശങ്ങള്‍ ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞതായും കോടതിയില്‍ വെളിപ്പെടുത്തി.അതുകൂടാതെ ഒരിക്കല്‍, 2019 ല്‍ ഇയാള്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് ഒരാളെ കൊല്ലണമെന്നുണ്ടെങ്കില്‍ താന്‍ എന്താന് ചെയ്യേണ്ടതെന്ന് ഇയാള്‍ ചോദിക്കുകയും ചെയ്തിരുന്നുവത്രെ. തനിക്ക് സുഖമില്ലെന്നും, പാരാമെഡിക്കുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ തുടക്കത്തില്‍ വിചാരണ തടസ്സപ്പെടുത്താന്‍ശ്രമിച്ചിരുന്നു.

അതു കാര്യമാക്കാതെ വിചാരണ തുടരാന്‍ ജഡ്ജി തീരുമാനിച്ചപ്പോള്‍, തനിക്ക്‌നെഞ്ച് വേദനയാണെന്നും താന്‍ കഴിഞ്ഞ 10 ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും പറഞ്ഞ ഇയാള്‍ വിചാരണ തുടരരുതെന്നും ആവശ്യപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ഇയാളെ കോടതിയില്‍ ഹാജരാക്കിയപ്പൊഴും ഇയാള്‍ സുഖമില്ലെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. തനിക്ക് പാരാമെഡിക്സിന്റെ സഹായം ആവശ്യമാണെന്നായിരുന്നു അയാള്‍ പറഞ്ഞത്. തുടര്‍ന്ന് രണ്ടാം തവണയും ഇയാളെ കോടതിയുടെ വെളിയില്‍ കൊണ്ടുപോകാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, ഇയാളെ പാരാമെഡിക്സ് പരിശോധിച്ചുവെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്ന്‌സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടതിയെ അറിയിക്കുകയായിരുന്നു.

അതിക്രൂരമായ കൊലപാതകങ്ങളാണ് നടന്നതെന്ന് വിചാരണ ആരംഭിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചിരുന്നു. ഇയാളുടെ ഡിവൈസില്‍ നിന്നും കണ്ടെത്തിയ രേഖകളും മറ്റും ദീര്‍ഘകാലമായി ഇയാള്‍ക്ക് അക്രമത്തോടും, കൊലപാതകത്തോടും, വംശഹത്യയോടുമെല്ലാം വലിയ പ്രതിപത്തിയുള്ളതായി തെളിയിക്കുന്നു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.അല്‍ക്വയ്ദയുടെ പരിശീലന മാനുവല്‍ ഉള്‍പ്പടെ ഇയാളില്‍ നിന്നും കണ്ടെത്തിയിരുന്നു. കത്തിയും, റിസിന്‍ ഉള്‍പ്പടെയുള്ള വിഷവും കൊണ്ട് കൊലപാതകങ്ങള്‍ നടത്തേണ്ടത് എങ്ങനെയെന്ന് അതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പോലീസ് ഒന്നിലധികം ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. അതില്‍ ജൈവ വിഷമായ റിസിനും ഉള്‍പ്പെടുന്നു. ഇയാള്‍, തന്റെ കിടപ്പുമുറിയില്‍ വെച്ച് സ്വയം നിര്‍മ്മിച്ചതായിരുന്നു ഇത്. മറ്റുള്ളവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം അത് നടപ്പില്‍ വരുത്തുവാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയ, മത ആശയങ്ങളോട് ഇയാള്‍ക്ക് പ്രതിപത്തിയുണ്ട് എന്നതിന് തെളിവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കൊലപാതകം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.