ലണ്ടന്‍: സൗത്ത്‌പോര്‍ട്ടിലെ സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്ന ആക്സല്‍ റുഡകുബാനയെ കുറിച്ച് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നു. സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ ബോംബുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കുറിപ്പ് ഇയാളുടെ പക്കലുണ്ടായിരുന്ന ഡിവൈസില്‍ നിന്നും കണ്ടെടുത്തു എന്നതാണ് അതിലൊന്ന്. മൂന്ന് കൊലപാതക കേസുകളില്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയ ഈ 18 കാരന്റെ പക്കല്‍ നിന്നും കണ്ടെടുത്തത് ക്രൂര അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങളും പുസ്തകങ്ങളും ആയിരുന്നത്രെ.

ഇയാളുടെ മാതാപിതാക്കളുടെ ജന്മസ്ഥലമായ റുവാണ്ടയിലും, നാസി ജര്‍മ്മനിയിലും നടന്ന വംശഹത്യകളെ കുറിച്ചുള്ള ലേഖനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതോടൊപ്പം നഗരങ്ങളില്‍ ഒരു കലാപം ഉണ്ടാക്കുന്നതിനുള്ള തന്ത്രങ്ങള്‍, അതിക്രൂരമായ പീഢന മുറകള്‍, നരമാംസഭോജനം എന്നിവയുമൊക്കെയായി ബന്ധപ്പെട്ട നിരവധി പുസ്തകന്നളും ലേഖനങ്ങളുമാണ് ഇയാള്‍ സൂക്ഷിച്ചിരുന്നത്. അതില്‍, കാര്‍ ബോംബ് ഉപയോഗിക്കുന്നതിനുള്ള ഐസിസ് തയ്യാറാക്കിയ മാര്‍ഗ്ഗരേഖയില്‍ അത് എത്രമാത്രം ഫലവത്താണെന്ന് പറയുന്നുമുണ്ട്. ഏതൊരു സാഹചര്യത്തിലും, അക്രമ സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടാക്കാന്‍ കെല്‍പുള്ള ആയുധം എന്നാണ് ഐസിസ് കാര്‍ ബോംബിനെ കുറിച്ച് പറയുന്നത്.

ഇലക്ട്രോണിക് ഡിറ്റണേറ്ററുകള്‍, ഗാഢ നൈടിക് ആസിഡ് എന്നിവയെ കുറിച്ചും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഇയാള്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ അറിവുകള്‍ നേടാന്‍ ശ്രമിച്ചത്, തീര്‍ച്ചയായും അത് പ്രയോഗിക്കുവാന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 'പ്രജാ പീഢകര്‍ക്കെതിരെയുള്ള ജിഹാദിലെ സൈനിക പഠനം; അല്‍ ഖ്വയ്ദ ട്രെയിനിംഗ് മാനുവല്‍' എന്ന ഒരു പി ഡി എഫ് ഫയല്‍ ഇയാളുടെ ഡിവൈസില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇതാണ് തീവ്രവാദത്തിനുള്ള വസ്തുക്കള്‍ കൈവശം വച്ചു എന്ന കേസ് ഇയാളില്‍ ചാര്‍ത്തപ്പെടാന്‍ കാരണമായത്.

അതിനെല്ലാം പുറമെ പത്തിലധികം തവണ നിയമവിരുദ്ധമായി കത്തി കൈവശം വെച്ച സംഭവങ്ങള്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ സ്‌കൂളില്‍ മറ്റൊരു കുത്തിയ കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിടും ഉണ്ട്. എന്നിട്ടും കേവലം 17 വയസ്സുള്ളപ്പോള്‍ ആമസോണിലൂടെ കത്തി വാങ്ങാന്‍ ഇയാള്‍ക്ക് കഴിഞ്ഞു എന്നത് ഏറെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ് എന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.