തിരുവനന്തപുരം: മാലമോഷണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. പരാതി കിട്ടുമ്പോള്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും പൊലീസ് സ്വീകരിച്ചില്ല. പരാതി കിട്ടിയതിന് പിന്നാലെ ബിന്ദുവിന്റെ പശ്ചാത്തലം പോലും അന്വേഷിക്കാതെ പൊലീസ് നടപടിയെടുത്തുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുന്‍പ് ഒരു കേസ് പോലുമില്ലാത്ത വ്യക്തിയായായ ബിന്ദുവിന്റെ ആ പശ്ചാത്തലം പോലും അന്വേഷിക്കാതെയാണ് പൊലീസ് നടപടിയെടുത്തതെന്ന് സ്‌പെഷ്യല്‍ ബ്ര്ാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ദിവസം മാത്രമാണ് പരാതി ഉന്നയിച്ച ആളുടെ വീട്ടില്‍ ജോലി ചെയ്തത്. ആരോപണത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ വീട്ടുകാരെ വിവരം അറിയിച്ചില്ല. മക്കളുടെ ഫോണ്‍ കോള്‍ എടുക്കാന്‍ പോലും സമ്മതിച്ചില്ല. ഇത് ഗുരുതരമായ കൃത്യ വിലോപമാണ്.

രാത്രി കസ്റ്റഡിയില്‍ നിര്‍ത്തേണ്ട സാഹചര്യമില്ലെന്നിരിക്കെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി. പിറ്റേന്ന് രാവിലെ തന്നെ മാല കിട്ടിയ കാര്യം പരാതിക്കാരി അറിയിച്ചതാണ്. വീട്ടിനുള്ളിലെ ചവറ്റു കുട്ടയില്‍ നിന്നും കിട്ടിയെന്നാണ് പറഞ്ഞത്. എന്നിട്ടും ഇക്കാര്യം ബിന്ദുവിനെ അറിയിച്ചില്ല. 11 മണിയോടെ ബന്ധുക്കള്‍ വന്നതിന് ശേഷമാണ് ബിന്ധുവിനെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പിന്നാലെ പേരൂര്‍ക്കട എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്ഐ പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജിഡി ചാര്‍ജുള്ള പൊലീസുകാരെ സ്ഥലം മാറ്റും.

ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്‌ഐയും സംഘവും ദളിത് സ്ത്രീക്ക് മുന്നില്‍ അധികാരം പ്രയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.

അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസില്‍ മോഷണത്തിന പരാതി നല്‍കിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ പേരൂര്‍ക്കട പൊലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയാണ്. കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യംചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പിറ്റേന്ന് വീട്ടില്‍നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു.

സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിഷയത്തില്‍ മന്ത്രി ഒ.ആര്‍.കേളു പൊലീസിനോടു റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണം നടത്തുമെന്നാണു മന്ത്രി നേരത്തെ പറഞ്ഞത്.

മൂന്ന് പുരുഷന്മാരായ പൊലീസുകാരാണ് മോശമായി പെരുമാറിയതെന്ന് ബിന്ദു വെളിപ്പെടുത്തിയിരുന്നു. താന്‍ തന്നെയാണ് മോഷണം നടത്തിയത് എന്ന രീതിയിലാണ് സ്റ്റേഷനിലെ പൊലീസുകാര്‍ പെരുമാറിയിരുന്നത്. ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ പൊലീസ് മണിക്കൂറുകളോളം പീഡിപ്പിച്ചു. മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും ചെയ്തു. രാത്രി മുഴുവന്‍ ചോദ്യം ചെയ്തു. മക്കളെ പോലും പൊലീസ് കേസിലേക്ക് വലിച്ചിഴച്ചു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും ബിന്ദു പറഞ്ഞു.

എസ്‌ഐയ്‌ക്കെതിരായ നടപടിയില്‍ സന്തോഷമുണ്ടെന്നാണ് ബിന്ദു പറഞ്ഞത്. എസ്‌ഐയ്‌ക്കെതിരെ മാത്രമല്ല, തന്നെ മാനസികമായി പീഡിപ്പിച്ച മറ്റ് രണ്ട് പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ''ക്രൂരമാനസിക പീഡനത്തിന് ഇരയാക്കിയ പ്രസന്നന്‍ എന്ന പൊലീസുകാരനെതിരെയും നടപടി വേണം. വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പറഞ്ഞത് പ്രസന്നന്‍ ആണ്'' ബിന്ദു പറഞ്ഞു. കള്ളപ്പരാതി നല്‍കിയ ആള്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ അസഭ്യം പറഞ്ഞ പ്രസന്നനെതിരെ നടപടി വേണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവും ആവശ്യപ്പെട്ടു.

അതിനിടെ ബിന്ദുവിന്റെ വീട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സന്ദര്‍ശിച്ചു. ബിന്ദുവിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ എംഎല്‍എയോട്, കണ്ണീരോടെയാണ് ബിന്ദു കാര്യങ്ങള്‍ വിശദീകരിച്ചത്. പാലോട് രവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെപിസിസി പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു. വീടുകളില്‍ ജോലി ചെയ്ത് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു വീട്ടമ്മയ്ക്ക് പൊലീസില്‍നിന്ന് നേരിടേണ്ടിവന്ന ക്രൂരമായ പീഡനത്തിന്റെയും നീതിനിഷേധത്തിന്റെയും കാര്യമാണ് ബിന്ദുവില്‍നിന്ന് നേരിട്ടു കേള്‍ക്കേണ്ടിവന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

''പൊലീസ് വിളിച്ചപ്പോള്‍ തന്നെ ബിന്ദു സ്റ്റേഷനിലെത്തി താന്‍ മാല എടുത്തിട്ടില്ലെന്നു പറഞ്ഞിരുന്നു. വനിതാ പൊലീസ് ദേഹപരിശോധന നടത്തിയിട്ടും ഒന്നും കണ്ടില്ല. എന്നിട്ടും അറപ്പുളവാക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞു. പെണ്‍മക്കളെ വരെ അവഹേളിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഉടമയുടെ വീട്ടില്‍നിന്ന് മാല കണ്ടെത്തിയിട്ടും ബിന്ദുവിനെ പ്രതിയാക്കിയാണ് എഫ്ഐആര്‍ നല്‍കിയിരിക്കുന്നത്. ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത ശേഷം അന്വേഷണം നടത്തണം'' സണ്ണി ജോസഫ് പറഞ്ഞു.