തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തേക്ക് വന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി ഇരകളായവര്‍ രംഗത്തുവന്നതോടെ നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. സിനിമാ രംഗത്തെ ലൈംഗികപീഡനം അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

ആരോപണം ഉന്നയിച്ചവര്‍ തന്നെ പരാതി നല്‍കാന്‍ വിസമ്മതിക്കുകയാണ്. ഇതോടെ കേസെടുക്കാന്‍ സര്‍ക്കാറിന് മുന്നില്‍ വെല്ലുവിളി ഉയര്‍ന്നിരുന്നു. ഇതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ത്തിയവരില്‍ നിന്നും പോലീസ് സംഘം മൊഴിയെടുക്കും. ഇരകള്‍ മൊഴികളില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കാനാണ് ശ്രമം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല നടപടികള്‍. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രമാണ് കേസെടുക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെ നടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടക്കം അന്വേഷണ വിധേയമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം, സമൂഹ മാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കും. പരാതി ഉള്ളവര്‍ക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് കേസെടുക്കും. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ പരാതി ഉള്ളവര്‍ക്ക് സമീപിക്കാമെന്നല്ലാതെ നേരിട്ട് കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതേസമയം ആക്ഷേപങ്ങളില്‍ നേരിട്ടു നടപടി എടുക്കാന്‍ തയ്യറല്ലാത്ത സര്‍ക്കാര്‍ നടപടികളില്‍ നിന്നും ഒളിച്ചോടുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. വിഷയം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ധിഖ് രാജിവെച്ചിരുന്നു. കൂടാതെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രഞ്ജിത്തും രാജിവെച്ചിരുന്നു. കൂടാതെ മുകേഷിനെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ തീരുമാനിക്കുന്നത്. വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമമെന്ന ആവശ്യമാണ് ഉയരുന്നത്. ഇടതുപക്ഷത്തു നിന്നുള്ളവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണ ആവശ്യം ശക്തമാക്കിയിരുന്നു.

മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചുവരുത്തി സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവനടി ആരോപണം ഉന്നയിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണു മാസ്‌കറ്റ് ഹോട്ടല്‍. ഇവിടെവച്ച് ലൈംഗികാതിക്രമം നടന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍, പരാതിക്കാരിയെ വിളിച്ചു മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണോ പരാതി ലഭിക്കുന്നതു വരെ കാത്തിരിക്കണോ എന്ന കാര്യത്തില്‍ ആലോചനയിലേക്ക് നേരത്തെ പോലീസ് കടന്നിരുന്നു.

വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അതു സര്‍ക്കാറിന്റെയും പ്രതിഛായയെ ബാധിക്കുമെന്ന ആശങ്ക ശക്തമായിരുന്നു. മുന്‍പ് ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ നല്ല പ്രതികരണമല്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് നടി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടതു പൂര്‍ണമായ ലൈംഗികബന്ധം നടന്നോ എന്നാണെന്നും തനിക്കുണ്ടായ ദുരനുഭവം ഉള്‍ക്കൊള്ളാന്‍ അധികൃതര്‍ ഉള്‍പ്പെടെ തയാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു.