തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.

പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.

ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണു സര്‍ക്കാര്‍ രൂപീകരിച്ചത്. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡിഐജി എസ്.അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, ക്രമസമാധാന ചുമതലയുള്ള എഐജി വി.അജിത്, ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനന്‍ എന്നിവരാണു സംഘത്തിലുള്ളത്.

നിലവില്‍ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണമാണു നടക്കുക. വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകളെ സംഘം അങ്ങോട്ടു ബന്ധപ്പെടുകയും വിശദാംശങ്ങള്‍ തേടുകയും ചെയ്യും. പരാതിയുമായി മുന്നോട്ടുപോകാനും മൊഴി നല്‍കാനും താല്‍പര്യമുണ്ടോ എന്നതും ചോദിക്കും. ഇവര്‍ മൊഴി നല്‍കിയാല്‍ തുടരന്വേഷണമുണ്ടാകും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പൊലീസിന്റെ പ്രതിഛായയെ ബാധിക്കുമെന്ന ആശങ്കയും നടപടി വേഗത്തിലാക്കി.

മലയാള സിനിമാമേഖലയെ പിടിച്ചുലച്ചു ലൈംഗിക ആരോപണങ്ങള്‍ തുടരുന്നതിനിടെയാണു നടപടി. വിമര്‍ശനം കടുത്തതോടെയാണു സര്‍ക്കാര്‍ നീക്കം. പരാതി ലഭിക്കാതെ അന്വേഷണമില്ല എന്നായിരുന്നു മുന്‍ നിലപാട്. ഇതു തിരുത്തിയാണു അന്വേഷണത്തിനു തയാറാകുന്നത്.

പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇത്.

നേരത്തെ, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി.

യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ധിഖും രാജിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്. സിനിമയില്‍ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്. മുന്‍പ് ഇതു പറഞ്ഞപ്പോള്‍ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.

ഇരുവര്‍ക്കുമെതിരായ ആരോപണങ്ങളാണു തുടക്കത്തില്‍ അന്വേഷിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും അന്വേഷണപരിധിയില്‍ വരും. 'പാലേരിമാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയശേഷം രഞ്ജിത് അപമര്യാദയായി പെരുമാറിയെന്നാണു ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചത്. പീഡനം ഉണ്ടായിട്ടില്ലെന്നും ശരീരത്തില്‍ സ്പര്‍ശിച്ചു എന്നുമാണ് ആരോപണം. തന്നെ സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചെന്നാണു രേവതി സമ്പത്ത് ആരോപിച്ചത്. പല സുഹൃത്തുക്കള്‍ക്കും സിദ്ദീഖില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.