- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൻഡിങ് തകരാറിനെ തുടർന്ന് ജിദ്ദ-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി കൊച്ചിയിൽ നിലത്തിറക്കി; ലാൻഡ് ചെയ്യാൻ കഴിഞ്ഞത് അഞ്ചാം വട്ട ശ്രമത്തിൽ; വിമാനത്തിൽ ഉണ്ടായിരുന്നത് 191 യാത്രക്കാരും ആറ് ജീവനക്കാരും; ഒഴിഞ്ഞുപോയത് വൻദുരന്തം
കൊച്ചി : 191 യാത്രക്കാരുമായി ജിദ്ദയിൽ നിന്നു കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി കൊച്ചിയിൽ ഇറക്കി. ഹൈഡ്രോളിക് തകരാർ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സ്‌പൈസ് ജെറ്റിന്റെ എസ്ജി 036 കൊച്ചിയിൽ ലാൻഡ് ചെയ്തത്. വൻ ദുരന്തമാണ് ഒഴിഞ്ഞു പോയത് എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്താവളത്തിൽ 5.59നാണ് ആദ്യം ജാഗ്രതാ നിർദ്ദേശം ലഭിക്കുന്നത്. തുടർന്ന് 6.29ന് സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏറെ പരിശ്രമത്തിനു ശേഷം രാത്രി 7.19നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്. 188 മുതിർന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാർക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. നിലവിൽ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചിട്ടുണ്ട്.
ഒരു തവണ കോഴിക്കോട്ടും, മൂന്നു തവണ കൊച്ചിയിലും ലാൻഡ് ചെയ്യാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടിരുന്നു. സ്‌പൈസ് ജെറ്റ് എസ്ജി-036 വിമാനമാണ് അടിയന്തര സാഹചര്യത്തിൽ പെട്ടത്. വിമാനം പിന്നീട് അഞ്ചാം വട്ട ശ്രമത്തിൽ രാത്രി 7.19 ഓടെ, സുരക്ഷിതമായി നിലത്തിറക്കി. ഹൈഡ്രോളിക് തകരാറാണ് കാരണമെന്നാണ് സൂചന. പരിഭ്രാന്തിയുടെ മണിക്കൂറുകളാണ് പിന്നിട്ടത്. 191യാത്രക്കാരുടെയും 6 ജിവനക്കാരുടെയും ജീവൻ രക്ഷിക്കാൻ കൊച്ചി വിമാനത്താവളത്തിലും അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിരുന്നു.
യാത്രക്കാരെ ഇപ്പോൾ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്. ദുബായിൽ നിന്നെത്തുന്ന വിമാനത്തിൽ യാത്രക്കാരെ കോഴിക്കോട്ട് എത്തിക്കും. അടിയന്തര സാഹചര്യത്തെ നേരിടാൻ വിമാനത്താവളം സജ്ജമായിരുന്നെന്ന് സിയാൽ എംഡി എസ് സുഹാസ് അറിയിച്ചു. ജാഗ്രതം സംവിധാനം പൂർണമായി സജ്ജമാക്കി. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതോടെ, മതിയായ പരിശോധനകൾക്ക് ശേഷം റൺവേ സാധാരണ നിലയിൽ പ്രവർത്തനം പുനഃരാരംഭിച്ചതായും സിയാൽ എംഡി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ