- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും പടയപ്പയുടെ വിളയാട്ടം; മൂന്നാർ-മറയൂർ അന്തർ സംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞും സഞ്ചാരികളെ വിരട്ടിയോടിച്ചും കാട്ടാന ഭീതി പടർത്തി; ഓട്ടോറിക്ഷ തകര്ത്തു; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
മറയൂർ(ഇടുക്കി): വീണ്ടും പടയപ്പ കാട്ടാനയുടെ വിളയാട്ടം. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടുകൊമ്പൻ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കുമുൾപ്പെടെ ശല്യക്കാരനാണ്. മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഓട്ടോറിക്ഷ തകർത്തും വാഹനങ്ങൾ തടഞ്ഞും സഞ്ചാരികളെ വിരട്ടിയോടിച്ചും ആന ഭീതി പടർത്തുകയായിരുന്നു. രാത്രിസമയങ്ങളിൽ തലയാർ, കടുകുമുടി ലയങ്ങളിൽ ഭീതി പടർത്തി എത്തുന്ന പടയപ്പ തൊഴിലാളികളുടെ കൃഷിയിടങ്ങളിൽ വ്യാപക നാശം വരുത്തുന്നതായി പരാതിയുണ്ട്.
പുലർച്ചെ 5.10-ന് തലയാർ ജങ്ഷൻ
തലയാർ ജങ്ഷനിൽ മൂന്നാർ-മറയൂർ അന്തർസംസ്ഥാനപാതയിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ 5.10-ന് ചില്ലറപ്പാറ സ്വദേശി കോട്ടായിൽ ബിബിൻ ജോസഫിന്റെ (35) ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി തകർത്തു. തലയാർ ജങ്ഷനിലെ കടകൾക്ക് മുന്നിൽവെചായിരുന്നു സംഭവം. മൂന്നാർ മേഖലയിൽനിന്ന് പന്നിഫാമിലേക്ക് തീറ്റ കൊണ്ടു വരവെയാണ് പടയപ്പയുടെ ആക്രമണം. ബിബിൻ ജോസഫ് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവ സമയം നല്ല മഞ്ഞായിരുന്നു. വളരെ അടുത്ത് എത്തിയപ്പോഴാണ് പടയപ്പയെ ബിബിൻ കണ്ടത്. എതിരേ വന്ന കാറിന്റെ ഹെഡ് ലൈറ്റ് ഡിം അടിക്കാത്തതും റോഡിൽ നില്ക്കുന്ന പടയപ്പയെ കാണാൻ കഴിയാത്തതിന് കാരണമായി. പിന്നിൽ പാർക്ക് ചെയ്തിരുന്ന ലോറി ഉണ്ടായതിനാൽ പെട്ടെന്ന് ഓട്ടോ പിന്നിലേക്ക് എടുക്കാനും കഴിഞ്ഞില്ല. ഓട്ടോയ്ക്ക് നേരേ പടയപ്പ വരുന്നതുകണ്ട് ബിബിൻ ഇറങ്ങി ഓടുകയായിരുന്നു. തുമ്പിക്കൈയും കൊമ്പുകളും ഉപയോഗിച്ച് ഓട്ടോയുടെ മുകൾവശം തകർത്തു. 15 മിനിറ്റ് നേരം ഓട്ടോയ്ക്ക് മുന്നിൽ നിലയുറപ്പിച്ച ആന പിന്നീട് മറ്റൊരു മേഖലയിലേക്ക് മാറിയപ്പോഴാണ് ബിബിന് തകർന്ന ഓട്ടോയുടെ അടുത്ത് എത്താൻ കഴിഞ്ഞത്. പടപ്പയുടെ ആക്രമണത്തിൽ തകർന്ന ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് മറയൂരിലെത്തിച്ചത്.
രാത്രി 8.30-ന് കടുകുമുടി
മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിൽ കടുകുമുടി വെയിറ്റിങ് ഷെഡ്ഡിന് മുന്നിൽവെച്ച് വാഹനത്തിന് നേരെ പാഞ്ഞടുത്തു വിനോദ സഞ്ചാരികളെ വിരട്ടിയോടിച്ചു. സഞ്ചാരികളുടെ വാഹനങ്ങൾ പടയപ്പ തടഞ്ഞുനിർത്തി. കാട്ടാന പാഞ്ഞടുത്തതോടെ സഞ്ചാരികൾ വാഹനത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഒരു വാഹനത്തിലെ സഞ്ചാരികളായ മൂന്നു പേർ സമീപത്തുള്ള ഒരു വെയിറ്റിങ് ഷെഡ്ഡിലേക്ക് ഓടിക്കയറി. ഇവരുടെ പിന്നാലെ പാഞ്ഞ പടയപ്പ വെയിറ്റിങ് ഷെഡ്ഡിനുള്ളിൽ നിന്നിരുന്ന മൂന്നു പേരെയും ആക്രമിക്കാൻ ശ്രമിച്ചു. വെയിറ്റിങ് ഷെഡിന്റെ വശത്തുകൂടി രണ്ടുപേർ ചാടി രക്ഷപ്പെട്ടു.
കുഴിയിലേക്ക് ചാടിയ രണ്ടുപേരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെയിറ്റിങ് ഷെഡ്ഡിനുള്ളിൽനിന്നയാളെ പുറത്തിറങ്ങാൻ അനുവദിക്കാതെ കുറച്ചുനേരം തടസ്സമായി പടയപ്പ നിന്നു. ഷെഡ് പൊളിക്കാനുള്ള ശ്രമവും പടയപ്പ നടത്തി. പിന്നീട് മറ്റ് വാഹനങ്ങൾക്ക് നേരേ തിരിഞ്ഞപ്പോഴാണ് മൂന്നാമന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞത്. ഇതിനകം നിരവധി വാഹനങ്ങൾ ഇരുവശവും എത്തി ശബ്ദമുണ്ടാക്കി പടയപ്പയെ റോഡിൽനിന്ന് മാറ്റുകയായിരുന്നു. അരമണിക്കൂറിന് ശേഷമാണ് തോട്ടത്തിലേക്ക് പടയപ്പ ഇറങ്ങിയതും പിന്നീട് വെയിറ്റിംഗ് ഷെഡിൽ കയറിയിരുന്ന വിനോദസഞ്ചാരികളും മറ്റു വാഹന യാത്രക്കാരും യാത്ര തുടർന്നത്.