- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ വ്‌ലോഗറായി; പങ്കുവച്ച 487 വീഡിയോകളില്‍ ഏറെയും പാകിസ്ഥാന്റെ ഓരോ തെരുവോരങ്ങളിലും പോയി ഷൂട്ട് ചെയ്തത്; ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം; ഫോണില്‍ സേവ് ചെയ്തത് 'ജാട്ട് രണ്‍ധാവ' എന്ന പേരില്‍; കൈമാറിയത് തന്ത്രപ്രധാന വിവരങ്ങള്‍; 'സ്പൈ ജ്യോതി' കേരളത്തിലുമെത്തി; തെളിവായി മൂന്നാറില്‍ നിന്നടക്കമുള്ള വീഡിയോകള്‍
'സ്പൈ ജ്യോതി' കേരളത്തിലുമെത്തി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിനകത്തുനിന്നുകൊണ്ട് പാക്കിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്താന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ സമൂഹമാധ്യമങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഹരിയാന ഹിസാര്‍ സ്വദേശിയായ ട്രാവല്‍ വ്ളോഗറും യൂട്യൂബറുമായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലാവുന്നത്. ഇവരടക്കം ആറ് പേര്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ചാരവൃത്തിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് അറസ്റ്റിലായ ജ്യോതിയുടെ വീഡിയോകള്‍ ഏറെയും പാകിസ്ഥാനില്‍ നിന്നുമുള്ളതാണെന്ന് കണ്ടെത്തല്‍. ആകെ 487 വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതില്‍ മിക്കവയും പാക്കിസ്ഥാനും തായ്‌ലാന്‍ഡും ബംഗ്ലാദേശുമൊക്കെ സന്ദര്‍ശിച്ചവയാണ്. പാക്കിസ്ഥാനെ പുകഴ്ത്തി പോസ്റ്റ് ചെയ്ത നിരവധി വീഡിയോകളും അറസ്റ്റില്‍ നിര്‍ണായകമായിട്ടുണ്ട്.
'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ഹരിയാന ഹിസാര്‍ സ്വദേശി ജ്യോതി മല്‍ഹോത്ര എന്ന ജ്യോതി റാണിയാണ് (33) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പാകിസ്ഥാന്‍ ഇന്റലിജന്‍സിന് ജ്യോതി സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ജ്യോതി യൂട്യൂബില്‍ പങ്കുവച്ച ഓരോ വീഡിയോയും അന്വേഷണ സംഘം സൂക്ഷ്മതയോടെ പരിശോധിക്കുകയാണ്. ഇന്ത്യയിലെ പലയിടങ്ങളിലേക്കുമുള്ള യാത്രയും, സംസ്‌കാരവും വിഭവങ്ങളും പരിചയപ്പെടുത്തുന്നതാണ് വീഡിയോകളുടെ ഉള്ളടക്കം. ജ്യോതി കേരളത്തിലുമെത്തി വീഡിയോകള്‍ ചെയ്തിട്ടുണ്ട്. കൊച്ചി, മൂന്നാര്‍, ആലപ്പുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ജ്യോതിയുടെ വീഡിയോകളും യൂട്യൂബിലുണ്ട്.

ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കിയതിന് ജ്യോതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ചതിന് അറസ്റ്റിലായ ജ്യോതിയുടെ വീഡിയോകളില്‍ ഏറെയും പാകിസ്ഥാനില്‍ നിന്നുമുള്ളതാണ്. ആകെ 487 വീഡിയോ 'ട്രാവല്‍ വിത്ത് ജോ' എന്ന പേജിലുണ്ട്. മിക്ക വീഡിയോയും പാകിസ്ഥാന്‍, തായ്ലാന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്.
കോവിഡ് കാലത്ത് പണിതുടങ്ങി
കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ വ്‌ലോഗറായി 33 കാരിയായ ജ്യോതി രംഗത്തെത്തുന്നത്. ഹരിയാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ജ്യോതി റാണിയെന്നാണ് യഥാര്‍ത്ഥ പേര്. ട്രാവല്‍ വിത്ത് ജോ എന്ന പേരിലുള്ള ജ്യോതിയുടെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തി എഴുപത്തേഴായിരം ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒന്നരലക്ഷത്തിനടുത്തും, ഫേസ്ബുക്കില്‍ മൂന്ന് ലക്ഷത്തിലധികവും ഫോളോവേഴ്‌സുണ്ട്.

ഇന്ത്യയിലുള്ള പാകിസ്ഥാന്‍ ഹൈക്കമിഷനിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോയും ജ്യോതി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പ്രത്യേക ക്ഷണ പ്രകാരം പാകിസ്ഥാന്‍ ഹൈക്കമിഷനില്‍ നടന്ന ഇഫ്താര്‍ ചടങ്ങില്‍ പങ്കെടുത്തത്. ഈ പരിപാടിയുടെ വീഡിയോ ജ്യോതി പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ എഹ്‌സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി ഇടപഴകുന്നത് കാണാം. ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുള്ളതുപോലെയാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. ഡാനിഷ് വഴിയാണ് ജ്യോതി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്.
മെയ് 13ന് ചാരവൃത്തി ആരോപിച്ച് സര്‍ക്കാര്‍ ഡാനിഷിനെ നോണ്‍-ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയും പുറത്താക്കുകയും ചെയ്തിരുന്നു. 2023ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് മല്‍ഹോത്ര ഡാനിഷുമായി അടുത്ത ബന്ധം വളര്‍ത്തിയെടുത്തിരുന്നുവെന്നും കമ്മീഷന്‍ ഏജന്റുമാര്‍ വഴി വിസ നേടിയെടുത്തതായും അന്വേഷണങ്ങളില്‍ കണ്ടെത്തി. ജ്യോതിയെ നിരവധി പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി പരിചയപ്പെടുത്തിയത് ഡാനിഷാണെന്നാണ് ആരോപണം. 2023ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന വീഡിയോ ജ്യോതി യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്.

പാക്ക് തെരുവോരങ്ങളില്‍
പാകിസ്ഥാന്റെ ഓരോ തെരുവോരങ്ങളിലും പോയി ജ്യോതി വീഡിയോ പകര്‍ത്തിയിട്ടുണ്ട്. പാക് ഹൈമ്മിഷന്‍ നടത്തിയ പരിപാടിയില്‍ എത്തുന്ന ജ്യോതിയെ സ്വീകരിക്കാന്‍ മുമ്പിലുണ്ടായിരുന്നത് ഡാനിഷായിരുന്നു. ജ്യോതിയെ വേദിയിലേക്ക് കൊണ്ടുപോകുന്നത് ഡാനിഷായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നു എന്നാണ് വീഡിയോയില്‍ നിന്നും മനസിലാക്കുന്നത്. അവിടെ ഒരുക്കിയ ക്രമീകരണങ്ങള്‍ കണ്ട് ഡാനിഷിനോട് സന്തോഷം പ്രകടിപ്പിക്കാനും ജ്യോതി മറന്നില്ല. പരിപാടിയില്‍ പങ്കെടുത്ത മറ്റ് അതിഥികളെ ഡാനിഷ് തന്നെയാണ് ജ്യോതിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.
'ഇവര്‍ ഒരു യൂട്യൂബറും വ്ളോഗറും' ആണെന്ന് പറഞ്ഞാണ് ഡാനിഷ് പരിചയപ്പെടുത്തുന്നത്. പേര് ജ്യോതി എന്നാണെന്നും ഇവരുടെ ചാനലിന് ഒരു ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുണ്ടെന്നും ഡാനിഷ് പറയുന്നുണ്ട്.ഈ സമയത്ത് ഡാനിഷ് തന്റെ ഭാര്യയെ ജ്യോതിക്ക് പരിചയപ്പെടുത്തുന്നുണ്ട്. അവര്‍ പാകിസ്ഥാന്‍ ദേശീയ ദിനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും വീഡിയോയില്‍ കാണാം. 2023ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള വിസയ്ക്കായി പോയപ്പോളാണ് ഡല്‍ഹിയിലെ ഹൈക്കമ്മിഷനില്‍ വച്ച് ഡാനിഷിനെ ഇവര്‍ പരിചയപ്പെടുന്നത്.

പാകിസ്ഥാനില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കിയത് റഹീമിന്റെ പരിചയക്കാരന്‍ അലി അഹ്വാന്‍ വഴിയായിരുന്നു. പിന്നീട് ഒരിക്കല്‍ കൂടി അവര്‍ പാകിസ്ഥാനില്‍ പോയി. അലി അഹ്വാന്‍ വഴി പാകിസ്ഥാന്‍ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായ ഷാക്കിര്‍, റാണ ഷഹ്ബാസ് എന്നിവരെ പരിചയപ്പെട്ടു. ഷാക്കിറിന്റെ മൊബൈല്‍ നമ്പര്‍ സംശയം തോന്നാതിരിക്കാന്‍ 'ജാട്ട് രണ്‍ധാവ' എന്ന പേരിലാണ് ജ്യോതി സേവ് ചെയ്തത്. ഇന്ത്യയിലെത്തിയ ശേഷം വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി പാക് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു. ദേശവിരുദ്ധ വിവരങ്ങള്‍ കൈമാറി. ഇതിനിടയില്‍ റഹീമിനെ പലതവണ കണ്ടുമുട്ടിയെന്നും ജ്യോതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഐഎസ്‌ഐ ബന്ധം
പാക് സന്ദര്‍ശനത്തിലൂടെ പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ ഉദ്യോഗസ്ഥരുമായടക്കം ജ്യോതി അടുത്ത ബന്ധം സ്ഥാപിച്ചെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് അറസ്റ്റിലേക്ക് പൊലീസ് കടന്നത്. അലി ഇഹ്വാന്‍, ഷാക്കിര്‍, റാണ ഷഹ്ബാസ് എന്നിവരാണ് ജ്യോതിയുമായി നിരന്തരം ബന്ധപ്പെട്ട മറ്റ് പാക്കിസ്ഥാന്‍ സ്വദേശികള്‍. ഇവരെല്ലാം ഐഎസ്‌ഐ ഏജന്റുമാരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ ഉദ്യോഗസ്ഥരുടെ യഥാര്‍ത്ഥ പേരുകള്‍ക്ക് പകരം വ്യാജ പേരുകളിലാണ് ഫോണില്‍ നമ്പര്‍ സേവ്‌ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വാട്‌സാപ്പ്, ടെലഗ്രാം, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ കൈമാറിയെന്നും, ചില ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചുവെന്നും, ഇവര്‍ക്കൊപ്പം വേറെയും വിദേശയാത്ര നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ജ്യോതിയുടെ മൊബൈലില്‍നിന്നും, ലാപ്‌ടോപ്പില്‍നിന്നും സംശയകരമായ പലതും കണ്ടെത്തിയിട്ടുണ്ടെന്നും, പരിശോധന നടക്കുകയാണെന്നും ഹരിയാന പോലീസ് അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന ഏഴാം തീയതിയാണ് ജ്യോതിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പും, ഒഫീഷ്യല്‍ സീക്രട്ട് ആക്ടിലെ മൂന്നും അഞ്ചും വകുപ്പുകളും ചുമത്തിയാണ് ജ്യോതിക്കെതിരെ നിലവില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ജ്യോതിയെ സഹായിച്ച പാക് ഹൈ കമ്മീഷനിലെ ഡാനിഷ് അഥവാ എഹ്‌സാന്‍ ഉര്‍ റഹീമിനെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈമാസം 13 ന് രാജ്യം വിടാന്‍ ഇന്ത്യ നിര്‍ദേശിച്ചിരുന്നു. പഞ്ചാബ് മലേര്‍കോട്‌ല സ്വദേശിയായ യുവതിയെയുള്‍പ്പടെ അതിര്‍ത്തിയിലെ നിര്‍ണായക വിവരങ്ങള്‍ക്കായി നിരന്തരം ഇയാള്‍ ബന്ധപ്പെട്ടിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

സാരിയുടുത്ത് കേരളത്തില്‍
ഇന്ത്യയിലെ പലയിടങ്ങളിലും ജ്യോതി സന്ദര്‍ശനം നടത്തിയിട്ടുണ്ട് അക്കൂട്ടത്തില്‍ കേരളവും ഉള്‍പ്പെടുന്നു. ഇന്‍സ്റ്റഗ്രാം പേജില്‍ കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പിന്‍ ചെയ്തുവരെ ജ്യോതി വച്ചിട്ടുണ്ട്. കൊച്ചി, മൂന്നാര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കണ്ണൂരില്‍ തെയ്യം കാണുന്നതിന്റെയും കേരള സാരി അണിയുന്നതിന്റെയും വീഡിയോ ജ്യോതിയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ട്.
പാക്കിസ്ഥാനില്‍ പോയത് അനുമതിയോടെ: ഹാരിഷ് മല്‍ഹോത്ര
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ജ്യോതി മല്‍ഹോത്ര, പാക്കിസ്ഥാനില്‍ പോയത് യൂട്യൂബ് വീഡിയോ ചിത്രീകരിക്കാന്‍വേണ്ടി മാത്രമാണെന്ന് പിതാവ് ഹാരിഷ് മല്‍ഹോത്ര. ആവശ്യമായ അനുമതി ലഭിച്ചശേഷമാണ് പാക്കിസ്ഥാനിലേക്ക് യാത്രചെയ്തത്. തങ്ങളുടെ ബാങ്ക് രേഖകളും ഫോണുകളും ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തെന്നും ഇത് തിരികെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മകള്‍ പാക്കിസ്ഥാനിലേക്ക് പോയത് കൃത്യമായ അനുമതി ലഭിച്ചതിന് ശേഷമാണെന്ന് ജ്യോതിയുടെ പിതാവ് പറഞ്ഞു. മകള്‍ ഇടയ്ക്കിടെ ഡല്‍ഹി സന്ദര്‍ശിക്കാറുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി അവള്‍ ഹിസാറിലുണ്ട്. പാക്കിസ്ഥാനിലും മറ്റുസ്ഥലങ്ങളിലേക്കും മകള്‍ പോയത് യൂട്യൂബ് വീഡിയോ ചിത്രീകരിക്കാനായാണ്. എന്നാല്‍, പോലീസ് കഴിഞ്ഞദിവസം തങ്ങളുടെ ബാങ്ക് രേഖകളും ഫോണുകളും ലാപ്ടോപ്പും പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു. ഫോണുകളെങ്കിലും പോലീസ് തിരികെ നല്‍കണമെന്നും ജ്യോതിയുടെ പിതാവ് ആവശ്യപ്പെട്ടു.
''അവള്‍ക്ക് അവിടെ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവള്‍ക്ക് അവരെ വിളിച്ചുകൂടെ? എനിക്ക് മറ്റു ആവശ്യങ്ങളൊന്നുമില്ല. പക്ഷേ, ഞങ്ങളുടെ ഫോണുകള്‍ നല്‍കണം. ഞങ്ങള്‍ക്കെതിരേ അവര്‍ കേസെടുത്തിരിക്കുകയാണ്'', ഹാരിഷ് മല്‍ഹോത്ര പറഞ്ഞു.