തിരുവനന്തപുരം: മലയാള മനോരമയുടെ ഹോര്‍ത്തൂസ് ചര്‍ച്ചയിലെ വിവാദം തുടരുകയാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീജിത്ത് പണിക്കര്‍ക്കെതിരെ മോഡറ്റേറായിരുന്നു മായാ പ്രമോദ് ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. ഈ വിമര്‍ശനത്തിന് മറുപടിയുമായി പണിക്കര്‍ വീണ്ടും രംഗത്തുവന്നു. മായ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ടാണ് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്. അംബേദ്കറെ കുറിച്ച് വായിക്കേണ്ടത്, പഠിക്കേണ്ടത്, മനസ്സിലാക്കേണ്ടത് നിങ്ങള്‍ അംബേദ്കറൈറ്റുകളാണ്. നിര്‍ത്തിക്കൂടേ ഈ നുണപറച്ചില്‍? എന്നാണ് ശ്രീജിത്ത് പണിക്കര്‍ മറുപടിയില്‍ പറയുന്നത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൊള്ളാല്ലോ കളി! ഹോര്‍ത്തൂസ് ചര്‍ച്ചയുടെ മോഡറേറ്റര്‍ മായാ പ്രമോദ് ഒരു പോസ്റ്റിട്ടിരിക്കുന്നു. നിരവധി നുണകള്‍ അതില്‍ ഉണ്ടെങ്കിലും എന്നെ വല്ലാണ്ട് ആകര്‍ഷിച്ച നുണ അംബേദ്കറെ കുറിച്ച് തന്നെ മായ പറഞ്ഞതാണ്. ഇന്ന് അംബേദ്കര്‍ സ്മൃതിദിനം ആയതിനാല്‍ അതേക്കുറിച്ച് പറയാമെന്ന് കരുതി.

മലബാര്‍ കലാപത്തില്‍ കലാപകാരികള്‍ ഗര്‍ഭിണികളായ ഹിന്ദുസ്ത്രീകളെ വെട്ടിപ്പിളര്‍ന്നിട്ടുണ്ട് എന്ന് അംബേദ്കര്‍ എഴുതിയിട്ടുണ്ട് എന്നാണ് ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാലിപ്പോള്‍ മായ തന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്:

'അയാള്‍ നിരന്തരം എന്റെ വാക്കുകളെ ഇടപെട്ടുകൊണ്ടോ ഇരിക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്,മൈക്ക് കൊടുക്കാന്‍ പറഞ്ഞ നേരത്തെതന്നെയാണ് ഞാന്‍ പറയുന്നത് അംബേദ്കര്‍ മലബാര്‍ കലാപത്തെ കുറിച്ച് ഇത്തരം ഒരു സ്റ്റേറ്റ്‌മെന്റ് നടത്തിയിട്ടില്ല എന്നുള്ളതും അപ്പോള്‍ തന്നെ അയാള്‍ പറഞ്ഞു മോഡറേറ്റര്‍ ഇതാണ് ചെയ്യുന്നത് പക്ഷപാതപരമാണ് എന്നൊക്കെ'നോക്കൂ... ഇതൊരു പെരുംകള്ളമാണ്. കല്ലുവെച്ച നുണ.

Pakistan or The Partition of India എന്ന പുസ്തകത്തില്‍ അംബേദ്കര്‍ എഴുതിയിരിക്കുന്നതിന്റെ ഫോട്ടോയാണ് ഈ പോസ്റ്റില്‍ ഉള്ളത്. വായിച്ചു നോക്കൂ... ഗര്‍ഭിണികളായ സ്ത്രീകളെ വെട്ടിപ്പിളര്‍ന്നു എന്നല്ലേ എഴുതിയിരിക്കുന്നത്? അതോ അവര്‍ക്ക് കലാപകാരികള്‍ പൂച്ചെണ്ട് വാങ്ങിക്കൊടുത്തു എന്നാണോ? ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന് കാണിക്കാന്‍, ഇരുസമുദായങ്ങളും തമ്മിലുള്ള ബന്ധം സത്യത്തില്‍ എങ്ങനെ ആയിരുന്നു എന്നു സൂചിപ്പിക്കാന്‍, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ടാണ് താന്‍ ചുവടെയുള്ള 'വസ്തുതകള്‍' പറയുന്നത് എന്നാണ് അദ്ദേഹം എഴുതിയത്. റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഉദ്ധരിക്കുകയല്ല, സ്വന്തം വാക്കുകളില്‍ എഴുതുകയാണ്. മലബാറിലെ ഖിലാഫത്ത് രാജ്യസ്ഥാപനത്തിന്റെ ഉദ്ദേശം മനസ്സിലാക്കാവുന്നതാണെന്നും എന്നാല്‍ മാപ്പിളമാര്‍ ഹിന്ദുക്കളോട് സ്വീകരിച്ച സമീപനം ദുരൂഹമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

ഗാന്ധിജി പറഞ്ഞതല്ല ശരി, മലബാറില്‍ നടന്ന ഈ കാര്യങ്ങളാണ് 'വസ്തുത' എന്ന് അംബേദ്കര്‍ പറയുമ്പോള്‍ അദ്ദേഹം ഏത് പക്ഷത്താണെന്ന് ഇനിയും നിങ്ങള്‍ക്ക് മനസ്സിലായില്ലേ? ഞാന്‍ ഇടപെട്ടത് എന്തിനെന്ന് ഈ പേജ് വായിക്കുന്നവര്‍ക്ക് മനസ്സിലാകുമല്ലോ. ആ ചര്‍ച്ച നേരിട്ടും ഓണ്‍ലൈനായും കണ്ട നിരവധി ദളിതര്‍ എനിക്കുവേണ്ടി വീഡിയോയിലും സോഷ്യല്‍ മീഡിയയിലും സംസാരിക്കുന്നതൊക്കെ നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് ഊഹിക്കാം. എന്നാല്‍ ഈ നുണയും വിറ്റ്, പാവം ദളിതരെയും കബളിപ്പിച്ച് ആര്‍ക്കെന്ത് നേടാന്‍ കഴിയും?

അംബേദ്കറുടെ സ്മൃതിദിനത്തിലെങ്കിലും അദ്ദേഹത്തെ കുറിച്ച് പച്ചക്കള്ളം പറയാതിരുന്നു കൂടേ?

ഞാന്‍ ആ ചര്‍ച്ചയില്‍ നിങ്ങളോട് നേരിട്ട് പറഞ്ഞ അതേ കാര്യം വീണ്ടും ആവര്‍ത്തിക്കുന്നു: അംബേദ്കറെ കുറിച്ച് വായിക്കേണ്ടത്, പഠിക്കേണ്ടത്, മനസ്സിലാക്കേണ്ടത് നിങ്ങള്‍ അംബേദ്കറൈറ്റുകളാണ്. നിര്‍ത്തിക്കൂടേ ഈ നുണപറച്ചില്‍?


നേരത്തെ സണ്ണികപ്പിക്കാടിന്റെയും ശ്യാംകുമാറിന്‍െയും വാദങ്ങള്‍ ശ്രീജിത് പണിക്കര്‍ മനോരമയുടെ ഹോര്‍ത്തുസ് വേദിയില്‍ പൊളിച്ചടുക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ സംവാദം തുടരുകയാണ് ഉണ്ടായത്.