തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെ തൂക്കി കൊല്ലാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല ഷാരോണ്‍ വധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പീല്‍ കോടതിയില്‍ തന്നെ ദുര്‍ബലപ്പെടുമെന്ന് ഉറപ്പുള്ള വിധിയാണ് വിചാരണ കോടതി പുറപ്പെടുവിച്ചത് എന്നതില്‍ അങ്ങേയറ്റം വിയോജിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'വധശിക്ഷ വിധിയിലൂടെ ഏറ്റവും ഗുണം ലഭിക്കാന്‍ പോകുന്നത് പ്രതി ഗ്രീഷ്മക്കാണ്. ഹൈക്കോടതി ആദ്യ പരിഗണനയില്‍ തന്നെ വധശിക്ഷ സ്റ്റേ ചെയ്യും. പിന്നീട് ജീവപര്യന്തം എന്നതിലേക്ക് വന്നാലും സുപ്രീംകോടതിയില്‍ അതിലേറെ ദുര്‍ബലപ്പെടും എന്നതില്‍ സംശയം വേണ്ട. കാരണം എല്ലാ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങളെയും ഈ കേസില്‍ വിചാരണ കോടതി കാറ്റില്‍ പറത്തിയിട്ടുണ്ട്'- ശ്രീജിത്ത് പെരുമന കുറിച്ചു.

ശ്രീജിത്ത് പെരുമനയുടെ ആദ്യത്തെ പാസ്റ്റ്:

ഷാരോണ്‍ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും ; ഗ്രീഷ്മയെ തൂക്കി കൊല്ലാന്‍ സാധിക്കില്ല ; വിചാരണകോടതി വിധി ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്ക്

ഏറ്റവും ആദ്യത്തെ അപ്പീല്‍ കോടതിയില്‍ത്തന്നെ ദുര്‍ബലപ്പെടുമെന്ന് ഉറപ്പുള്ള വിധിയാണ് ഷാരോണ്‍ കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ചത് എന്നതില്‍ അങ്ങേയറ്റം വിയോജിപ്പുണ്ട്. വിഷം നല്‍കി കൊലപാതകം നടത്തുന്നത് അത് സ്‌നേഹത്തിന്റെ പേരിലാണ് എന്നതിന്നാലോ, ആന്തരികവയവങ്ങള്‍ പൊള്ളിപ്പോയി എന്നതിന്നാലോ അതൊരു അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ കേസ് ആകില്ല എന്ന് കോടതി വരാന്തയിലെങ്കിലും മഴയത്ത് കയറിനിന്നിട്ടുള്ള ആര്‍ക്കും മനസിലാകും.

അക്ഷരാര്‍ത്ഥത്തില്‍ ഈ വധശിക്ഷ വിധിയിലൂടെ ഏറ്റവും ഗുണം ലഭിക്കാന്‍ പോകുന്നത് പ്രതി ഗ്രീഷ്മക്കാണ്. ഹൈകോടതി ആദ്യ പരിഗണനയില്‍ത്തന്നെ വധശിക്ഷ സ്റ്റേ ചെയ്യും പിന്നീട് ജീവപര്യന്തം എന്നതിലേക്ക് വന്നാലും സുപ്രീംകോടതിയില്‍ അതിലേറെ ദുര്‍ബലപ്പെടും എന്നതില്‍ സംശയം വേണ്ട. കാരണം എല്ലാ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങളെയും ഈ കേസില്‍ വിചാരണ കോടതി കാറ്റില്‍ പറത്തിയിട്ടുണ്ട്.

അതേസമയം ജീവപര്യന്തമായിരുന്നു നല്‍കിയിരുന്നത് എങ്കില്‍ എല്ലാ മേല്‍ക്കോടതികളും അത് ശരിവെക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു.

പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ നടത്തുന്ന #വധശിക്ഷ എന്ന സ്റ്റേറ്റ് സ്‌പോണ്‍സര്‍ഡ് കൊലപാതകം നീതിയല്ല.

ക്രൂരമായ കൊലപാതകം നടന്ന് പഴുതടച്ച അന്വേഷണം നടത്തി വിചാരണ പൂര്‍ത്തിയാക്കിയ പോലീസിനും, പ്രോസിക്കുഷനും അഭിനന്ദനങള്‍ അറിയിക്കുമ്പോഴും പറയാതെ വയ്യ, വധശിക്ഷ പ്രകൃതമാണ്

വികാരങ്ങളല്ല, വിവേകമാണ് നയിക്കേണ്ടത്.

പൗരാവകാശങ്ങള്‍ക്ക് വേണ്ടി , ഭരണഘടനയ്ക്ക് വേണ്ടി പോരാടുന്നവര്‍ പ്രത്യേകിച്ചു യാതൊരു ശാസ്ത്രീയ, സ്റ്റാറ്റിറ്റിക്കല്‍ അടിസ്ഥാനവുമില്ലാത്ത ഈ പ്രാകൃത സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് കൊലപാതകത്തെ തള്ളിപ്പറയണം.

what says the law ? Do not kill, How can it say by Killing ? 'കൊല്ലരുത് ' എന്നാണ് നിയമം പറയുന്നത്. കൊന്നുകൊണ്ട് എങ്ങനെ ആ നിയമത്തിന് പറയാനാകും 'കൊല്ലരുതെന്ന് '?

'വധശിക്ഷ' കുറ്റകൃത്യങ്ങള്‍ കുറയ്ക്കില്ല; എന്ന പരമോന്നത കോടതിയുടെ വിധിയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം

വധശിക്ഷ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത് തടയുമെന്ന് യാതൊരുശാസ്ത്രീയമോ അല്ലാത്തതോ ആയ തെളിവുകളോ കണക്കുകളോ ഇല്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ട്. വധശിക്ഷയ്ക്ക് വിധിച്ച പ്രതിയുടെ ശിക്ഷ 30 വര്‍ഷത്തെ തടവ് ശിക്ഷയാക്കി കുറച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നതിലൂടെ മറ്റുള്ളവര്‍ ഭാവിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും തടയുകയോ, തടയാതിരിക്കുകയോ ചെയ്യാം. എന്നാല്‍ വധശിക്ഷ നല്‍കുന്നതിലൂടെ സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും, തെളിവുകളും, സ്ഥിതിവിവര കണക്കുകളും ലഭ്യമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

STOP DEATH PENALTY

വധശിക്ഷ നിരോധിക്കുക.

അഡ്വ ശ്രീജിത്ത് പെരുമന


സുപ്രീംകോടതിയുടെ ബച്ചന്‍ കേസിലെ സുപ്രധാന വിധിയെ ഉള്‍ക്കൊള്ളാത്ത വിധിയാണ് ഇന്നത്തെ വിചാരണ കോടതിയുടേത് എന്നും അഡ്വ. ശ്രീജിത്ത് പെരുമന മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.

'ഇരയായ ഷാരോണ്‍ മരണക്കിടക്കയിലും പ്രതി ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നു ' എന്നതാണ് കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വിലയിരുത്താനും വധശിക്ഷ നല്‍കാനും കോടതി നിരീക്ഷിച്ച വസ്തുതകളില്‍ ഒന്ന് എന്നത് അത്ഭുതപ്പെടുത്തുന്നു.

അപൂര്‍വ്വങ്ങളില്‍ പൂര്‍വ്വമായി ഒരു കേസ് വിലയിരുത്താനും, വധശിക്ഷ നല്‍കാനും കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കാലാകാലങ്ങളായി സുപ്രീംകോടതി വിചാരണ കോടതികള്‍ക്ക് നല്‍കിയിട്ടുണ്ട്.

അപൂര്‍വ്വങ്ങള്‍ അത്യപൂര്‍വ്വമായ കേസാണെന്ന് കണ്ടെത്തി വിലയിരുത്തിയാല്‍പോലും വധശിക്ഷ നല്‍കുന്നതിന് മുന്‍പ് സുപ്രീംകോടതി എണ്ണിപ്പറഞ്ഞിട്ടുള്ള വിവിധ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

പ്രതിയുടെ പ്രായം, പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം, സാമൂഹിക പശ്ചാത്തലം, മാനസിക ആരോഗ്യം, വിദ്യാഭ്യാസം, കുടുംബ പ്രശ്‌നങ്ങള്‍, മാനസാന്തരപ്പെടാനുള്ള സാദ്ധ്യതകള്‍ എന്തിനേറെ വീട്ടിലെ സാമ്പത്തിക അവസ്ഥ എല്ലാവിധ സാഹചര്യങ്ങളും പരിഗണിച്ചു മാത്രമേ വധശിക്ഷ വിധിക്കാന്‍ പാടുള്ളൂ എന്നാണ് സുപ്രീംകോടതി നിര്‍ദേശം.

ഷാരോണ്‍ കേസില്‍ പ്രതിയുടെ പ്രായവും, ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും, മാനസാന്തരത്തിനുള്ള സാധ്യതയും മാത്രം കണക്കിലെടുത്താല്‍ മതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ നല്‍കാന്‍.

ഉത്ര കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമാണെന്ന് കണ്ടെത്തിയിട്ടും വധശിക്ഷ നല്‍കാത്തത് ആക്കാരണങ്ങളാലാണ്. പ്രതികളെ തൂക്കിലേറ്റാന്‍ വിധിക്കാത്തതിന്റെ പേരില്‍ കോടതിക്കെതിരെയും, ജഡ്ജിനെയും ആക്രോശിച്ചുകൊണ്ട് വാളെടുക്കുന്ന ഒരുപറ്റം ആള്‍ക്കൂട്ട നീതിക്കാര്‍ നമുക്കിടയിലുണ്ട്. വൈകാരികതയോടെ നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നവരോടാണ്..

1. എന്ത് പ്രധാന കാരണത്താലാണ് ഷാരോണ്‍ കേസില്‍ പ്രതിക്ക് വധ ശിക്ഷ ഒഴിവാക്കേണ്ടിയിരുന്നത്.

പ്രതിക്ക് ചെറിയ പ്രായമാണ്, ഇതിന് മുന്‍പ് യാതൊരു ക്രിമിനല്‍ കേസിലും പ്രതിയല്ല, മാനസാന്തരത്തിനുള്ള സാധ്യതകളുണ്ട് എന്നതാണ് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമായിരുന്നു നല്‍കേണ്ടിയിരുന്നത് എന്നതിനുള്ള കാരണം..

2. പ്രതിയുടെ പ്രായവും, മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും വധശിക്ഷ നല്‍കുമ്പോള്‍ പരിഗണിക്കണോ?തീര്‍ച്ചയായും വേണം. വധ ശിക്ഷ വിധിക്കുമ്പോള്‍ പ്രതിയുടെ പ്രായവും, ക്രിമിനല്‍ പശ്ചാത്തലവും മാത്രമല്ല പ്രതിയുടെ സാമൂഹിക അവസ്ഥ മുതല്‍ പട്ടിണിയിലായൊരുന്നോ എന്നുവരെ പരിശോധിക്കണമെന്ന് സുപ്രീംകോടതി വിധികളുണ്ട്. ആ വിധികള്‍ ഈ രാജ്യത്തെ നിലവിലെ നിയമവുമാണ്.

1. Sachin Kumar Singhraha v State of Madhya pradesh 2019

അഞ്ച് വയസ്സുകാരിയെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ എന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജസ്റ്റിസ് എന്‍ വി രമണ, ശാന്തന ഗൗഡര്‍, ഇന്ദ്ര ബാനര്‍ജി എന്നവരുടെ സുപ്രധാന വിധിയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ പോലും പരമാവധി വധശിക്ഷ ഒഴിവാക്കണമെന്നും ജീവപര്യന്തമാണ് നിയമം വധശിക്ഷ ഒരു അസാധാരണമാണെന്നും വിധിച്ചു.

ഹീനവും, നിന്ദ്യവുമായ കുറ്റമാണ് പ്രതി ചെയ്തത് എങ്കിലും പ്രതിക്ക് മാനസാന്തരവും ഗുണകരമായ മാറ്റവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ല എന്നും കൂടാതെ പ്രതിയുടെ പ്രായവും പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നല്‍കേണ്ട എന്നും കോടതി വിധിച്ചു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ അധികാര പ്രകാരമുള്ള ഇളവ് നല്‍കാതെ 25 വര്‍ഷം തടവ് നല്‍കണമെന്നും കോടതി വിധിയില്‍ കോടതി വ്യക്തമാക്കി.

Writing the judgment for the Bench, Justice Shantanagoudar agreed the man has indeed committed a horrifying crime. It was both heinous and premeditated. He had gained the trust of the victim's family on a false pretext. His intention was to gain custody of the child. By this, he had not only abused the faith reposed in him but also 'exploited the innocence and helplenssess of a child as young as five years of age.'

At the same time, Justice Shantanagoudar said there is a probability that the man would reform, considering he never had prior criminal record. The court also kept in mind his 'overall conduct'.

അതായത് ഇന്നത്തെ ഷാരോണ്‍ കേസിലെ വിധി സുപ്രീംകോടതി പ്രഖ്യാപിച്ച നിയമപ്രകാരമുള്ളതായിരുന്നില്ല.

2. Aravind Singh v State of Mahsrashtra 2020അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ പോലും പരമാവധി വധശിക്ഷ ഒഴിവാക്കണമെന്നും ജീവപര്യന്തമാണ് നിയമം വധശിക്ഷ ഒരു അസാധാരണമാണെന്നും വിധിച്ചു.

ജസ്റ്റിസുമരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ പോലും പരമാവധി വധശിക്ഷ ഒഴിവാക്കണമെന്നും ജീവപര്യന്തമാണ് നിയമം വധശിക്ഷ ഒരു അസാധാരണമാണെന്നും വിധിച്ചുകൊണ്ട് വധശിക്ഷ റദ്ദാക്കി.കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങളോടൊപ്പം പ്രതിയുടെ സാഹചര്യങ്ങളും വധശിക്ഷ വിധിക്കാനായി പരിഗണിക്കണമെന്ന് കോടതി വിധിച്ചു. സംസ്ഥാനത്തിന്റെ അധികാര പ്രകാരമുള്ള ഇളവ് നല്‍കാതെ 25 വര്‍ഷം തടവ് നല്‍കണമെന്നും കോടതി വിധിയില്‍ കോടതി വ്യക്തമാക്കി.

3. state of Mahsrashtra v Sunil Gaikwad 2013

ഒരു പ്രതിക്ക് വധശിക്ഷ വിധിക്കുന്നതിന് മൂന്‍പ് അയാളുടെ സാമൂഹിക പശ്ചാത്തലവും, ദാരിദ്രവസ്ഥയും, പ്രായവും, മാനസികാവസ്ഥയും, കുറ്റകൃത്യത്തിലേക്ക് എത്തിച്ച സാഹചര്യങ്ങളും പരിഗണിക്കണമെന്ന് ജസ്റ്റിസുമരായ മുഖോപാധ്യായ, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. കൂടാതെ ബച്ചന്‍ സിംഗ് Vs. സ്റ്റേറ്റ് കേസിലൂടെ ഉടലെടുത്ത വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ടുന്ന ''അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ' എന്ന തത്വം തികച്ചും അപര്യാപ്തമാണെന്നും കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്.

പല സന്ദര്‍ഭങ്ങളിലും, ഒരേ കേസില്‍ സമാനമായ വസ്തുതകളെ അടിസ്ഥാനമാക്കി പരസ്പര വിരുദ്ധമായ തീര്‍പ്പുകളില്‍ കോടതി എത്തിചേര്‍ന്നിട്ടുള്ളതും, അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്ന തത്വം വിവേകപൂര്‍വവും വസ്തുനിഷ്ഠവുമാണോ എന്ന് സംശയം ഉന്നയിച്ചിട്ടുള്ളതുമാണ് എന്നും കുര്യന്‍ ജോസഫ് നിരീക്ഷിച്ചു സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷയിലൂടെ കഴിഞ്ഞിട്ടില്ലെന്ന് നിയമ കമ്മീഷന്റെ 262 ആം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ആധാരമാക്കിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ഭിന്ന വിധി.

പലപ്പോഴും പൊതു ജനവികാരം കണക്കിലെടുത്താണ് അന്വേഷണ ഏജന്‍സികള്‍ വധ ശിക്ഷയ്ക്കായി കോടതിയില്‍ സമ്മര്‍ദം ചെലുത്താറുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. മേല്പറഞ്ഞ എല്ലാ വിധികളുടെയും അന്തസത്തയെ മുന്‍ നിര്‍ത്തിയാണ് ഷാരോണ്‍ കേസിലെ വിധി പൊതുബോധത്തെ മുന്‍ നിര്‍ത്തിയാണോ എന്ന് സംശയിക്കപ്പെടുന്നത്. 1980ല്‍ ബച്ചന്‍ സിംഗ് കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധിന്യായത്തില്‍ വധശിക്ഷയ്ക്ക് വിധിക്കേണ്ട സാഹചര്യം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- ''അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസുകളില്‍, സംശയഹേതുവില്ലാതെ തെളിയിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ മറ്റൊരു വഴിയുമില്ലാതിരിക്കുകയാണെങ്കില്‍ മാത്രം''.

Aggravating സാഹചര്യങ്ങളുടെയും mitigating സാഹചര്യങ്ങളുടെയും ഒരു ബാലന്‍സ് ഷീറ്റ് തയാറാക്കി ആകണം വധ ശിക്ഷ വേണമോ എന്നുതീരുമാനിക്കാന്‍ എന്ന് 1983ലെ ബച്ചന്‍ സിംഗ് കേസില്‍ സുപ്രീം കോടതി വിവക്ഷിക്കുന്നു. Aggravating സാഹചര്യങ്ങള്‍ കേസ് രേഖകളില്‍ നിന്ന് ബോധ്യപ്പെടുമ്പോള്‍, mitigating factors ബോധ്യപ്പെടാന്‍ കുറ്റവാളിയുടെ സാമൂഹികവും വ്യക്തിപരവും മാനസികവുമായ ചരിത്രം മനസിലാക്കേണ്ടതുണ്ട്. അതിന് അയാളും, അയാളുടെ കുടുംബവും,ആ സാമൂഹിക സാഹചര്യവും ആയുള്ള നിരന്തര ഇടപെടലുകളിലൂടെ മാത്രമേ സാധ്യമാകൂ എന്നും സുപ്രീംകോടതി പറയുന്നു.

സുപ്രീംകോടതിയുടെ ബച്ചന്‍ കേസിലെ സുപ്രധാന വിധിയെ ഉള്‍ക്കൊള്ളാത്ത വിധിയാണ് ഇന്നത്തെ വിചാരണ കോടതിയുടെത് എന്ന് മാത്രമാണ് ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ പറഞ്ഞുവെച്ചത് അല്ലാതെ ഗ്രീഷ്മ എന്റെ കുഞ്ഞമ്മയുടെ മോളോയതുകൊണ്ടോ, ഗ്രീഷ്മയുടെ വക്കീലായതുകൊണ്ടോ അല്ലെന്ന് ആവേശകുമാരന്മാര്‍ മനസിലാക്കണം.

അഡ്വ ശ്രീജിത്ത് പെരുമന