കൊച്ചി: വിന്‍സി അലോഷ്യസ് പരാതി കൊടുത്തില്ലെങ്കിലും ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ പോലീസ്. ഹൈബ്രിഡ് കഞ്ചാവ് കേസ് എക്‌സൈസ് അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. അതിനു മുന്‍പായി റിമാന്‍ഡില്‍ കഴിയുന്ന കേസിലെ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങും. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. സിനിമാ മേഖലയിലും ഹൈബ്രിഡ് വിതരണം ചെയ്തു എന്നാണ് ഇവര്‍ എക്‌സൈസിനെ നല്‍കിയിരുന്ന മൊഴി. ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാവ് ഹസീബ് മലബാറും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. ശ്രീനാഥ് ഭാസി മയക്കുമരുന്നിന് അടിമയാണെന്ന തരത്തിലാണ് നിര്‍മ്മാതാവിന്റെ പ്രതികരണം. ഇതും പോലീസ് ഗൗരവത്തില്‍ എടുക്കും. മട്ടാഞ്ചേരി മാഫിയയാണ് സിനിമയിലെ മയക്കുമരുന്ന് ഇടപാടുകളെ നിയന്ത്രിക്കുന്നത്. ഇവരിലേക്ക് അന്വേഷണം കൊണ്ടു പോകാന്‍ എക്‌സൈസിനോ പോലീസിനോ കഴിയാറില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നീക്കങ്ങളുടെ അനന്തര ഫലത്തില്‍ സംശയങ്ങളും സജീവമാണ്.

കുറച്ചു ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ലഹരിയ്‌ക്കെതിരായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. പോലീസിനും എക്‌സൈസിനും എല്ലാ അധികാരവും നല്‍കുമെന്നും പറയുന്നു. അപ്പോഴും വിഐപികളിലേക്ക് അന്വേഷണം കടന്നാല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുമെന്ന ആശങ്ക പോലീസിനും എക്‌സൈസിനുമുണ്ട്. ആലപ്പുഴയില്‍ ഒരു വിഐപിയുടെ മകനെ പിടിച്ചതിനെ തുടര്‍ന്ന് പലരും പുലിവാല് പിടിച്ചു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ സിനിമയിലെ മാഫിയയെ തളയ്‌ക്കേണ്ടതുണ്ടെന്നാണ് പോലീസിന്റേയും എക്‌സൈസിന്റേയും വിലയിരുത്തല്‍. മുഖ്യമന്ത്രി എല്ലാ പിന്തുണയും നല്‍കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇവര്‍ക്ക് മട്ടാഞ്ചേരി മാഫിയയുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും. വിശദ ചോദ്യം ചെയ്യലാണ് പോലീസും എക്‌സൈസും ആലോചിക്കുന്നത്. മോളിവുഡിനെ ക്ലീനാക്കന്‍ മുഖ്യമന്ത്രി പിണറായിയുടെ ശക്തമായ പിന്തുണ സേനകള്‍ക്ക് ആവശ്യമാണെന്നതാണ് വസ്തുത.

സിനിമ സെറ്റില്‍ തനിക്കെതിരെ മോശമായി പെരുമാറിയ നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വിന്‍സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചേമ്പറിനും ഐ സി സിക്കും അമ്മയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റില്‍ വെച്ചാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട വീഡിയോയില്‍ കൂടി താരം വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയുണ്ടായി. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയാണ് ആരോപണമെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. കൊച്ചി നോര്‍ത്തിലെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നുമാണ് താരം ഇറങ്ങിയോടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ആയിരുന്നു പരിശോധന. ഈ സാഹചര്യത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കേസും ശക്തമായി അന്വേഷിക്കുന്നത്.

ഹൈബ്രിഡ് കഞ്ചാവുകേസില്‍ ആലപ്പുഴയില്‍ പിടിയിലായ തസ്ലിമ സുല്‍ത്താന ഫോണില്‍ വിളിച്ചിരുന്നതായി ശീനാഥ് ഭാസി സമ്മതിച്ചിരുന്നു. ഇവരുമായുള്ള വാട്‌സാപ് ചാറ്റ് പുറത്തുവന്നതോടെ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലായിരുന്നു വിശദീകരണം. കേസ് പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയശേഷം 22ന് വാദം കേള്‍ക്കാന്‍ മാറ്റിയെങ്കിലും പിന്നാലെ ശ്രീനാഥ് ഭാസി ഹര്‍ജി പിന്‍വലിച്ചു. നിലവില്‍ എക്സൈസ് പ്രതിചേര്‍ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇതോടെ ഹര്‍ജി തീര്‍പ്പാക്കി. കഞ്ചാവ് ഇടപാടുമായി ബന്ധമില്ലെന്നും ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എക്‌സൈസ് പരാമര്‍ശിച്ച സാഹചര്യത്തില്‍, തന്നെ തെറ്റായി കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഏപ്രില്‍ ഒന്നിന് ഓമനപ്പുഴയില്‍ മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലിമ സുല്‍ത്താനയുടെ ഫോണിലാണ് ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകള്‍ കണ്ടത്. ക്രിസ്റ്റീനയെന്ന് പരിചയപ്പെടുത്തി തസ്ലിമ മുമ്പ് ലൊക്കേഷനില്‍ വന്ന് കണ്ടിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്ന് ഫോണ്‍ നമ്പറും വാങ്ങി. പിന്നീട് ഫോണില്‍ സന്ദേശമയച്ചപ്പോള്‍ 'കാത്തിരിക്കൂ' എന്ന് മറുപടി നല്‍കുകമാത്രമാണുണ്ടായത്.

അതിനുമുമ്പ് തസ്ലിമ ഫോണില്‍ വിളിച്ച് കഞ്ചാവ് വേണോ എന്ന് ചോദിച്ചു. കളിയാക്കുകയാണെന്ന് കരുതി പ്രതികരിച്ചില്ല. തസ്ലിമയില്‍നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്താല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം മുടങ്ങുമെന്നും ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ഇതേ ക്രിസ്റ്റീനയുടെ ഫോണില്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട തെളിവുകളുമുണ്ടായിരുന്നു. രണ്ടു നടന്മാരേയും ചോദ്യം ചെയ്യാന്‍ എക്‌സൈസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ചില ഇടപെടല്‍ കാരണം നീണ്ടു പോയി. ഇതിനിടെയാണ് വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ സിനിമാ മേഖലയില്‍ പൊട്ടിത്തെറിയായി മാറിയത്. ഷൈനാണ് വില്ലനെന്ന വിവരം പുറത്തായതോടെ സിനിമയിലെ ലഹരി മാഫിയയില്‍ പുതിയ സംശയങ്ങളുയരുകയാണ്. ശ്രീനാഥ് ഭാസിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും മുടിയും നഖവും പരിശോധിക്കാനാണ് പോലീസ് നീക്കം. കോടതി അനുമതി വാങ്ങിയാകും ഈ നടപടികള്‍.

ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നിര്‍മാതാവ് ഹസീബ് മലബാര്‍ രംഗത്തു വന്നിട്ടുണ്ട്. 'നമുക്ക് കോടതിയില്‍ കാണാം' സിനിമയുടെ ലോക്കേഷനിലാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് ഫോണില്‍ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിര്‍മാതാവ് പറയുന്നു. നടന്‍ സ്ഥിരമായി വരാത്തതിനാല്‍ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാര്‍ പറഞ്ഞു.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)