തിരുവനന്തപുരം: ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ... മലയാളത്തിന് കാലം മായ്ക്കാത്ത സിനിമകള്‍ സമ്മാനിച്ച പകരംവെക്കാനില്ലാത്ത കൂട്ടുകെട്ട്.ഈ കൂട്ടുകെട്ടിന്റെ കഥ പറഞ്ഞുതുടങ്ങണമെങ്കില്‍ അ കാലത്തിനും കൂറച്ചുകൂടെ മുന്‍പോട്ട് സഞ്ചരിക്കണം.. അല്‍പ്പം ഫ്ലാഷ് ബാക്ക്..(എന്നുവച്ച് ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തേക്ക് പോകണ്ട.. എന്നാലും ഇന്നത്തെ കാലത്തെ കളറിലേക്ക് എത്തിയിട്ടും ഇല്ല..അപ്പോ ഒരു നിയോണ്‍ ലൈറ്റിന്റെ കളര്‍ ആവട്ടെ)

ഫ്ലാഷ് ബാക്കിലേക്ക്

ഹിറ്റുകള്‍ പിറന്നതോടെ പ്രിയദര്‍ശന്‍ മലയാളത്തിലെ തിരക്കിട്ട സംവിധായകനാകുന്ന കാലം.തിരക്ക് വര്‍ധിച്ചതോടെ ആദ്യം ചെയ്തത് പോലെ ഇനി രചനയും സംവിധാനവും ഒരുമിച്ച് നടക്കില്ലെന്ന് പ്രിയദര്‍ശന് പെട്ടെന്ന് മനസിലായി.അക്കാലത്ത് സിനിമാ മോഹങ്ങളുമായി ശ്രീനിവാസനും ചെന്നൈയിലാണ്്.അന്ന് ചെന്നെയില്‍ സ്ഥിരതാമസക്കാരനായിരുന്ന ശ്രീനിയെ പ്രിയന്‍ നിര്‍ബന്ധപൂര്‍വം തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി തന്റെ പുതിയ പടം എഴുതിയേ തീരൂ എന്ന് ആവശ്യപ്പെട്ടു.പകരം മുന്നോട്ട് വച്ച് അഭിനയമോഹവുമായി നടക്കുന്ന ശ്രീനിക്ക് നല്ല ഒരു റോളും. ഗത്യന്തരമില്ലാതെ ശ്രീനി പേന കയ്യിലെടുത്തു.അതിനെക്കുറിച്ച് പില്‍ക്കാലത്ത് ശ്രീനിവാസന്‍ സഹജമായ ശൈലിയില്‍ പറഞ്ഞ ഒരു കമന്റുണ്ട്.

''തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശന്‍'' എന്ന്.ഒടരുതമ്മാവാ ആളറിയാം എന്നതായിരുന്നു ചിത്രം.

എന്തായാലും ഓടരുതമ്മാവാ എന്ന് ടൈറ്റിലിട്ട പടം നന്നായി ഓടി.പിന്നാലെ ജഗദീഷിന്റെ കഥയില്‍ സിബി മലയില്‍ മുത്താരംകുന്ന് പി.ഒ എന്ന പടം പ്ലാന്‍ ചെയ്തപ്പോഴും തിരക്കഥ എഴുതാനുളള ചുമതല ശ്രീനിയുടെ തലയില്‍ വന്നു വീണു.നടനായി നിലനില്‍ക്കാനും വളരാനും ഈ വഴിയെ തന്റെ മുന്നിലുള്ളു എന്ന് ബോധ്യം വന്ന ശ്രീനി വീണ്ടും പേന കയ്യിലെടുത്തു.മുത്താരംകുന്നും ഹിറ്റായതോടെ ഒന്നിന് പിറകെ മറ്റൊന്നായി സിനിമകള്‍ അദ്ദേഹത്തെ തേടി വന്നു.ബോയിങ് ബോയിങ് അടക്കം അക്കാലത്ത് വന്‍ഹിറ്റായ പല പടങ്ങള്‍ക്കും തൂലിക ചലിപ്പിച്ചത് ശ്രീനിവാസനായിരുന്നു.

എങ്കിലും ഇത്തരം തിരക്കഥകള്‍ അല്ല തനിക്ക് വേണ്ടത് എന്ന ബോധ്യം ആരെക്കാളും ശ്രീനിവാസന് തന്നെ ഉണ്ടായിരുന്നു.അങ്ങിനെ ഒരോ ചിത്രങ്ങള്‍ കഴിയുന്തോറും അദ്ദേഹം സ്വയം നവീകരിച്ചുകൊണ്ടിരുന്നു.

മുത്താരം കുന്ന് വഴി അന്തിക്കാട്ടേക്ക്.. ആ അത്ഭുതകൂട്ടുകെട്ടിന്റെ പിറവി (ഇനി കളറാവാം)

ശ്രീനിവാസന്റെ സ്വയം നവീകരണത്തിന് ഏറെ സഹായകരമായത് സത്യന്‍ അന്തിക്കാടുമായുള്ള കൂട്ടുകെട്ട് തന്നെയായിരുന്നു.ഒരു ചടങ്ങില്‍ ശ്രീനിവാസന്‍ തന്നെ വെളിപ്പെടുത്തിയത് ഞാന്‍ ആരാണെന്ന് എനിക്ക് മനസിലാക്കി തന്ന വ്യക്തിയായിരുന്നു സത്യന്‍ അന്തിക്കാട് എന്നാണ്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഗുസ്തിക്കാരുടെ കഥ പറഞ്ഞ 'മുത്താരംകുന്ന് പി.ഒ' എന്ന സിബി മലയില്‍ ചിത്രം എഴുതിയത് ശ്രീനിവാസനായിരുന്നു.അടുക്കും ചിട്ടയും വെടിപ്പുമുളള കുലീനമായ തിരക്കഥയായിരുന്നു അത്.സിനിമ കണ്ട സത്യന്‍ അന്തിക്കാടിന് താന്‍ ഇക്കാലമത്രയും തേടി നടന്ന എഴുത്തുകാരന്‍ ഇതാണെന്ന് തോന്നി.ഒരു ചരിത്രനിയോഗം പോലെ സമാന അഭിരുചിയുളള രണ്ട് മനസുകളുടെ പാരസ്പര്യം സംഭവിക്കുകയായിരുന്നു.

ശേഷം സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്,സന്‍മനസുളളവര്‍ക്ക് സമാധാനം,നാടോടിക്കാറ്റ് തുടങ്ങി 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രം വരെ നീളുന്നു ആ കൂട്ടുകെട്ട്.കേവലം തമാശപ്പടങ്ങളായിരുന്നില്ല അതൊന്നും.മനുഷ്യന്റെ ജീവിതപ്രതിസന്ധികളും അവസ്ഥാപരിണതികളും നിസഹായതയും മറ്റും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കപ്പെട്ട ആ സിനിമകള്‍ ആന്തരികഗൗരവം നിലനിര്‍ത്തിയിരുന്നു.വരവേല്‍പ്പ്, സന്ദേശം തുടങ്ങിയ എന്നീ സിനിമകളിലെത്തിയപ്പോള്‍ നര്‍മം ഒരു ബാഹ്യാവരണം മാത്രമാക്കി നിര്‍ത്തി സമൂഹത്തിലെ പുഴുക്കുത്തുകളും മാലിന്യങ്ങളും അതിശക്തമായി തുറന്ന് കാട്ടുന്ന പുതിയ ചലച്ചിത്ര സമീപനത്തിലേക്ക് ശ്രീനി വഴിമാറി. അതിനൊക്കെയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു.

അതിനാല്‍ തന്നെയാണ് തന്റെ വിജയചിത്രങ്ങളുടെ ഒരു പങ്ക് സത്യന്‍ അന്തിക്കാടിനും ശ്രീനിവാസന്‍ നല്‍കുന്നത്.ഒരുമിച്ച് കഥയുണ്ടാക്കി താന്‍ തിരക്കഥയെഴുതിയപ്പോള്‍ അതിന്റെ മേന്മചോരാതെ ചിത്രീകരിച്ചതിലുള്ള മിടുക്കാണ് ചിത്രത്തിന്റെ വിജയത്തിന് കാരണമെന്ന് ഒരിക്കല്‍ ശ്രീനിവാസന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.ശ്രീനിവാസന്റെ തിരക്കഥകളില്‍ ഫാന്റസിയുടെ നേരിയ അംശം പോലും കാണാനാവില്ല.ജീവിതത്തില്‍ നിന്ന് ചീന്തിയ ചോര തുടിക്കുന്ന ഏടുകളാണ് അദ്ദേഹത്തിന്റെ ഓരോ രചനയും.ജീവിതത്തില്‍ നിന്ന് സ്‌ക്രിനിലേക്ക് നേരിട്ട് കയറി വന്ന കഥാപാത്രങ്ങളായിരുന്നു ശ്രീനിയുടേത്.സത്യന്‍ അന്തിക്കാടുമായി ചേര്‍ന്ന് ചെയ്ത സിനിമകളിലാണ് ഈ റിയലിസ്റ്റിക് സമീപനം അതിന്റെ മുര്‍ത്തരൂപത്തിലെത്തിയത് ദൈനംദിന ജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ അദ്ദേഹം വ്യഗ്രത കാട്ടി.

പ്രമേയ സ്വീകരണത്തില്‍ മാത്രമല്ല ആഖ്യാനത്തിലും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും രൂപപ്പെടുത്തുന്നതിലും അദ്ദേഹം പുലര്‍ത്തിയ ജാഗ്രത അനുപമമാണ്. സാഹിത്യവും ചലച്ചിത്രരചനയും തമ്മിലുളള മാധ്യമപരമായ അതിരുകള്‍ കൃത്യമായി തിട്ടപ്പെടുത്തിയ രചനകളാണ് ശ്രീനിവാസന്റേത്.

രണ്ടാഴ്ച്ച കൂടുമ്പോള്‍ സന്ദര്‍ശനം.. ഞാന്‍ അദ്ദേഹത്തെ ചാര്‍ജ്ജുചെയ്യുമെന്ന് പറഞ്ഞ അന്തിക്കാട്

സിനിമയ്ക്ക് അപ്പുറം വ്യക്തിജീവിതത്തിലും മാതൃകയായ സൗഹൃദമായിരുന്നു സന്ത്യന്‍ അന്തിക്കാട് ശ്രീനിവാസന്റെത്.ഇപ്പോള്‍ പോകുമെന്ന് കരുതിയിരുന്നില്ലെന്നാണ് സത്യന്‍ അന്തിക്കാട് വിയോഗത്തിന് പിന്നാലെ പ്രതികരിച്ചത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും താന്‍ ശ്രീനിയെ കാണാന്‍ പോകുമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.''ശ്രീനി കുറേ നാളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. ഒന്നും പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഞാനും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധം. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്നും സംസാരിച്ചിരുന്നു.അതിനിടയ്ക്ക് പുള്ളി ഒന്ന് വീണു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ജറിയൊക്കെ കഴിഞ്ഞു. ഞാന്‍ വിളിച്ചപ്പോള്‍ നടന്നു തുടങ്ങി. വാക്കറില്‍ നടക്കാന്‍ പറ്റുമെന്നാണ് വിചാരിക്കുന്നതെന്നാണ് പറഞ്ഞത്.

'ഇപ്പോഴും പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല.ഞാന്‍ എപ്പോഴും വന്ന് അദ്ദേഹത്തെ ചാര്‍ജ് ചെയ്യും.രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടില്‍ പോകും. രാവിലെ തൊട്ട് വൈകുന്നേരം വരെ വീട്ടിലിരിക്കും.ബുദ്ധിയും ചിന്തകളുമൊക്കെ വളരെ ഷാര്‍പ്പാണ്.കഴിഞ്ഞ പ്രാവശ്യം എന്നോട് പറഞ്ഞു, മതിയായി എനിക്ക് എന്ന്.കുറച്ച് കാലമായി അസുഖമായി കിടക്കുകയാണല്ലോ.അതൊന്നും നോക്കിയിട്ട് കാര്യമില്ല നമുക്ക് തിരിച്ചുവരാമെന്ന് ഞാന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം വീണ്ടും ചര്‍ച്ചായയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു...'''' സത്യന്‍ അന്തിക്കാട് പറയുന്നു.

മലയാള സിനിമയിലെ ഐക്കോണിക് കൂട്ടുകെട്ടായിരുന്നു സത്യന്‍ അന്തിക്കാടും ശ്രീനിവസാനും.ശ്രീനിയില്ലെങ്കില്‍ താനില്ല എന്ന് പലപ്പോഴായി സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ട്.