- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശ്രീതുവിന്റെ ക്രൂരത അറിഞ്ഞ് ഭര്‍ത്താവും വീട്ടുകാരും ജാമ്യത്തില്‍ ഇറക്കാന്‍ എത്തിയില്ല; സാമ്പത്തിക തട്ടിപ്പ് കേസിലെ ജയില്‍ വാസത്തിനിടെ മോഷണക്കേസ് പ്രതികളെ കൂട്ടുകാരാക്കി; ബാലരാമപുരത്തെ വില്ലത്തിയെ ജാമ്യത്തില്‍ ഇറക്കി കൊഴിഞ്ഞാമ്പാറയില്‍ എത്തിച്ചത് ആ അപൂര്‍വ്വ സൗഹൃദം; മൊബൈല്‍ നമ്പര്‍ കിട്ടിയത് തുമ്പായി; ശ്രീതുവിനെ കുടുക്കിയത് പോലീസ് ബ്രില്ല്യന്‍സ്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അറസ്റ്റിലായ കുഞ്ഞിന്റെ മാതാവ് ശ്രീതു പാലക്കാട് കൊഴിഞ്ഞാമ്പാറയിലെത്തിയത് ജയില്‍ സൗഹൃദത്തില്‍. പാലക്കാട് പൊഴിഞ്ഞാറാംപാറയില്‍ നിന്നു റൂറല്‍ എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശ്രീതുവിനെ പിടികൂടിയത്. ജനുവരി 30നാണ് കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വാടകവീട്ടിലെ കിണറ്റില്‍ രണ്ടുവയസുകാരി ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ശ്രീതു കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് പാലക്കാട്ടേക്ക് കടന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിന് അറസ്റ്റിലായി നെയ്യാറ്റിന്‍കര ജയിലില്‍ കഴിഞ്ഞ ശ്രീതു മോഷണക്കേസ് പ്രതികളായ ദമ്പതികളെ അവിടെവച്ച് പരിചയപ്പെട്ടിരുന്നു. ജാമ്യത്തിലിറക്കാന്‍ കുടുംബാംഗങ്ങളാരും എത്തിയില്ല. ഇതോടെ മോഷണ ദമ്പതികള്‍ സഹായം നല്‍കി. അവര്‍ ജാമ്യത്തില്‍ ഇറക്കി. അതിന് ശേഷം ഇവര്‍ വഴി ഈ മാസം 8ന് ശ്രീതു പാലക്കാട് കൊഴിഞ്ഞാമ്പാറയിലെത്തി. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ റജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പ്രതികളായ ദമ്പതികളുടെ അടുപ്പം മനസ്സിലായതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. ആ മോഷ്ടാക്കളുടെ വിവരം ശേഖരിച്ച അന്വേഷണ സംഘം, മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും പിന്തുടര്‍ന്നു. അങ്ങനെയാണ് ശ്രീതുവുള്ള സ്ഥലം കണ്ടെത്തിയത്. 4 ദിവസം മുന്‍പ് പാലക്കാടെത്തി. കൊഴിഞ്ഞാമ്പാറയില്‍ ഇവരുടെ താമസസ്ഥലം കണ്ടെത്തിയതോടെ ബാലരാമപുരം എസ്എച്ച്ഒ പി.എസ്.ധര്‍മജിത് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയെ കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മാവനും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാറാണ് (25) ഒന്നാം പ്രതി. ശ്രീതുവിനെ രണ്ടാംപ്രതിയാക്കും.ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ നുണപരിശോധന നടത്തിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്. ശ്രീതു നുണപരിശോധനയ്ക്ക് വിസമ്മതിച്ചിരുന്നു. കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധനയില്‍ ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തിന്റെ ഫലവും ഹരികുമാറിന്റെ ഫലവും നെഗറ്റീവാണെന്നും കണ്ടെത്തി. ശ്രീതു കുറേക്കാലമായി ഭര്‍ത്താവുമായി പിണങ്ങി സഹോദരനും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ശ്രീതുവിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങിയതിനുശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും. വിശദ ചോദ്യം ചെയ്യലിലൂടെ കുട്ടിയുടെ പിതാവിനെ അടക്കം കണ്ടെത്താനാണ് നീക്കം.
ബാലരാമപുരം എസ്.ഐ ധര്‍മജിത്ത്, എസ്.ഐ രാജേഷ്, എ.എസ്.ഐമാരായ പ്രവീണ്‍, അരുണ്‍, ലെനിന്‍, വിനോയ് ജസ്റ്റിന്‍, അനില്‍കുമാര്‍, എസ്.ഐ പ്രത്യൂഷ എന്നിവരുടെ സംഘമാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ജനുവരി 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. കുഞ്ഞിനെ കാണാനില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് കണ്ടെത്തിയിരുന്നു.
ശ്രീതുവും ഹരികുമാറും തമ്മിലുള്ള ബന്ധത്തിന് കുഞ്ഞ് തടസമായതിനാല്‍ കുഞ്ഞിനെ ഒഴുവാക്കുന്നതിന് കിണറ്റില്‍ എറിഞ്ഞു എന്നാണ് കേസില്‍ പൊലീസിന്റെ കണ്ടെത്തല്‍. ഇതിന് തെളിവായി ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഹരികുമാറിന് മാത്രമല്ല ശ്രീതുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ഹരികുമാറിനെ നുണ പരിശോധന നടത്തിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്. ശ്രീതു നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നില്ല.
ഭര്‍ത്താവ് ശ്രീജിത്തുമായി അകല്‍ച്ചയിലായിരുന്നു ശ്രീതു.മക്കളുമൊത്ത് മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. ദേവേന്ദുവിനെയും മൂത്ത സഹോദരിയെയും പലവട്ടം ഹരികുമാര്‍ ഉപദ്രവിച്ചിട്ടുണ്ട്. ദേവേന്ദുവിനെ കാണാതെ രാവിലെ കുടുംബാംഗങ്ങള്‍ തിരയുന്നതിനിടെ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഏഴേ മുക്കാലോടെ അടുക്കളയ്ക്കു സമീപം കിണറ്റില്‍ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ കുറ്റംസമ്മതം നടത്തി. ഫോണ്‍ പരിശോധനയില്‍ നിന്നാണ് പൊലീസിന് തെളിവുകള്‍ ലഭിച്ചത്. ഹരികുമാറുമായുളള ശ്രീതുവിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഫോറന്‍സിക് പരിശോധനയിലൂടെ പൊലീസ് വീണ്ടെടുത്തപ്പോഴാണ് അസ്വാഭാവിക ബന്ധം വ്യക്തമായത്.