- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്രമേളയില്‍ ശ്രീ ശ്രീ രവിശങ്കറിന് എന്തുകാര്യം? ഉദ്ഘാടനവേദിയില്‍ യോഗാചാര്യന് പങ്കെടുത്തതും വിവാദം; എറെയും നിലവാരമില്ലാത്ത ചിത്രങ്ങള്‍; വേദികള്‍ തമ്മിലുള്ള ദൂരവും വിനയാവുന്നു; ലക്ഷ്യം ടൂറിസം പ്രമോഷന്; ഗോവന്‍ ചലച്ചിത്രമേളയില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല
ചലച്ചിത്രമേളയില്‍ ശ്രീ ശ്രീ രവിശങ്കറിന് എന്തുകാര്യം?
പനാജി: 55ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നേരത്തെ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന ചിത്രം ഇന്ത്യന്‍ പനോരമയുടെ ഉദ്ഘടാന ചിത്രമാക്കിയതിനെക്കുറിച്ചാണ് വന്‍ വിവാദം ഉയര്‍ന്നിരുന്നത്. ഐഎഫ്എഫ്ഐ പൂര്‍ണ്ണമായും രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന ആരോപണം ശരിവെക്കുന്ന രീതിയില്‍ ഉദ്ഘാടന വേദിയില്‍ യോഗ്യാചാര്യനും ആത്മീയഗുരുവുമായ ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുത്തതും, വിവാദമാവുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് തലേഗാവിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന, ഗോവന്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലാണ്, ആത്മീയ ഗുരുവും യോഗാചാര്യനുമായ ശ്രീ ശ്രീ രവിശങ്കര്‍ പ്രത്യേക അഭിസംബോധന നടത്തി. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം തന്നെ കലയും വിനോദവും ഇഴചേര്‍ന്ന് കിടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷയും പ്രചോദനവും നല്‍കേണ്ട സിനിമകളാണ് ഉണ്ടാകേണ്ടത് മറിച്ച് ആളുകളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമകളല്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
പക്ഷേ രവിശങ്കറിനെ പങ്കെടുപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ വിവാദമായി. നാളെ സദ്ഗുരു ജഗ്ഗി വാസുദേവോ, മാതാ അമൃതാനന്ദമയിയോ ഒക്കെ ലച്ചിത്രമേളകള്‍ ഉദ്ഘാടനം ചെയ്യുന്നത് കാണേണ്ടി വരുമോ എന്നാണ് ഇടതു സര്‍ക്കിളുകള്‍ ഉയര്‍ത്തുന്ന ചോദ്യം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഐ ആന്‍ഡ് ബി സെക്രട്ടറി സഞ്ജയ് ജാജു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍,എന്നിവരം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഗ്രീന്‍ ഗോവ ഗ്രീന്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായി ഗോവ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ തെങ്ങിന്‍ തൈക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് ഇത്തവണത്തെ ചലച്ചിത്രമേള കൊടിയേറിയത്. .
മേളയുടെ ചരിത്രത്തിലാദ്യമായി ഉദ്ഘാടന ചടങ്ങില്‍ തത്സമയ ഇന്ത്യന്‍ ആംഗ്യ ഭാഷാ വ്യാഖ്യാനം അവതരിപ്പിച്ചു. ശ്രവണ വൈകല്യമുള്ളവരടക്കം എല്ലാവര്‍ക്കും മേളയില്‍ പൂര്‍ണ്ണമായി പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. കാഴ്ചയില്ലാത്തവര്‍ക്കായി ശബ്ദലേഖനവും മേളയുടെ പരിപാടികളില്‍ ഉള്‍പ്പെടുത്തും.
പാര്‍ശ്വവത്കരിക്കപ്പെട്ട ലോകത്ത് അല്ലെങ്കില്‍ രാജ്യങ്ങളില്‍ സിനിമകളുണ്ടാകുന്നത് വലിയ പരിഹാരമാണെന്ന് ഉദ്ഘാടനച്ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടന്റ് ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ രാജ്യത്താണെന്നും ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളതും ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സിനിമ ആഘോഷിക്കപ്പെടുന്നതുപോലെ പ്രേക്ഷകരും ആഘോഷിക്കപ്പെടണമെന്ന് ശേഖര്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.
സുഭാഷ് ഘായ്, ദിനേശ് വിജന്‍, അമര്‍ കൗശിക്, എന്‍.എം സുരേഷ്, ആര്‍.കെ.സെല്‍വമണി, ഇഷാരി ഗണേശന്‍, രവി കൊട്ടാരക്കര, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അഭിനേതാക്കളായ നാഗാര്‍ജുന, ഖുശ്ബു, ആംല, വിക്രാന്ത് മാസി, രാകുല്‍ പ്രീത്, മാനുഷി ഛില്ലര്‍, ബൊമന്‍ ഇറാനി, രാജ്കുമാര്‍ റാവു, അഭിഷേക് ബാനര്‍ജി, രണ്‍ദീപ് ഹൂഡ, ജയം രവി, പാര്‍ത്ഥിബന്‍, ശരത്കുമാര്‍, നിത്യ മേനോന്‍ എന്നിവരും ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.
വേദികള്‍ തമ്മിലെ അകലം വില്ലനാവുന്നു
അതേസമയം ഐഎഫ്എഫ്ഐയില്‍ സംഘാടകരുടെ പിടിപ്പുകേടും വിമര്‍ശിക്കപ്പെടുന്നുണ്ട്. മുഖ്യവേദിയായ പനാജിയിലെ ഇനോക്സ് തീയേറ്ററില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുള്ള, മര്‍ഗോവയിലും പോണ്ടയിലുമൊക്കെ ഇത്തവണ ചലച്ചിത്ര പ്രദര്‍ശനമുണ്ട്്. ഈ ദൂരവ്യത്യാസം അറിയാതെ ബുക്ക് ചെയ്യുന്നവര്‍ ശരിക്കും പെട്ടുപോകുന്ന അവസ്ഥയുണ്ട്. ഡെലിഗേറ്റുകള്‍ വേദികളില്‍നിന്ന് വേദികളിലേക്ക് പോകാന്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ട്രാഫിക്ക് ബ്ലോക്കിലും മറ്റും പെട്ട് ഒന്നരമണിക്കൂറിലേറെ സമയം നഷ്ടമാവുകയാണ്. ഈ രീതിയില്‍ വേദികള്‍ വെച്ചത് സംഘാടകരുടെ പിടിപ്പുകേടായിട്ടാണ് വിമര്‍ശനം ഉയരുന്നത്.
അതുപോലെ തന്നെ മേളയിലെ ചിത്രങ്ങള്‍ക്ക് നിലവാരം നഷ്ടപ്പെടുന്നതായും പൊതുവെ വിമര്‍ശനമുണ്ട്.ഇംഗ്ലീഷ് ചിത്രമായ 'ബെറ്റര്‍ മാന്‍' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. ഇതുമൈക്കല്‍ ഗ്രേസി സംവിധാനം ചെയ്ത ഈ ചിത്രം ബ്രിട്ടീഷ് പോപ്പ് സൂപ്പര്‍സ്റ്റാറായ റോബി വില്യംസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതും ശരാശരി മാത്രമായാണ് വിലയിരുത്തപ്പെടുന്നത്.
ഒരുകാലത്ത്, ലോകത്തെ എണ്ണം പറഞ്ഞ പത്തോ പതിനഞ്ചോ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഒന്നായിരുന്നു ഇഫി. 1952- ല്‍ മത്സരവിഭാഗം ഇല്ലാതെ ബോംബെയില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യ ചലച്ചിത്രമേളയുടെ രക്ഷാധികാരി പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ടുതന്നെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 'ലോകത്തിലെ ചലച്ചിത്രപ്രേമികള്‍ക്ക് മുന്നില്‍ സ്ഥിരപ്രതിഷ്ഠ നേടി. 1965 മുതല്‍ മത്സരാധിഷ്ഠിത ചലച്ചിത്രമേളയായി 'ഇഫി' മാറി.പുര്‍ണ്ണമായും കച്ചവടത്തിന്റെ വേദിയായി എന്നാണ് വിമര്‍ശനം. 2004 മുതലാണ് ഗോവ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദിയായത്. ഇതോടെ ബോളിവുഡ് താരങ്ങള്‍ മേളയുടെ ഉദ്ഘാടന വേദികളില്‍ മുഖ്യ ആകര്‍ഷണമായി മാറാന്‍ തുടങ്ങി. സമാന്തര സിനിമകളുടെ ഏറ്റവും വലിയ വേദി കൊമേര്‍ഷ്യല്‍ സിനിമാക്കാര്‍ കൈയടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മാത്രമല്ല ഗോവന്‍ സര്‍ക്കാര്‍ ഇപ്പോള്‍ മേളയുടെ മറവില്‍ ടൂറിസം പ്രമോഷനാണ് കൂടതല്‍ ശ്രദ്ധിക്കുന്നത്. മനോഹര്‍ പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്,വന്‍ ഹൈപ്പുണ്ടാക്കി മേള ഒരു ടുറിസം ഫെസ്റ്റിവലായി മാറിയത്. ഇപ്പോഴും ചലച്ചിത്രത്തിനല്ല, ടൂറിസത്തിനാണ് മേളയില്‍ പ്രാധാന്യമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ലോകത്തിലെ എല്ലാ ചലച്ചിത്രമേളകള്‍ക്കും പിന്നില്‍ നല്ല ക്യൂറേറ്റര്‍മാര്‍ ഉണ്ടാവും. എന്നാല്‍ വിചിത്രമായ കാര്യം, 'ഇഫി'യ്ക്ക് ഒരു ക്യുറേറ്റര്‍ ഇല്ല എന്നതാണ്. നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷനും, ഇന്ത്യ ഗവണ്‍മെന്റിന്റെ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗും, എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവയും ചേര്‍ന്നാണ് 'ഇഫി' സംഘടിപ്പിക്കുന്നത്. ഈ മൂന്ന് സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ തലത്തിലാണ് സിനിമയുടെ തിരഞ്ഞെടുപ്പുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നു. ഈ രീതി മാറ്റണമെന്ന ആവശ്യത്തിനുനേരെയും അധികൃതര്‍ മുഖം തിരിക്കയാണ്.