- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതി ഇനി വയനാട് റവന്യൂ വകുപ്പിലെ ക്ലര്‍ക്ക്; നന്ദി പറഞ്ഞ് ശ്രുതി; ഒറ്റപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് അത് പാലിക്കപ്പെട്ടു: ചേര്‍ത്തുനിര്‍ത്തിലിന്റെ ഇത്തരം മാതൃകകളാണ് നമുക്ക് കരുത്തെന്ന് മുഖ്യമന്ത്രി
വയനാട്: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതി വയനാട് കളക്ടറേറ്റിലെത്തി റവന്യൂ വകുപ്പിലെ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ജോലിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് പ്രതികരിച്ചു. മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ സന്തോഷമുണ്ട്. ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ടെന്നും ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു.
ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റില്‍ നിയമനം നല്‍കിയത്. നിലവില്‍ ചെയ്തിരുന്ന ജോലി തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ശ്രുതി ഇപ്പോള്‍ താമസിക്കുന്ന അംബലേരിയിലെ വീട്ടില്‍ നിന്നും ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ഓഫീസാണിത്. എഡിഎമ്മിന്റെ ഓഫീസിലാണ് ശ്രുതി എത്തിയത്. നിലവില്‍ ശ്രുതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. സിപിഎം, സിപിഐ നേതാക്കള്‍ ശ്രുതിയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ റവന്യു മന്ത്രി കെ രാജന്‍ ശ്രുതിയെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. നേരത്തേ കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ശ്രുതി ജോലി ചെയ്തിരുന്നത്.
മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ടിരുന്നു. പിന്നീട് ശ്രുതിയുടെ ഉത്തരവാദിത്തം പ്രതിശ്രുത വരനായ ജെന്‍സണും കുടുംബവും ഏറ്റെടുത്തിരുന്നു. എന്നാല്‍, പിന്നീടുണ്ടായ ഒരു വാഹനാപകടത്തില്‍ ജെന്‍സണ്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ശ്രുതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായിരുന്നു. കാലില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തി. ഇപ്പോള്‍ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ശ്രുതിക്ക് വീട് വയ്ക്കുന്നതിനായി ബോബി ചെമ്മണ്ണൂര്‍ നേരത്തേ പണം കൈമാറിയിരുന്നു.
ശ്രുതി ജോലിക്ക് പ്രവേശിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയനും പങ്കുവച്ചിരുന്നു. ക്ലാര്‍ക്ക് തസ്തികയില്‍ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. എല്ലാവരെയും നഷ്ടമായ ശ്രുതിക്ക് കൂട്ടായി ജെന്‍സണ്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്‍ അപകടത്തില്‍ ജെന്‍സനും ശ്രുതിയെ വിട്ട് പോയി. ശ്രുതി ഒറ്റപ്പെട്ട് പോകില്ലെന്ന് അന്നേ സര്‍ക്കാര്‍ പറഞ്ഞതാണ്. അന്നേ ഉറപ്പ് നല്‍കിയിരുന്നു.
ഇന്ന് ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണ്. ചേര്‍ത്തുനിര്‍ത്തിലിന്റെ ഇത്തരം മാതൃകകളാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ നമുക്ക് പ്രേരകമാകുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്ന് ഈ സര്‍ക്കാരിന്റെയും നടിന്റെ ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും മുഖ്യമന്ത്രി പറഞ്ഞു.




