തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 3810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റില്‍, സംസ്ഥാന വിഹിതമായി 1900 കോടി രൂപ കിഫ്ബി (KIIFB) വഴി ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി മരവിപ്പിച്ച തീരുമാനം റദ്ദാക്കിയ സാഹചര്യത്തിലാണ് നിര്‍ണായകമായ ഈ നീക്കം.

സംസ്ഥാനത്തിന്റെ തീരുമാനം ഉടന്‍ റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. നേരത്തെ, ശബരി റെയില്‍ പാത തിരുവനന്തപുരത്തേക്കു നീട്ടുന്നതിനെക്കുറിച്ച് പഠിക്കാന്‍ രണ്ട് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ പകുതി തുകയും സംസ്ഥാനം വഹിക്കുമെന്നുള്ള പ്രഖ്യാപനം വരുന്നത്.

111 കിലോമീറ്റര്‍ ദൂരമുള്ള അങ്കമാലി-എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയില്‍വേ ബജറ്റിലാണ് പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്ന് പതിറ്റാണ്ടോളം ആയിട്ടും അങ്കമാലിയില്‍ നിന്നു കാലടിവരെ എട്ട് കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്കുള്ള യാത്രയ്ക്കും പ്രദേശത്തിന്റെ വികസനത്തിനും ഏറെ പ്രയോജനപ്പെടുമായിരുന്ന ഈ പാതയുടെ നിര്‍മാണം ഒരു ഘട്ടത്തില്‍ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിക്ക് പുനരുജ്ജീവനം നല്‍കി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ നിര്‍ദിഷ്ട രാമപുരം റെയില്‍വേ സ്റ്റേഷന്‍ വരെ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് അങ്കമാലി-ശബരി റെയില്‍വേക്കായി കല്ലിട്ട് തിരിച്ചിട്ടുള്ളത്. പിഴക് വരെ മാത്രമാണ് റവന്യു-റെയില്‍വേ സംയുക്ത സര്‍വേ നടത്തി സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. രാമപുരം മുതല്‍ എരുമേലി സ്റ്റേഷന്‍ വരെ ഏരിയല്‍ സര്‍വേ മാത്രമാണ് പൂര്‍ത്തിയായത്. എരുമേലിയിലെ സ്റ്റേഷന്റെ സ്ഥാനം സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.

ഈ റെയില്‍ പാത ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജ്ജം പകരുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ദേശീയപാത 66-ല്‍ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.

അങ്കമാലി മുതല്‍ കാലടി വരെയുള്ള 7 കിലോമീറ്റര്‍ ദൂരത്തെ നിര്‍മ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാല്‍ (lapsed) നടപടികള്‍ വീണ്ടും ആദ്യഘട്ടം മുതല്‍ (De Novo) തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയില്‍വേ ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.

പദ്ധതി ചെലവിന്റെ 50 ശതമാനം കിഫ്ബി (KIIFB) ഫണ്ടിംഗിലൂടെ വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ 2021 ല്‍ അറിയിച്ചിരുന്നു. ആ സമയത്ത് 2,815 കോടി രൂപയായിരുന്ന പദ്ധതി ചെലവ് നിലവില്‍ 3,800.9 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ പകുതി വിഹിതമാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക.

ശബരി പദ്ധതിക്കായി 303.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാന്‍ 1361 കോടി രൂപയും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് 2439.93 കോടി രൂപയും ചിലവ് വരും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ റവന്യു അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് റെയില്‍വേ പദ്ധതിക്ക് വേണ്ടി പണം നല്‍കേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നത്. സംസ്ഥാനത്തെ ദേശീയപാത പദ്ധതിക്കും 5580 കോടി രൂപ കിഫ്ബി വഴി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.