തിരുവല്ല: ജനിതക രക്തരോഗത്താല്‍ വലയുന്ന സഹോദരങ്ങളായ മൂന്ന് കുരുന്നുകള്‍ മൂലകോശ ദാതാവിനെ തേടുന്നു. ജനനം മുതല്‍ ജനിതക രക്ത രോഗമായ ബീറ്റാ തലസീമിയ മേജര്‍ എന്ന രോഗം മൂലം ബുദ്ധിമുട്ടുന്ന ചങ്ങനാശേരി കാക്കാംതോട് മഠത്തില്‍പറമ്പില്‍ മുബാറക്കിന്റെയും സൈബുന്നിസയുടെയും മൂന്ന് മക്കളാണ് രോഗത്താല്‍ വലയുന്നത്. മൂന്ന് മക്കളെയും രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കുടുംബം.

അഹമ്മദ് ഫൈസി (12), ഫൈഹ മെഹ്‌റിന്‍ (11), അഹമ്മദ് ഫൈസ് (7) എന്നിവരാണ് ജനനം മുതല്‍ രോഗത്താല്‍ ബുദ്ധിമുട്ടുന്നത്. രക്ത മൂലകോശ ദാതാക്കളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ഈ കുട്ടികളുടെ ചികിത്സ ഇനി മുന്നോട്ടുപോകൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. നിലവില്‍ മാസത്തില്‍ രണ്ട് പ്രാവശ്യം രക്തം സ്വീകരിച്ചാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടികളുടെ ചികിത്സയ്ക്കായി ഒരു കോടിയോളം രൂപ വേണം.

ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന മുബാറക്ക് മക്കളുടെ ചികിത്സയ്ക്കായി ഒരു കോടിയോളം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ നെട്ടോട്ടം ഓടുകയാണ്. മൂലകോശ ദാതാവിനെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ദുര്‍ബലപ്പെടുത്തുന്ന തലസീമിയ രോഗത്തിന് മൂലകോശം മാറ്റിവയ്ക്കല്‍ മാത്രമാണ് പരിഹാരം.

ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റീജനല്‍ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഹീമറ്റോ-ലിംഫോയിഡ് ഓങ്കോളജി ആന്‍ഡ് മാരോ ഡിസീസസില്‍ ഡോ. ചെപ്‌സി സി.ഫിലിപ്പിന്റെ ചികിത്സയിലാണ് കുട്ടികള്‍. മൂലകോശം സ്വീകരിക്കുന്നയാള്‍ ഒരു മാസത്തോളം ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.

രക്താര്‍ബുദത്തിനും രക്ത വൈകല്യങ്ങള്‍ക്കുമെതിരേ പോരാടുന്ന ഡികെഎംഎസ് ബിഎംഎസ്ടി ഫൗണ്ടേഷന്‍ ഇന്ത്യ മുഖേനയാണ് കുടുംബം മൂലകോശ ദാതാവിനെ തേടുന്നതെന്ന് ആശുപത്രി സിഇഒയുമായ ഡോ.ജോര്‍ജ് ചാണ്ടി മറ്റീത്ര പറഞ്ഞു. 8089012322, 8089123222.