ലണ്ടന്‍: ഡാരാ കൊടുങ്കാറ്റില്‍ 2 ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടപ്പോള്‍, നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണപ്പോള്‍, വൈദ്യുത കമ്പികളും പോസ്റ്റുകളും നിലം പതിച്ചു. പല വീടുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടത് 24 മണിക്കൂറിലേറെ സമയം. ഞായറാഴ്ച രാവിലെ 9 മണിവരെ 2 ലക്ഷത്തോളം വീടുകളിലായിരുന്നു വൈദ്യുതി വിതരണം തടസ്സപ്പെട്ടതെന്ന് എനര്‍ജി നെറ്റ്വര്‍ക്ക് അസ്സോസിയേഷന്‍ അറിയിച്ചു. എന്നാല്‍, ഇതിനോടകം അവയില്‍ പലതിലും വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടുണ്ട്.

കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങളുടെ ഭയാനകമായ ദൃശ്യങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ പലതും വൈറലാവുകയും ചെയ്തു. വെയ്ല്‍സില്‍ ഒരു റഗ്ബി ക്ലബ്ബിന്റെ മേല്‍ക്കൂര കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി നിലത്ത് പതിച്ചതില്‍ നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍, അടുത്തു നിന്നിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 50 വെള്ളപ്പൊക്ക മുന്നറിയിപ്പുകളൂം 130 വെള്ളപ്പൊക്ക അലേര്‍ട്ടുകളുമായിരുന്നു ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നത്. വെയ്ല്‍സില്‍ 20 അലര്‍ട്ടുകള്‍ നിലനിന്നിരുന്നു.

ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരിച്ചിരുന്നു. ലങ്കാഷയറില്‍, താന്‍ ഓടിച്ചിരുന്ന കാറിന് മേല്‍ മരം വീണാണ് ഒരു 40 കാരന്‍ മരിച്ചത്. ലിഥാം ടൗണ്‍ എഫ് സിയിലെ നോണ്‍ ലീഗ് കോച്ചിംഗ് ജീവനക്കാരനായ പോള്‍ ഫിഡ്‌ലറാണ് മരിച്ചതെന്ന് ഇന്നലെ തിരിച്ചറിഞ്ഞു. മരം വീണ് മരണമടഞ്ഞ മറ്റൊരാള്‍ ഒരു ക്യാബ് ഡ്രൈവറാണ്. കാറിന്റെ ഹോണ്‍ നിര്‍ത്താതെ അടിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഗുരുതരമായി പരിക്കെറ്റ ഇയാളെ കാറില്‍ നിന്നും മാറ്റി പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍വാളില്‍ ഒരു പശുത്തൊഴുത്തിന് മേല്‍ ലൈന്‍ കമ്പി പൊട്ടിവീണ് ഒന്‍പത് പശുക്കളും മരിച്ചു.

തെക്കന്‍ വെയ്ല്‍സിലും കാറുകള്‍ക്ക് മേല്‍ മരങ്ങള്‍ വീണെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏറ്റവുമധികം ദുരിതബാധ്യ സാധ്യതയുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ജനങ്ങളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ശക്തമായ കാറ്റില്‍ പറന്നുയരുന്ന മേല്‍ക്കൂരകളും, കടപുഴകി വീഴുന്ന മരങ്ങളും ജീവാപായമുണ്ടാക്കിയേക്കും എന്നതിനാലാണിത്. സെവേണ്‍ നദിക്ക് കുറുകെയുള്ള പ്രിന്‍സ് ഓഫ് വെയ്ല്‍സ് പാലവും, അടുത്തുള്ള സെവേണ്‍ പാലവും അടച്ചതിനാല്‍ ഈ പ്രദേശത്ത് കനത്ത ഗതാഗത തടസ്സമുണ്ടായി. പല ട്രെയിനുകളും വിമാന സര്‍വ്വീസുകളും കനത്ത കാറ്റിനാല്‍ തടസ്സപ്പെട്ടു.