- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവിശേഷ ഫലപ്രവചനം നടത്തിയ വിപികെ പൊതുവാള്‍; കലാമും കരുണാകരനും എംജിആറും ജയലളിതയും ആദരവോടെ കണ്ട നാരായണ പൊതുവാള്‍; 'നരേന്ദ്ര മോദിക്ക് അപൂര്‍വ ചക്രവര്‍ത്തി യോഗം' പ്രവചിച്ചത് പിന്‍ഗാമി മാധവ പൊതുവാളും; അമിത്ഷായും അദാനിയും വിശ്വസിക്കുന്ന ജ്യോതിഷ കുടുംബം; എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ച ജ്യോത്സ്യന്‍ മാധവ പൊതുവാളിന്റ കഥ
എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ച ജ്യോത്സ്യന്‍ മാധവ പൊതുവാളിന്റ കഥ
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ജ്യോത്സ്യരെ സന്ദര്‍ശിച്ചത് പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൂടിക്കാഴ്ച്ച കുടുംബവുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് എം വി ഗോവിന്ദന്‍ വിശദീകരിച്ചത്. എന്നാല്‍, ഗോവിന്ദന്‍ സന്ദര്‍ശിച്ച പയ്യന്നൂരിലെ ആ ജ്യോത്സ്യന്‍ ചില്ലറക്കാരനല്ല. ഇന്ത്യയിലെ ഉന്നതന്‍മാര്‍ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് കാണാനെത്തുന്ന ജ്യോതിഷ പണ്ഡിതനാണ് മാധവ പൊതുവാള്‍.
ജ്യോതിഷ രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുടുംബ പാരമ്പരമുള്ള പൊതുവാള്‍ കുടുംബത്തിലെ ഇപ്പോഴത്തെ കണ്ണിയാണ് മാധവ പൊതുവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി, സുപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങി മാധവപൊതുവാളിനെ സമീപിക്കാനെത്തുന്നവര്‍ ഇന്ത്യയിലെ തന്നെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് രംഗത്തെ ഉന്നതരാണ്.
അധികാര കേന്ദ്രങ്ങളിലുള്ളവരുമായി പൊതുവാളിന്റെ ബന്ധം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. 2010ല്‍ സൊഹ്റാബുദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷാക്കെതിരെ നടപടി നേരിട്ട സമയത്ത് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള മൂന്ന് പേര്‍ പയ്യന്നൂരില്‍ ജാതകവുമായി വന്ന് കണ്ടിരുന്നു. അന്നത്തെ സംഭവത്തെക്കുറിച്ച് മാധവപൊതുവാള്‍ പറയുന്നതിങ്ങനെ, അന്ന് എനിക്ക് അമിത് ഷായെ അറിയില്ലായിരുന്നു. എന്റെ ബന്ധുവായ സുധ മേനോന്‍ ആണ് എന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് പരിചയപ്പെടുത്തുന്നത്. അവര്‍ക്ക് എന്റെ വീട്ടില്‍ മൂന്ന് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു, പക്ഷേ കേസില്‍ നിന്ന് അദ്ദേഹം എപ്പോള്‍ മോചിതനാകുമെന്ന് ഞാന്‍ കൃത്യമായി പ്രവചിച്ചു. അത് യാഥാര്‍ത്ഥ്യമായി. അതോടെയാണ് അദ്ദേഹവുമായുള്ള ബന്ധത്തിന് തുടക്കമാകുന്നത്.'
അടുത്ത വര്‍ഷം, അമിത് ഷാ പയ്യന്നൂരിലെത്തി. പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേക്കും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കും കൊണ്ടുപോയത് പൊതുവാള്‍ ആണ്. 'സ്വര്‍ണ കുട പൂജ', 'സ്വര്‍ണ വേല്‍' തുടങ്ങിയ വഴിപാടുകള്‍ നിര്‍ദേശിച്ചു. അദ്ദേഹം അതെല്ലാം വളരെ സന്തോഷത്തെയാണ് പൂര്‍ത്തീകരിച്ചത്. പയ്യന്നൂര്‍, ബെംഗളൂരു, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഞങ്ങള്‍ പലതവണ കണ്ടുമുട്ടി. കഴിഞ്ഞ മാസത്തെ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിനിടയിലും അദ്ദേഹം എന്നെ ഇവിടെ കാണാന്‍ വന്നു.
നരേന്ദ്ര മോദിക്ക് ചക്രവര്‍ത്തി യോഗം പ്രവചിച്ചു
നരേന്ദ്ര മോദിക്ക് ചക്രവര്‍ത്തി യോഗമുണ്ടെന്ന് പ്രവചിച് ജ്യോത്യനാണ് മാധവ പൊതുവാള്‍. ആ പ്രവചനം സത്യമാകുന്ന വിധത്തിലാണ് മോദിയുടെ ഭരണം മുന്നോട്ടു പോകുന്നത്. 2012 ല്‍, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാധവ പൊതുവാള്‍ അദ്ദേഹത്തെ കാണുന്നത്. ജാതകം പരിശോധിച്ചപ്പോള്‍, അതില്‍ ഒരു അപൂര്‍വ 'ചക്രവര്‍ത്തി യോഗം', ഉണ്ടെന്ന് അദ്ദേഹം മോദിയോട് പറഞ്ഞു. 'രണ്ട് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം പ്രധാനമന്ത്രിയായി, പൊതുവാള്‍ പറഞ്ഞു. ആ കൂടിക്കാഴ്ചയില്‍ തുടങ്ങിയ ബന്ധം ഇന്നും തുടരുന്നുണ്ട്.
രാഷ്ട്രീയത്തിലേയ്ക്കുള്ള ബന്ധങ്ങളുടെ തുടക്കം കുറിച്ചത് അമിത് ഷാ ആണെങ്കില്‍, അദാനി മാധവ പൊതുവാളിന്റെ സുഹൃത്തായി. 2021ലാണ് അദാനി മാധവപൊതുവാളിനെ പയ്യന്നൂരില്‍ സന്ദര്‍ശിക്കുന്നത്. അതേദിവസം തന്നെ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഞാനാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ അവകാശപ്പെട്ടു, പൊതുവാള്‍ പറഞ്ഞു. അതെല്ലാം നുണയാണ്. അദാനി വിമാനത്തില്‍ കയറിയ നിമിഷം മുതല്‍ അദ്ദേഹം പോകുന്നത് വരെ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ ശ്രീ രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു. അദ്ദേഹം എന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചു. ജ്യോതിഷവും കുടുംബകാര്യങ്ങളും ചര്‍ച്ച ചെയ്തു. പ്രധാന പദ്ധതികള്‍ക്ക് മുമ്പ് അദ്ദേഹം ഇപ്പോഴും എന്റെ ഉപദേശം തേടാറുണ്ട്. 2011 മുതല്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ വരാറുണ്ട്. അമിത് ഷായും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്ന് മാധവ പൊതുവാള്‍ വെളിപ്പെടുത്തിയിരുന്നത്.
''ഞാന്‍ ജ്യോതിഷക്കാരനാണെങ്കിലും അദാനിയെ ഒരു കുടുംബ സുഹൃത്തായാണ് കാണുന്നത്. ഗൗതം അദാനിയുടെ അനുജനായ രാജേഷ് അദാനി അഞ്ച്-ആറ് പേര്‍ അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് വന്നത്. അദാനിയും ഭാര്യയും മക്കളും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നു. ഞാന്‍ തന്നെയാണ് സ്വീകരിച്ചത്. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തില്‍ പോകേണ്ടതുകൊണ്ട് അവിടെ തൊഴുതിട്ട് പയ്യന്നൂരിലും തൊഴുതു. എന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് വൈകുന്നേരം അവര്‍ പോയി. പക്ഷെ, അതിന്റെ ഇടയില്‍, അദ്ദേഹം പോകുന്നതുവരെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം തളിപ്പറമ്പ് അമ്പലത്തില്‍ തൊഴുത് എയര്‍പോര്‍ട്ടില്‍ വിടുന്നതുവരെ ഒപ്പമുണ്ട്. അതിനിടയില്‍ മറ്റൊരാളും ഞങ്ങളുടെ വീട്ടിലേക്ക് കടന്നിട്ടില്ല- ഇതായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍.
1915ല്‍ സ്ഥാപിക്കപ്പെട്ട ജ്യോതിഷ സദനം
1915ലാണ് പയ്യന്നൂരില്‍ ജ്യോതിഷ സദനം സ്ഥാപിക്കപ്പെട്ടത്. കുഞ്ഞിക്കണ്ണ പൊതുവാളായിരുന്നു സ്ഥാപനം. ജ്യോതിഷം പഠിപ്പിക്കലായിരുന്നു ലക്ഷ്യം. വിപികെ പൊതുവാള്‍ എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തെ രാജ്യത്തെ ജ്യോതിഷ പണ്ഡിതരില്‍ അഗ്രഗണ്യനായി കണക്കാക്കപ്പെട്ടിരുന്നു. വികെപി പൊതുവാളിനെ കേന്ദ്രസര്‍ക്കാര്‍ പണ്ഡിറ്റ് ബഹുമതിയും കാഞ്ചി കാമകോടി ശങ്കരാചാര്യര്‍ ഗണിത ജ്യോതിഷ ചക്രവര്‍ത്തി ബഹുമതിയും അയോധ്യയിലെ സംസ്‌കൃത പരിഷത്ത് ജ്യോതിര്‍ഭൂഷണം ബഹുമതിയും ഗുരുവായൂര്‍ ദേവസ്വം ജ്യോതിഷ തിലകം ബഹുമതിയും നല്‍കി ആദരിച്ചിട്ടുണ്ട്. വി.പി.കെ. പൊതുവാളാായിരുന്നു ഉത്തര മലബാര്‍ മഞ്ചാംഗവും കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പഞ്ചാംഗത്തിന്റെ മലയാളം പതിപ്പും തയ്യാറാക്കിയിരുന്നു.
ഇതേ കുടുംബത്തിലെ മറ്റൊരു പ്രമുഖ ജ്യോതിഷ പണ്ഡിതനായിരുന്നു അച്ചംവീട്ടില്‍ നാരായണ പൊതുവാള്‍. കണിശവും സവിശേഷവുമായ ഫലപ്രവചനങ്ങളാണ് പൊതുവാളെ പ്രശസ്തനാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല പ്രമുഖ വ്യക്തികളും നാരായണ പൊതുവാളുടെ ജ്യോതിഷ ഉപദേശങ്ങള്‍ തേടിയെത്തിയിരുന്നു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം നാരായണ പൊതുവാളെ ഔദ്യോഗിക വസതിയില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍, മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, മുന്‍ കര്‍ണാടക മുഖ്യമന്ത്രി ദേവരാജ് അര്‍സ്, എം.ജി.ആര്‍. തുടങ്ങി നാരായണ പൊതുവാളുടെ ഉപദേശങ്ങള്‍ തേടിയിട്ടുള്ളവരുടെ നിര നീണ്ടതാണ്. അതില്‍ മന്ത്രിമാരും സിനിമാതാരങ്ങളും ഉള്‍പ്പെടും.
ശ്രീലങ്കയില്‍ പ്രസിഡന്റായിരുന്ന പ്രേമദാസയുടെ ജാതകം നോക്കാന്‍ നാരായണ പൊതുവാള്‍ പോയിട്ടുണ്ട്. കുഞ്ഞിക്കണ്ണ പൊതുവാളിന്റെ സഹോദരനായിരുന്നു അച്ചംവീട്ടില്‍ നാരായണ പൊതുവാള്‍. ഇവരുടെ പിന്‍ഗാമിയായാണ് മാധവ പൊതുവാള്‍ ജ്യോതിഷ സദനത്തിന്റെ അമരക്കാരനായത്.
'ജയലളിത രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഞാന്‍ ഒരിക്കല്‍ അവരുടെ ജാതകം കണ്ടിരുന്നുവെന്ന് മാധവപൊതുവാള്‍ പറയുന്നു. തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ അമ്മയായ സ്വരസ്വതിയമ്മയാണ് അത് എനിക്ക് നല്‍കിയത്, മാധവ പൊതുവാള്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയ രംഗം പ്രവചിക്കുന്നതില്‍ സമര്‍ത്ഥനാണെങ്കിലും, കേരളത്തിലെ കാര്യം വരുമ്പോള്‍ പൊതുവാള്‍ മൗനം പാലിച്ചു. ഒരുകാലത്ത് താന്‍ ഒരു കടുത്ത സിപിഎമ്മുകാരനായിരുന്നുവെന്ന് സമ്മതിക്കുന്നു.
'ഞങ്ങളുടെ ഗ്രാമം സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു. കാലക്രമേണ, കോണ്‍ഗ്രസ്, ബിജെപി നേതാക്കളുമായി അടുപ്പമുണ്ടായെന്നും മാധവ പൊതുവാള്‍ പറഞ്ഞു. ഇപ്പോള്‍ എല്ലാ പാര്‍ട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്. അവരില്‍ പലരും ജാതകം പരിശോധിക്കാന്‍ എന്നെ സമീപിച്ചിട്ടുണ്ട്. ഞാന്‍ ഒരു പ്രത്യേക പാര്‍ട്ടിയെയും പിന്തുടരുന്നില്ല, പക്ഷേ, വോട്ട് ചെയ്യുമ്പോള്‍ എനിക്ക് വ്യക്തമായ ഒരു തെരഞ്ഞെടുപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ വന്നു കണ്ടിരുന്നതായി പയ്യന്നൂരിലെ ജ്യോത്സ്യന്‍ എം.വി.മാധവ പൊതുവാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുടുംബസമേതമാണ് അദ്ദേഹം വീട്ടിലെത്തിയത്. വര്‍ഷങ്ങളായി സൗഹൃദമുള്ള അദ്ദേഹം കാല്‍മുട്ടില്‍ ശസ്ത്രക്രിയ നടത്തി വീട്ടില്‍ വിശ്രമിക്കുന്നതറിഞ്ഞു വന്നതാണ്. അല്ലാതെ ജാതകം നോക്കാനല്ല. അദ്ദേഹം ജാതകം നോക്കാന്‍ വരുമെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും കൂടിക്കാഴ്ച്ച വിവാദമായപ്പോല്‍ മാധവപൊതുവാള്‍ പ്രതികരിച്ചിരുന്നു.
ജ്യോതിഷിമാരുടെ വീട്ടില്‍ കയറാന്‍ പാടില്ലേ? സംസാരിക്കും, ബന്ധമുണ്ടാക്കും; അതിനര്‍ഥം അവരുമായി യോജിക്കുന്നു എന്നല്ല. സ്‌നേഹബന്ധവും ജ്യോതിഷവുമായി കൂട്ടിക്കലര്‍ത്തേണ്ടതില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കൊണ്ടാകാം സന്ദര്‍ശനം വിവാദമായത്. രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുമായും അടുത്തബന്ധമുണ്ട. പാര്‍ട്ടിയുടെ ഉന്നതനേതാവ് പയ്യന്നൂരിലെ ജ്യോത്സ്യനെ കണ്ടത് എന്തിനെന്ന ചോദ്യം സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു. അങ്ങനെയൊരു വിമര്‍ശനം നടന്നിട്ടില്ലെന്നാണ് കഴിഞ്ഞദിവസം എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. സംസ്ഥാന സമിതി അംഗം പി.ജയരാജനും അതു ശരിവച്ചിരുന്നു.