ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസ് എന്നാണ് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ അവരും സഹയാത്രികനും ചാനലിന് അഭിമുഖം നല്‍കിയിരിക്കുകയാണ്. തങ്ങളുടെ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. സുനിതാ വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറും സുപ്രഭാതം ആശംസിച്ചു കൊണ്ടാണ് അഭിമുഖം ആരംഭിക്കുന്നത്.

ഇവരുടെ ഭാവിയില്‍ ആശങ്കയിലായിരുന്ന ജനങ്ങളോട് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്ന ചോദ്യത്തിന് ബുച്ച് വില്‍മോര്‍ പറഞ്ഞത് അവരുടെ എല്ലാ പിന്തുണയ്ക്ക് എല്ലാ നന്ദിയും അറിയിക്കുന്നു എന്നാണ്. കഴിഞ്ഞ മാസം ലോകകോടീശ്വരനായ ഇലോണ്‍ മസ്‌ക്ക് ബൈഡന്‍ ഭരണകൂടം ഇവരെ രാഷ്ട്രീയ കാരണങ്ങളാലാണ് ഉപേക്ഷിച്ചതെന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു കാര്യം താന്‍ കേട്ടിട്ടില്ല എന്നാണ് വില്‍മോര്‍ മറുപടി നല്‍കിയത്.

മാത്രവുമല്ല താനും സുനിതാ വില്യംസും ഉപേക്ഷിക്കപ്പെട്ടവരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു ബഹിരാകാശ യാത്രികരും കഴിഞ്ഞ 266 ദിവസമായി ശൂന്യാകാശത്ത് കഴിയുകയാണ്. അടുത്ത മാസം ഇലോണ്‍ മസ്‌ക്കിന്റെ ശൂന്യാകാശ പേടകമായ സ്പേസ് എക്സില്‍ ഇവര്‍ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് എട്ട് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിന് വേണ്ടിയാണ് സുനിത വില്യംസും ബച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്.

ബോയിങ് നിര്‍മിച്ച സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ പേടകത്തിന്റെ യാത്രാ പരീക്ഷണത്തിന് വേണ്ടിയാണ് ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ചത്. യാത്രയ്ക്കിടെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇരുവരും സുരക്ഷിതമായി ബഹിരാകാശ നിലയത്തിലെത്തി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ടായ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് സുരക്ഷമുന്‍നിര്‍ത്തി ഇരുവരേയും അതേ പേടകത്തില്‍ തന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഇരുവരുടേയും ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നാണ് നാസ നല്‍കുന്ന വിവരം. ഇരുവരെയും 2025 ഫെബ്രുവരിയില്‍ തിരികെ എത്തിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും അത് മാര്‍ച്ച് മാസത്തില്‍ മാത്രമേ യാഥാര്‍ത്ഥ്യമാകൂ എന്നാണ് വിശ്വസിക്കപ്പെടുന്നത്. നാസയും ബോയിങ്ങ് കമ്പനിയും മാസങ്ങളോളം ശ്രമിച്ചിട്ടും സ്റ്റാര്‍ലൈനറിന്റ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത മാസം മടങ്ങിയെത്തി ഭാര്യയേയും രണ്ട് പെണ്‍മക്കളേയും കാണണമെന്നാണ് വില്‍മോറിന്റെ ആഗ്രഹം. ഇത്രയും ദീര്‍ഘകാലം ശൂന്യാകാശത്തില്‍ ജീവിച്ചത് ഇവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.