ജയ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഒരു പഞ്ചായത്ത് സ്ത്രീകൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കി. കുട്ടികൾ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാണ് ഈ നടപടിയെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ജനുവരി 26 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. 15 ഗ്രാമങ്ങളിലെ അവിവാഹിതരായ പെൺകുട്ടികൾക്കും മരുമക്കൾക്കുമാണ് ഈ വിലക്ക് ബാധകമാകുന്നത്. പൊതുചടങ്ങുകൾ, വിവാഹങ്ങൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവടങ്ങളിൽ സ്മാർട്ട്ഫോൺ കൊണ്ടുവരുന്നത് നിരോധിച്ചു.

പകരം ആശയവിനിമയത്തിനായി സാധാരണ കീപാഡ് ഫോണുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. സ്ത്രീകൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ അത് വാങ്ങാൻ വാശിപിടിക്കുന്നുവെന്നും ഇത് അവരുടെ കാഴ്ചശക്തിയെ ബാധിക്കുമെന്നുമാണ് കമ്മ്യൂണിറ്റി പ്രസിഡന്റ് സുജനറാം ചൗധരി പറയുന്നത്. കുട്ടികളുടെ ആരോഗ്യത്തിനായുള്ള മുൻകരുതൽ നടപടിയാണിതെന്ന് പഞ്ചായത്ത് അവകാശപ്പെടുന്നു. സ്കൂളിലും കോളേജിലും പഠിക്കുന്ന പെൺകുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി വീട്ടിലിരുന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ട്.

എന്നാൽ വീടിന് പുറത്തേക്ക് സ്മാർട്ട്ഫോൺ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഈ തീരുമാനം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സാമൂഹിക പ്രവർത്തകർ വിമർശിക്കുന്നു. പുരുഷന്മാർക്ക് ഇല്ലാത്ത നിയന്ത്രണം സ്ത്രീകൾക്ക് മാത്രം ഏർപ്പെടുത്തുന്നത് ലിംഗവിവേചനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഗാസിപുര, പാവലി, കൽദ, മനോജിയ വാസ്, രാജിക്വാസ്, ദതലവാസ്, രാജ്പുര, കോഡി, സിദ്രോഡി, അലാദി, റോപ്‌സി, ഖാനദേവൽ, സോധർ, ഭിന്മൽ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലാണ് നിരോധനം.