- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനിടെ സീരിയൽ നടിക്ക് കടിയേറ്റു; കടിയേറ്റത് ഭരതന്നൂർ ശാന്തയ്ക്ക്; തെരുവുനായകൾക്ക് ഇവർ വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് ജംഗ്ഷനിൽ കൊണ്ടുവന്ന് നൽകുന്നത് നടിയുടെ പതിവ്; പരിക്കേറ്റ ശാന്ത മെഡിക്കൽ കോളേജിൽ ചികിത്സയിൽ
തിരുവനന്തപുരം: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനിടയ്ക്ക് സീരിയൽ നടിക്ക് കടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സീരിയൽ നടിയും ആകാശവാണി ആർട്ടിസ്റ്റുമായിരുന്ന ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരിവീട്ടിൽ ഭരതന്നൂർ ശാന്ത (64)യെയാണ് നായ കടിച്ചത്. തെരുവുനായകൾക്ക് ശാന്ത വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് ജംഗ്ഷനിൽ കൊണ്ടുവന്ന് നൽകുന്നത്് ഇവർ പതിവായി ചെയ്യാറുള്ള കാര്യമാണ്. ഇതിനിടെയണ് തെരുവുനായ ഇവരെ ആക്രമിച്ചിരിക്കുന്നതും.
വ്യാഴാഴ്ച ഭക്ഷണം നൽകുന്നതിനിടയിലാണ് ഒരു നായ കടിച്ചത്. വലതുകൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംസ്ഥാനത്ത് 170 പ്രദേശങ്ങളിൽ ആക്രമണകാരികളായ തെരുവ് നായകൾ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്.. ഇതിന്റെ അടിസ്ഥാനത്തിൽ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ട് തെരഞ്ഞെടുത്തിരിക്കുന്നത്.
ഭരതന്നൂർ മാർക്കറ്റും ജംക്ഷനും കേന്ദ്രീകരിച്ച് 50 ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്. മാർക്കറ്റ് ഭാഗത്ത് ഉള്ള നായകൾക്കു 5 വർഷമായി ഭരതന്നൂർ ശാന്ത വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നു നൽകുന്നുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ നിന്ന് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 17 ഇടങ്ങളിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറിൽ കൂടുതലാണ്.
അതേസമയം കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിനിയെ തെരുവുനായ കടിച്ചു പരുക്കേൽപിച്ച സംഭവം അടക്കം ഉണ്ടായിരുന്നു. വാമനപുരം കുറ്റിമൂട് തിരുവമ്പാടിയിൽ ദിനേശിന്റെ മകൾ അഭയ(18)നാണ് പരുക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. അലഞ്ഞു തരിഞ്ഞു വന്ന നായ തുറന്നു കിടന്ന വാതിലൂടെ മുറിയിലേക്ക് പ്രവേശിച്ച് വിദ്യാർത്ഥിനിയുടെ കയ്യിൽ കടിക്കുകയായിരുന്നു. മുറിവേറ്റതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് അലഞ്ഞു തിരിയുന്ന നായ്ക്കൾ ഒട്ടേറെയാണ് മതിയായ ലൈസൻസോ പ്രതിരോധ കുത്തിവയ്പുകളോ എടുക്കാതെ നായ്ക്കളെ വളർത്തുന്നവരും നിരവധിയാണെന്നു പരാതിയുണ്ട്. കുറ്റിമൂട് ഗവ.എൽപിഎസിലേക്കു പോകുന്ന വിദ്യാർത്ഥികൾക്കും തെരുവു നായകൾ ഭീഷണിയാണെന്ന് രക്ഷാകർത്താക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ