ചെന്നൈ: ഒരുകോടിരൂപ ചെലവിട്ട് ചേര്‍ന്ന തന്നെ സര്‍വകലാശാല അനുവാദമില്ലാതെ ബിരുദാനന്തരതലത്തിലേക്കു മാറ്റിയതോടൊപ്പം വംശീയവിവേചനവും നടത്തി ഓക്സ്ഫഡ് സര്‍വകലാശാലയ്ക്കെതിരേ നിയമനടപടിക്കൊരുങ്ങി തമിഴ്നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥിനി. ഓക്സ്ഫഡില്‍ ഗവേഷണത്തിനുചേര്‍ന്ന മധുര സ്വദേശിനി ലക്ഷ്മി ബാലകൃഷ്ണനാണ് ആരോപണമുന്നയിച്ചത്. സര്‍വകലാശാലയുടെ അപ്പീല്‍വിഭാഗത്തില്‍നിന്ന് നീതി ലഭിക്കാത്തതിനാലാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും പറഞ്ഞു. ഏറെ ബഹുമാനത്തോടെ കണ്ട സ്ഥാപനത്തില്‍നിന്ന് തിരിച്ചടിനേരിട്ടതില്‍ ദുഃഖവും രേഖപ്പെടുത്തി.

ഇന്ത്യയില്‍നിന്ന് ഇരട്ട ബിരുദാനന്തരബിരുദംനേടിയശേഷമാണ് ലക്ഷ്മി പിഎച്ച്.ഡി.ക്കായി ഓക്സ്ഫഡില്‍ എത്തുന്നത്. നാലാംവര്‍ഷത്തെ പഠനത്തിനിടയില്‍ ലക്ഷ്മിയുടെ സമ്മതമില്ലാതെ പിഎച്ച്.ഡി തലത്തില്‍നിന്ന് മാസ്റ്റേഴ്സ് തലത്തിലേക്ക് മാറ്റി. സംഭവം മറ്റ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവാദമായത്.

യൂണിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് ഫാക്കല്‍റ്റിയില്‍ 2018 ഒക്ടോബറില്‍ ആയിരുന്നു ഷേക്‌സ്പിയറിനെ കുറിച്ചുള്ള പി എച്ച് ഡിക്കായി ലക്ഷ്മി ചേര്‍ന്നതെന്ന് അവര്‍ പറയുന്നു. തന്റെ നാലാം വര്‍ഷ പഠനത്തിന്റെ കണ്‍ഫര്‍മേഷന്‍ ഓഫ് സ്റ്റാറ്റസ് എന്നറിയപ്പെറ്റുന്ന ആഭ്യന്തര വിശകലനത്തിന് വന്ന വിദഗ്ദര്‍, ഷേക്‌സ്പിയര്‍ എന്നത് ഡോക്ടറേറ്റ് ലഭിക്കാനുള്ള മൂല്യമുള്ള വിഷയമല്ലെന്ന് പറഞ്ഞു തന്നെ പരാജയപ്പെടുത്തി എന്നാണ് ലക്ഷ്മി പറയുന്നത്. ഇത് യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

താന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തന്നെ താന്‍ ഷേക്‌സ്പിയറുമായി ബന്ധപ്പെട്ട തിസീസിലാണ് പി എച്ച് ഡി എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിരുന്നതായി അവര്‍ അവകാശപ്പെടുന്നു. താന്‍ അപേക്ഷിച്ച സമയം മുതല്‍ തന്നെ താന്‍ നിര്‍ദ്ദേശിച്ച പി എച്ച് ഡി തെസീസിന് സാധ്യതയുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍, തന്നെ പി എച്ച് ഡിയില്‍ പരാജയപ്പെടുത്തുക വഴി യൂണിവേഴ്‌സിറ്റി നടത്തുന്നത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ലക്ഷ്മി പറയുന്നു. യൂണിവേഴ്‌സിറ്റിയുടെ അപ്പീല്‍സ് ആന്‍ഡ് കമ്പ്ലെയിന്റ്സ് സംവിധാനത്തിന്റെ പ്രക്രിയകളെല്ലാം തന്നെ താന്‍ തികഞ്ഞ ശുഷ്‌കാന്തിയോടെ പിന്തുടര്‍ന്നു എന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇവയെല്ലാം തനിക്ക് എതിരാവുകയായിരുന്നു.

തന്റെ പി എച്ച് ഡി സ്ഥിരീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്ക് നീതി ലഭിക്കണം എന്നാണ് ലക്ഷ്മി ആവശ്യപ്പെടുന്നത്. 2021 ഡിസംബര്‍ മുതല്‍ തന്നെ താന്‍ യൂണിവേഴ്‌സിറ്റിക്കും സ്വതന്ത്ര അഡ്ജുഡിക്കേറ്ററുടെ ഓഫീസിലും നിരവധി അപേക്ഷകളും പരാതികളും നല്‍കി എന്നും അവര്‍ പറയുന്നു. എന്നാല്‍, പരിശോധകര്‍ വിദ്യഭ്യാസ വിദഗ്ധരാണെന്നും അവരുടെ അഭിപ്രായത്തെ അക്കാദമിക വിധി നിര്‍ണ്ണയമായി കണക്കാക്കാം എന്നുമുള്ള വാദത്തില്‍ തന്റെ പരാതികളൊക്കെ തന്നെ യൂണിവേഴ്‌സിറ്റിയും അഡ്ജുഡിക്കേറ്ററുടെ ഓഫീസും തള്ളിക്കളയുകയായിരുന്നു എന്നും അവര്‍ പറയുന്നു. അക്കാദമിക വിധി നിര്‍ണ്ണയം അംഗീകരിക്കാന്‍ താന്‍ ബാദ്ധ്യസ്ഥയാണെന്നും പറഞ്ഞു എന്ന് ലക്ഷ്മി പറയുന്നു.

എന്നാല്‍ തന്നെ നിര്‍ബന്ധിതമായി പിഎച്ച്.ഡിയില്‍നിന്ന് മാറ്റിയെന്നാണ് ലക്ഷ്മിയുടെ പരാതി. ഫാക്കല്‍റ്റിയുടെ തീരുമാനത്തിനെതിരേ ലക്ഷ്മി അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതേസമയം ഷേക്സ്പിയറെക്കുറിച്ചുള്ള ഗവേഷണത്തില്‍ വൈദഗ്ധ്യംനേടിയ രണ്ട് പ്രൊഫസര്‍മാര്‍ ലക്ഷ്മിയുടെ പ്രബന്ധം പിഎച്ച്.ഡിക്ക് പരിഗണിക്കാമെന്നവാദത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഓക്സ്ഫഡ് നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഓഫീസ് ഓഫ് ഇന്‍ഡിപെന്‍ഡന്റ് അഡ്ജുഡിക്കേറ്ററും (ഒ.ഐ.എ.) സര്‍വകലാശാലയുടെ തീരുമാനത്തിനൊപ്പംനിന്ന് മാസ്റ്റര്‍ കോഴ്‌സിലേക്കുള്ള മാറ്റത്തെ ശരിവെച്ചു. ഇത് വംശീയപക്ഷപാതമാണെന്നാണ് ലക്ഷ്മി പറയുന്നത്.

താന്‍ പരിശോധകരുടെ അക്കാദമിക വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വംശീയ വിവേചനത്തിന്റെയും, നടപടിക്രമങ്ങളിലെ അതാര്യതയുടെയും പേരിലാണ് അക്കാദമിക വിധി നിര്‍ണ്ണയത്തെ എതിര്‍ക്കുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 1 ലക്ഷം പൗണ്ടോളം ചെലവഴിച്ചാണ് താന്‍ ഇതുവരെ പഠിച്ചതെന്നും തന്റെ പി എച്ച് ഡി തിസീസ് സമര്‍പ്പിക്കുവാനും അതുകഴിഞ്ഞുള്ള ഫൈനല്‍ വിവ എടുക്കുവാനും അനുവദിക്കണമെന്നാണ് ലക്ഷ്മി ഇപ്പോള്‍ ആവശ്യപ്പെടുന്നത്.