- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ 'തീവ്രവാദി' എന്ന് വിളിച്ച് അധിക്ഷേപിച്ചു; ബെംഗളൂരുവിൽ പ്രൊഫസർക്ക് സസ്പെൻഷൻ; വിദ്യാർത്ഥിയെ പിന്തുണച്ചവർക്കെതിരെ നടപടിയെന്നും ആരോപണം; അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: ക്ലാസ് മുറിയിൽ മുസ്ലിം വിദ്യാർത്ഥിയെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ ബെംഗളൂരു പിഇഎസ് സർവകലാശാലയിലെ അധ്യാപകന് സസ്പെൻഷൻ. പ്രൊഫസർ മുരളീധർ ദേശ്പാണ്ഡെക്കെതിരെയാണ് സർവകലാശാല അധികൃതർ നടപടിയെടുത്തത്. ക്ലാസ്സിൽ നിന്ന് പുറത്തുപോകാൻ അനുമതി ചോദിച്ച വിദ്യാർത്ഥിയെ പ്രൊഫസർ ക്രൂരമായി അധിക്ഷേപിക്കുകയായിരുന്നു. പതിമൂന്ന് തവണ തന്നെ 'തീവ്രവാദി' എന്ന് വിളിച്ച് ആക്ഷേപിച്ചതായും മോശം വാക്കുകൾ ഉപയോഗിച്ചതായും വിദ്യാർത്ഥി നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സഹപാഠികൾ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് പുറംലോകമറിഞ്ഞത്. ക്ലാസ് മുറിയിൽ ചെക്ക് പാറ്റേണുള്ള ഹാഫ് സ്ലീവ് ഷർട്ട് ധരിച്ചെത്തിയ പ്രൊഫസർ വിദ്യാർത്ഥിക്ക് നേരെ ആക്രോശിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. "നിനക്ക് നാണമില്ലേ" എന്ന് ചോദിച്ച പ്രൊഫസർ തൊട്ടുപിന്നാലെ വിദ്യാർത്ഥിയെ തീവ്രവാദി എന്ന് വിളിക്കുകയായിരുന്നു. വീഡിയോ പ്രചരിക്കുകയും വിദ്യാർത്ഥി രേഖാമൂലം പരാതി നൽകുകയും ചെയ്തതോടെ, സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് അധികൃതർ നടപടി സ്വീകരിച്ചത്.
വിഷയത്തിൽ വിശദമായ അന്വേഷണം പൂർത്തിയാകുന്നത് വരെ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി വൈസ് ചാൻസലർ അറിയിച്ചു. എന്നാൽ സസ്‌പെൻഷൻ ഉത്തരവിൽ പരാതിയുടെ കൃത്യമായ സ്വഭാവം വ്യക്തമാക്കിയിട്ടില്ല. അധിക്ഷേപത്തിനിരയായ വിദ്യാർത്ഥിയെ പിന്തുണച്ച മറ്റ് മൂന്ന് വിദ്യാർത്ഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ മറ്റ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്നാണ് സൂചന.
ഇക്കാര്യത്തിൽ സർവകലാശാല ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം, കുറ്റാരോപിതനായ അധ്യാപകൻ സർവകലാശാലയിലെ സ്ഥിരം ജീവനക്കാരനല്ലെന്ന് വിസി വ്യക്തമാക്കി. ക്ലാസ് മുറിയിലെ അച്ചടക്കമില്ലായ്മയോടുള്ള സ്വാഭാവിക പ്രതികരണമായിരിക്കാം ഇതെങ്കിലും അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അങ്ങേയറ്റം ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണെന്നും അധികൃതർ പറഞ്ഞു.


