- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ടോര്‍ച്ച് വച്ചു കുട്ടിയെ അടിച്ചതോടെ ഭാര്യയെ അമ്മയുടെ വീട്ടില്‍ കൊണ്ടാക്കിയ ഭര്‍ത്താവ്; ഒരു മാസം മുമ്പ് അമ്മയും സഹോദരിയും ചേര്‍ന്ന് പ്രശ്നം പരിഹരിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടു ചെന്നാക്കി; മകള്‍ക്ക് മാനസിക പ്രശ്‌നമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വാങ്ങിയെന്ന് അമ്മ; പരസ്പരം കുറ്റപ്പെടുത്തി സന്ധ്യയുടെ വീട്ടുകാരും സുഭാഷും; കുടുംബ പ്രശ്നം ഉറപ്പ്; കല്യാണിയുടെ കൊലയില്‍ പ്രതി അമ്മ മാത്രമോ?
കൊച്ചി: മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് മൂന്ന് വയസ്സുകാരിയെ കൊന്ന സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. പുത്തന്‍കുരിശ് മറ്റക്കുഴി കീഴ്പ്പിള്ളി സുഭാഷിന്റെ മകള്‍ കല്യാണിയാണ് മരിച്ചത്. എട്ടുമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 2.15നാണ് കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനൊപ്പമാണ് വിവാദങ്ങള്‍. കല്യാണിയുടെ അമ്മ സന്ധ്യ ഇപ്പോള്‍ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. എറണാകുളം റൂറല്‍ പൊലീസ് സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സന്ധ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സന്ധ്യയ്ക്ക് മാനസിക പ്രശ്‌നമുള്ളതായും കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം സന്ധ്യയെ സ്വന്തം വീട്ടിലേക്ക് അയയ്ക്കാന്‍ ഭര്‍ത്താവ് സുഭാഷ് തയാറായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, സന്ധ്യയുടെ ബന്ധുക്കുളുടെ ആരോപണം സുഭാഷ് തള്ളി. സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ല. കുടുംബവഴക്കുമില്ല. മക്കളെ മുമ്പും കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു- സുഭാഷ് പറഞ്ഞു. ഇതാണ് ദുരൂഹത കൂട്ടുന്നത്. വിശദ അന്വേഷണം പോലീസ് നടത്തും. സംഭവത്തില്‍ കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിനാണ് പൊലീസിന്റെ തീരുമാനം. സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന വാദം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
അമ്മയ്ക്കൊപ്പം യാത്രചെയ്യവേ കല്യാണിയെ കാണാതായെന്ന വാര്‍ത്ത വൈകിട്ട് ഏഴരയോടെ പുറത്തുവന്നതുമുതല്‍ നാടുമുഴുവന്‍ തിരച്ചിലിലായിരുന്നു. സുഭാഷിന്റെ പരാതിയില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തതിനു പിന്നാലെ ജില്ലയിലും പുറത്തുമായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.30ന് കല്യാണിയെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു അമ്മ. ആലുവ വരെ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്ന് അമ്മ ആദ്യം പൊലീസിന് മൊഴി നല്‍കി. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തില്‍നിന്ന് എറിഞ്ഞതായി ഇവര്‍ പറഞ്ഞു. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തേക്ക് അമ്മയും കുട്ടിയും പോകുന്നതും തിരിച്ച് അമ്മ മാത്രം വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതോടെ ഇവിടേയ്ക്ക് തിരച്ചില്‍ കേന്ദ്രീകരിച്ചു. കനത്ത മഴയിലും പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരിച്ചിലിനിറങ്ങി. ഈ ശ്രമത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 13 വര്‍ഷം മുമ്പാണ് സുഭാഷും സന്ധ്യയും വിവാഹിതരായത്. മൂത്തത് ആണ്‍കുട്ടിയാണ്. വിവാഹം കഴിഞ്ഞതു മുതല്‍ പ്രശ്‌നമുണ്ടായിരുന്നു. വീട്ടു ജോലി ചെയ്യാനുള്ള മടിയില്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. സുഭാഷ് കൂലിപ്പണിക്കാരനായിരുന്നു. കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് തന്നെയാണ് പുറത്തു വരുന്ന എല്ലാ വാദങ്ങളും സ്ഥിരീകരിക്കുന്നത്.
കുഞ്ഞിനെ പുഴയില്‍ എറിയാന്‍ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ പൊലീസ് പരിശോധിക്കുന്നതിനിടെയാണ് പരസ്പരം കുറ്റപ്പെടുത്തി സന്ധ്യയുടെ കുടുംബവും സന്ധ്യയുടെ ഭര്‍ത്താവും രംഗത്ത് വരുന്നത്. സന്ധ്യയും ഭര്‍ത്താവ് സുഭാഷും തമ്മില്‍ വഴക്ക് പതിവാണെന്നും മര്‍ദ്ദിക്കാറുണ്ടെന്നുമാണ് സന്ധ്യയുടെ അമ്മയുടെ ആരോപണം. അമ്മ പറയുന്നത് ഇങ്ങനെ: 'ഇന്നലെ വൈകിട്ട് സന്ധ്യ ഇവിടെ വന്നിരുന്നു. ഒരു കൂസലും കാണിച്ചില്ല. എന്റെ കൈയ്യീന്ന് പോയിന്ന് പറഞ്ഞു. കൊച്ചെവിടെ എന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. രാത്രി ഏഴ് മണിക്കാണ് വന്നത്. ഇവിടെ മകള്‍ വന്നു നില്‍ക്കാറില്ല. അതിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിക്കാറില്ല. സന്ധ്യയും ഭര്‍ത്താവുമായി തര്‍ക്കം പതിവാണ്. സുഭാഷ് മര്‍ദ്ദിക്കാറുണ്ടെന്ന് സന്ധ്യ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകുന്നയാളല്ല സന്ധ്യ. എന്റെ മൂത്ത മകളുടെയത്ര കാര്യശേഷിയില്ല. വീട്ടുജോലി ചെയ്യുന്നതിലൊക്കെ മടിയാണ്. അത് പറഞ്ഞ് ഭര്‍ത്താവുമായി വഴക്ക് പതിവാണ്. കുട്ടികളെ ഇവിടെ നിര്‍ത്താന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ല. മകള്‍ക്ക് മാനസിക പ്രശ്‌നമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു. അത് പ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സൈക്യാട്രിസ്റ്റിനെ കാണിച്ച് പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കി-സന്ധ്യയുടെ അമ്മ പറയുന്നു.
അതേസമയം കുഞ്ഞിനെ സന്ധ്യ മുന്‍പും മര്‍ദ്ദിച്ചെന്നാണ് സുഭാഷ് ആരോപിച്ചത്. 'ഇന്നലെ കുഞ്ഞ് അങ്കണ്‍വാടിയില്‍ പോകില്ലെന്ന് പറഞ്ഞതാണ്. താന്‍ നിര്‍ബന്ധിച്ച് വിടുകയായിരുന്നു. സന്ധ്യയാണ് കുഞ്ഞിനെ അങ്കണ്‍വാടിയില്‍ വിട്ടത്. താന്‍ ജോലിക്കും പോയി. സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയമുണ്ട്. സന്ധ്യ നേരത്തെയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. ടോര്‍ച്ച് വെച്ച് കുഞ്ഞിന്റെ തലക്ക് അടിക്കുകയായിരുന്നു. ഇതോടെ സന്ധ്യയെ സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടു. ഒരു മാസം മുന്‍പാണ് അമ്മയും സഹോദരിയും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് സന്ധ്യയെ തിരികെ വിട്ടത്. അമ്മയും സഹോദരിയും പറയുന്നത് മാത്രമേ സന്ധ്യ അനുസരിക്കാറുള്ളൂ. ഇന്നലെ വൈകിട്ട് താന്‍ സന്ധ്യയെ വിളിച്ചിരുന്നു. മൂന്നരയ്ക്ക് വിളിച്ചപ്പോള്‍ കുക്കറിന്റെ വാഷര്‍ വാങ്ങണമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ സന്ധ്യയെ കണ്ടില്ല. വിളിച്ചപ്പോള്‍ മൂഴിക്കുളത്താണെന്ന് പറഞ്ഞു. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന് പറഞ്ഞു. രാത്രിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് വിളി വന്നത്.'-സുഭാഷ് പറയുന്നു.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് തിരുവാങ്കുളത്തു നിന്നു ആലുവയ്ക്കു യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. അങ്കണവാടിയില്‍ നിന്നു കുഞ്ഞിനെ കൂട്ടാനായാണ് സന്ധ്യ വീട്ടില്‍ നിന്നു പോയത്. എന്നാല്‍ തിരിച്ചു അമ്മയുടെ വീട്ടില്‍ വന്നപ്പോള്‍ കൂടെ കുഞ്ഞുണ്ടായിരുന്നില്ല. വൈകീട്ട് നാല് മണിയോടെ മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നുമാണ് സന്ധ്യ ആദ്യം മൊഴി നല്‍കിയത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവില്‍ അമ്മയില്‍ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. എട്ട് മണിയോടെ പുത്തന്‍കുരിശ് പൊലീസിനെ വിവരമറിയിച്ചു. അവര്‍ അന്വേഷണവും തുടങ്ങി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നല്‍കിയത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്ന് പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു.
മൂഴിക്കുളം ഭാ?ഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടി. ആലുവ ഡിവൈഎസ്പി പാലത്തിനു താഴെ പരിശോധിച്ച ശേഷം ആഴമുള്ള സ്ഥലമായതിനാല്‍ ആലുവയില്‍ നിന്നുള്ള യുകെ സ്‌കൂബ ടീമിനെ വിളിക്കുന്നു. 12.45നാണ് സ്‌കൂബ ടീം എത്തിയത്. പിന്നീടാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ ആരംഭിച്ചത്.