ആറന്മുള: കവയിത്രി സുഗതകുമാരിയുടെ ഒരു വര്‍ഷം നീണ്ടു നിന്ന നവതി ആഘോഷങ്ങളുടെ സമാപനത്തിന് ആറന്മുളയില്‍ തുടക്കമായി. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നവതി സമാപനം സംഘടിപ്പിച്ചിരിക്കുന്നത്. 22 വരെയാണ് പരിപാടികള്‍ നടക്കുക.

കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി സുഗത പരിചയ ശില്‍പ്പശാല, സുഗത കവിതാലാപനം, ഉപന്യാസ രചന തുടങ്ങിയ നിരവധി പരിപാടികളോടെയാണ് സുഗതോത്സവത്തിന് തുടക്കമായത്. ആറന്‍മുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തില്‍ നടന്ന സുഗത പരിചയം ശില്‍പ്പശാല മുന്‍ കേന്ദ്ര ക്യാബിനറ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ ഉത്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷം നവതി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭാവി തലമുറക്ക് പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനും സുഗതകുമാരിയെ അവരുടെ ഹൃദയത്തിലേക്ക് പകര്‍ന്നുനല്‍കുന്നതിനും സാധ്യമാക്കിയ സുഗത സൂഷ്മ വനംപദ്ധതിയാണ് ഏറെ ശ്രദ്ധേയമായതായും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സുഗതോത്സവം രണ്ടാം ദിവസമായ ഇന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ കുട്ടികള്‍ക്കൊപ്പം സുഗതകുമാരിയുടെ കുടുംബ വീടായ വഴുവേലില്‍ തറവാട്ടിലെ ഒന്നര ഏക്കര്‍ സ്ഥലത്തുള്ള സുഗതവനത്തില്‍ കുട്ടികള്‍ക്കൊപ്പം കഥ പറഞ്ഞും കവിത ചൊല്ലിയും വനയാത്ര നടത്തും. 22 ന് വൈകിട്ട് മൂന്നിന് സുഗതകുമാരിനവതി ആഘോഷ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉത്ഘാടനം ചെയ്യും. നവതി ആഘോഷക്കമ്മറ്റി അംഗം പന്യന്‍ രവീന്ദ്രന്‍ അധ്യക്ഷതവഹിക്കും. ബംഗാള്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസ് സുഗത നവതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീമന്‍ നാരായണന് സമ്മാനിക്കും.