തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ നടപടി വരും. പത്തനംതിട്ട എസ് പി പദവി സുജിത്തിന് നഷ്ടമാകും. പിവി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍വിളിയില്‍ സുജിത് ദാസ് സര്‍വ്വീസ് ചട്ടം ലംഘിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സുജിത് ദാസിനെതിരായ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടും പോലീസ് മേധാവി അഭിപ്രായം ആരായും. ഐപിഎസ് ഉദ്യോഗസ്ഥനായതു കൊണ്ട് നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്.

അന്‍വര്‍ എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റാണ്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനം നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. പത്തനംതിട്ട എസ്പിയാണ് സുജിത് ദാസ്. അതിനാലാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎല്‍എ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്‍വറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബും പരിപാടിയില്‍ പങ്കെടുക്കും. അതായത് അതിനിര്‍ണ്ണായക ചര്‍ച്ചകളും ഈ വേദിയില്‍ നടക്കാന്‍ സാധ്യത ഏറെയാണ്. സുജിത് ദാസിനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ വിവാദം ആളികത്തിക്കാതെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീര്‍ക്കാനാണ് പോലീസിലെ വലിയൊരു വിഭാഗത്തിന് താല്‍പ്പര്യം.

എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരെ ?ഗുരുതര ആരോപണങ്ങള്‍ തുടര്‍ന്ന് പി.വി അന്‍വര്‍ എം.എല്‍.എ സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. അതിന് തെളിവുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ കൊലകള്‍ നടന്നത്. ഇതില്‍ പ്രതികളായ ആളുകളെയുള്‍പ്പെടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അടുത്ത ദിവസം ഹാജരാക്കും. അജിത്കുമാര്‍ ദേശദ്രോഹിയാണെന്നും എം.എല്‍.എ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പത്തനംതിട്ട എസ്.പിയും മുന്‍ മലപ്പുറം എസ്.പിയുമായിരുന്ന സുജിത് ദാസിനെതിരെയും ?ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. എസ്.പി സുജിത് ദാസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഈ സ്വാധീനം ഉപയോഗിച്ചാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയത്. സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടാലും അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. സുജിത് ദാസ് നിയോ?ഗിച്ച പൊലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടും. പിടികൂടിയ സ്വര്‍ണത്തിന്റെ 60 ശതമാനം പൊലീസ് അടിച്ചുമാറ്റും. ബാക്കി കുറച്ചു സ്വര്‍ണമാണ് കസ്റ്റംസിന്റെ രേഖയില്‍ വരുന്നത്. കള്ളക്കടത്ത് സ്വര്‍ണമായതിനാല്‍ ആരും പരാതിയുമായി പോകില്ല. ഇതാണ് ഇവരുടെ രീതിയെന്നും അന്‍വര്‍ പറഞ്ഞു. എസ്.പി അവധിയില്‍ പോയത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും എം.എല്‍.എ ആരോപിച്ചു.

വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട എസ്.പിയായ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. പി.വി അന്‍വര്‍ എം.എല്‍.എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്. മലപ്പുറം എസ്.പി ക്യാംപ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എം.എല്‍.എയോട് മലപ്പുറം മുന്‍ എസ്.പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സന്ദേശമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.